പ്രീമിയം വില്ലകളുമായി കണ്ണൂരിലെ വിമുക്തഭട മള്‍ട്ടി പര്‍പ്പസ് സംഘം
വിമുക്ത ഭടന്മാരുടെ ക്ഷേമത്തിനായുളള കണ്ണൂര്‍ ജില്ല
എക്‌സ് സര്‍വീസ്‌മെന്‍ മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം
പഴയങ്ങാടി ആസ്ഥാനമായി 1986 നവംബര്‍ 26 നാണു
രജിസ്റ്റര്‍ ചെയ്തത്. 751 എ ക്ലാസ് അംഗങ്ങളുള്ള സംഘം
ആറര ഏക്കര്‍ സ്ഥലത്തു ആധുനിക സൗകര്യങ്ങളുള്ള
57 പ്രീമിയം വില്ലകള്‍ പണിയാന്‍ പോവുകയാണ്.
കമനീയമായി കെട്ടിയുയര്‍ത്തിയ ചെങ്കല്‍മതിലിന്റെ സുരക്ഷിതത്വത്തില്‍ 57 വില്ലകള്‍. മൂന്നു വ്യത്യസ്ത മോഡലുകളില്‍ ആകര്‍ഷകമായ വില്ലകള്‍. സ്വിംമ്മിഗ് പൂളും ക്ലബ്ബ് ഹൗസും ജിനേഷ്യവും ബാഡ്മിന്റന്‍ കോര്‍ട്ടും ഹെല്‍ത്ത് ക്ലിനിക്കുമെല്ലാമുളള വില്ലകള്‍. കണ്ണൂര്‍ ജില്ലയിലെ വിമുക്തഭടന്മാരുടെ സഹകരണസ്ഥാപനമായ എക്‌സ് സര്‍വീസ്‌മെന്‍ മള്‍ട്ടിപര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഏറ്റവും നൂതനമായ പ്രൊജക്ടാണു 57 പ്രീമിയം വില്ലകളുടെ നിര്‍മാണം.
ആറര ഏക്കറില്‍
57 വില്ലകള്‍
വിമുക്തഭടന്മാര്‍ക്കു പ്രത്യേക പരിഗണന നല്‍കിയാണു വില്ലകള്‍ നിര്‍മിക്കുന്നത്. മാതമംഗലം-പൊന്നമ്പാറ റോഡില്‍ പെരിങ്ങോം-കുപ്പോള്‍ ബസ്സ് സ്റ്റോപ്പിന് അഭിമുഖമായിട്ട് സൊസൈറ്റി വാങ്ങിയ 6.55 ഏക്കര്‍ സ്ഥലത്താണ് എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയ വില്ലകള്‍ ഉയരുക. സൊസൈറ്റി അംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് മുന്‍ഗണനാടിസ്ഥാനത്തിലായിരിക്കും വില്ലകള്‍ നിര്‍മിച്ചുനല്‍കുക. പൂര്‍ണ സുരക്ഷാസംവിധാനങ്ങളോടു കൂടിയതായിരിക്കും വില്ലകള്‍. ഇതിനായി സ്ഥലത്തിനു ചുറ്റും ചെങ്കല്‍മതില്‍ നിര്‍മിച്ചുകഴിഞ്ഞു. രണ്ട് കിടപ്പുമുറി, മൂന്നു കിടപ്പുമുറി, നാലു കിടപ്പുമുറി എന്നിങ്ങനെ ഓരോ വില്ലക്കും മാറ്റമുണ്ടാകുമെങ്കിലും ഡിസൈനിംഗ് ഏകീകൃത സ്വഭാവത്തോടു കൂടിയതായിരിക്കും. എന്നാല്‍, ഉള്‍മുറികളില്‍ ഉടമകളുടെ താല്‍പ്പര്യത്തിനനുസരിച്ചു മാറ്റങ്ങള്‍ വരുത്താം.
വില്ലകളിലേക്കു പൊതു നടപ്പാതകളുണ്ടാകും. കൂടാതെ വയോജനസൗഹൃദ അന്തരീക്ഷം, സ്വിമ്മിംഗ് പൂള്‍, ക്ലബ്ബ് ഹൗസ്, ഇ-ചാര്‍ജിംഗ് സ്റ്റേഷന്‍, ബാഡ്മിന്റണ്‍ കോര്‍ട്ട്, ജിംനേഷ്യം, ഹെല്‍ത്ത് ക്ലിനിക്ക്, സൂപ്പര്‍ മാര്‍ക്കറ്റ്, ജോഗിംഗ് ട്രാക്ക്, അണ്ടര്‍ ഗ്രൗണ്ട് അഴുക്കുചാല്‍ സംവിധാനം, സോളാര്‍ സ്ട്രീറ്റ് ലൈറ്റ്, കിഡ്‌സ് പൂള്‍, കിഡ്‌സ് പ്ലേ ഏരിയ, പെറ്റ്‌സ് പാര്‍ക്ക്, കുറ്റമറ്റ കുടിവെളളസംവിധാനം എന്നിവ ഏര്‍പ്പെടുത്തും. കിണര്‍ വെളളത്തോടൊപ്പം കുഴല്‍ക്കിണറും വാട്ടര്‍ അതോറിറ്റിയുടെ കുടിവെളളവും ഇവിടെ ലഭ്യമാക്കും. ഓരോ വില്ലയിലേക്കും എത്താന്‍ കഴിയുന്ന തരത്തില്‍ ഏഴ് മീറ്റര്‍ വീതിയില്‍ റോഡുണ്ടാകും. 24 മണിക്കൂറും എക്‌സ് സര്‍വീസ്‌മെന്‍ സെക്യൂരിറ്റി സംവിധാനവും ഏര്‍പ്പെടുത്തും. അഞ്ചു സെന്ററ് മുതല്‍ പത്തു സെന്റു വരെ സ്ഥലത്താണു വീടുകളുണ്ടാവുക. വീടും അതു നില്‍ക്കുന്ന പ്ലോട്ടുമാണ് ഉടമകള്‍ക്കു കൈമാറുക. വില്ലകള്‍ വാങ്ങാനുദ്ദേശിക്കുന്ന സൊസൈറ്റിയംഗങ്ങള്‍ക്കു പ്രത്യേക പരിഗണന നല്‍കും.
കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ പഴയങ്ങാടി ബസ്സ് സ്റ്റാന്റ് പരിസരത്തെ സ്റ്റാന്റ് വ്യൂ കോംപ്ലക്‌സിലാണ് എക്‌സ് സര്‍വീസ്‌മെന്‍ മള്‍ട്ടിപര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മെയിന്‍ ബ്രാഞ്ചിനു പുറമെ തളിപ്പറമ്പിലും കുഞ്ഞിമംഗലത്തും ഓരോ ബ്രാഞ്ചും പ്രവര്‍ത്തിക്കുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 751 ഏ ക്ലാസ് മെമ്പര്‍മാരും 628 സി ക്ലാസ് മെമ്പര്‍മാരും 17,388 ഡി ക്ലാസ് മെമ്പര്‍മാരും 6646 ഇ ക്ലാസ് മെമ്പര്‍മാരും സൊസൈറ്റിക്കുണ്ട്. 2021 -22 വര്‍ഷത്തില്‍ 217.23 കോടി രൂപയുടെ നിക്ഷേപങ്ങള്‍ ലഭിക്കുകയും 206.30 കോടി രൂപയുടെ നിക്ഷേപങ്ങള്‍ തിരിച്ചുനല്‍കുകയും ചെയ്തതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷാവസാനം 107.10 കോടി രൂപയുടെ നിക്ഷേപം ബാക്കിനില്‍പ്പുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം നിക്ഷേപത്തില്‍ 10.93 ശതമാനം വര്‍ധന കൈവരിക്കാന്‍ സംഘത്തിനു സാധിച്ചിട്ടുണ്ട്. സ്ഥിരനിക്ഷേപം, സേവിങ്‌സ് ബാങ്ക് നിക്ഷേപം, സ്റ്റുഡന്‍സ് എസ്.ബി, ഫ്‌ളക്‌സി സേവിങ്‌സ് ബാങ്ക് നിക്ഷേപം, കറന്റ് നിക്ഷേപം, ഗ്രൂപ്പ് നിക്ഷേപം, ദിന നിക്ഷേപം എന്നീ നിക്ഷേപപദ്ധതികള്‍ സംഘത്തില്‍ നിലവിലുണ്ട്.
വിവിധതരം
വായ്പകള്‍
ബിസിനസ് വായ്പ, സ്വര്‍ണപ്പണയ വായ്പ, വ്യക്തിഗത വായ്പ, ഭവന വായ്പ, ഗ്രൂപ്പ് നിക്ഷേപ വായ്പ, വാഹന വായ്പ എന്നിങ്ങനെ വിവിധ വായ്പകള്‍ സംഘം നല്‍കുന്നുണ്ട്. 200 യുവതികള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ വായ്പ നല്‍കിയിരുന്നു. വാഹനത്തിന്റെ 75 ശതമാനമാണു വായ്പയായി നല്‍കിയിരുന്നത്. 2023 ല്‍ 115 കോടി രൂപ നിക്ഷേപവും 88 കോടി രൂപ വായ്പയും 120 കോടി രൂപ പ്രവര്‍ത്തന മൂലധനുമുണ്ട്.
സംഘത്തിന്റെ പ്രധാന വരുമാനമാര്‍ഗമാണു ഗ്രൂപ്പ് നിക്ഷേപം. സംഘമിപ്പോള്‍ 1.10 കോടി രൂപയുടെ ചിട്ടിക്കു സമാനമായ ഗ്രൂപ്പ് നിക്ഷേപം നടത്തിവരുന്നുണ്ട്. 5,000 രൂപ മുതല്‍ 25,000 രൂപവരെ പ്രതിമാസ തവണകളായുളള പത്തു ലക്ഷം രൂപവരെ സലയുളള ഗ്രൂപ്പ് നിക്ഷേപമാണു നിലവിലുളളത്.
ക്ലാസ് വണ്‍ വിഭാഗത്തിലാണു കണ്ണൂര്‍ ജില്ലാ എക്‌സ് സര്‍വീസ്‌മെന്‍ മള്‍ട്ടിപര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇപ്പോഴുളളത്. 18 സ്ഥിരം ജീവനക്കാരും 11 കലക്ഷന്‍ ഏജന്റുമാരും ഇവിടെ ജോലി ചെയ്യുന്നു. ജി.ഐ. പൈപ്പ്, സ്‌ക്വയര്‍ പൈപ്പ്, റൂഫിങ്ങ് ഷീറ്റ് തുടങ്ങിയവ വില്‍ക്കുന്ന കോ-ഓപ്പ് സ്റ്റീല്‍സ് എന്ന സ്ഥാപനം ചെറുകുന്നു താവത്തും കോ-ഓപ് പെയിന്റ്‌സ് എന്ന സ്ഥാപനം കുഞ്ഞിമംഗലം-ആണ്ടം കൊവ്വലിലും സംഘത്തിനു കീഴിലുണ്ട്. ലോകോത്തര നിലവാരമുളള എല്ലാ കമ്പനികളുടെയും പെയിന്റ് കോ-ഓപ് പെയിന്റ്‌സില്‍ കിട്ടും. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 3.05 കോടി രൂപയുടെ വില്‍പ്പനയാണ് ഇവിടെ നടന്നത്.
1986 നവംബര്‍ 26 നു പഴയങ്ങാടി ആസ്ഥാനമായിട്ടാണു വിമുക്ത ഭടന്മാരുടെ ക്ഷേമത്തിനായുളള ഈ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തത്. 1993 മാര്‍ച്ച് ഒന്നിനു ബാങ്കിംഗ് മേഖലയിലേക്കു പ്രവേശിച്ചു. ടി. ജനാര്‍ദനന്‍ നമ്പ്യാര്‍ പ്രസിഡന്റായുളള ഭരണസമിതിയാണു സൊസൈറ്റി ഭരണത്തിന് ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നത്. കെ. നരേന്ദ്രന്‍ നമ്പ്യാര്‍, സി.വി. ബാലകൃഷ്ണന്‍, പി. ഗംഗാധരന്‍ നമ്പ്യാര്‍, സലോമിക്കുട്ടി ജോസ്, ടി.പി. ശശി, സാവിത്രി അമ്മ കേശവന്‍, കെ.ജെ. ലീലാമ്മ എന്നിവര്‍ ഡയരക്ടര്‍മാരും സി.വി. ധനലക്ഷ്മി സെക്രട്ടറിയുമാണ്.
പൂര്‍ണമായും വിമുക്തഭടന്മാരുടെ നിയന്ത്രണത്തിലാണു സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. ആര്‍.ടി.ജി.എസ്, നെഫ്റ്റ് സൗകര്യങ്ങളുണ്ട്. എ.ടി.എം. സൗകര്യവുമുണ്ട്. പഴയങ്ങാടി ബസ്സ് സ്റ്റാന്റിനു സമീപമായതിനാല്‍ വിമുക്തഭടന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എളുപ്പത്തില്‍ സൊസൈറ്റി കെട്ടിടത്തില്‍ എത്താന്‍ കഴിയും.
[mbzshare]