പ്രായോഗിക നടപടികളുമായി സഹകരണ വകുപ്പ് മുന്നോട്ട്
രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടാം പിണറായി
സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ സഹകരണവകുപ്പ്
ഏറ്റെടുത്ത കാര്യങ്ങളെല്ലാം സമയബന്ധിതമായി
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.
പ്രതിസന്ധികളെ അതിജീവിക്കാനുള്ള പ്രായോഗിക
നടപടികളാണു രണ്ടു വര്‍ഷമായി സഹകരണവകുപ്പ്
നടപ്പാക്കുന്നതു എന്നാണു പ്രോഗ്രസ്
റിപ്പോര്‍ട്ടിലെ അവകാശവാദം.
രണ്ടാം പിണറായിസര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സര്‍ക്കാരിന്റെ പോഗ്രസ് റിപ്പോര്‍ട്ടും പുറത്തിറക്കിയിട്ടുണ്ട്. പ്രകടനപത്രികയുടെ അടിസ്ഥാനത്തിലാണു പ്രോഗ്രസ് റിപ്പോര്‍ട്ട്. ഓരോ വാഗ്ദാനവും പാലിക്കുന്നതില്‍ രണ്ടു വര്‍ഷംകൊണ്ട് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. വകുപ്പു തിരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടില്ലെങ്കിലും സഹകരണത്തില്‍ രണ്ടു വര്‍ഷംകൊണ്ട് എന്തു മാറ്റങ്ങള്‍ ഉണ്ടായെന്നു പരിശോധിക്കാവുന്നതാണ്. കേരള ബാങ്ക് രൂപവത്കരണമായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോഴുണ്ടായിരുന്ന പ്രധാന വാഗ്ദാനം. അതിനാല്‍, കേരള ബാങ്കിന്റെ രൂപവത്കരണവും അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുമാണ് ഒന്നാം പിണറായിസര്‍ക്കാരിന്റെ കാലത്തു പറയാനേറെയുണ്ടായിരുന്നത്.
രണ്ടു പ്രളയമുണ്ടാക്കിയ ആഘാതം, കോവിഡ് വ്യാപനമുണ്ടാക്കിയ പ്രശ്‌നങ്ങള്‍ എന്നിവയിലെല്ലാം സഹകരണമേഖല എങ്ങനെ ജനങ്ങള്‍ക്കൊപ്പം നിന്നുവെന്നു പ്രത്യേകിച്ചു പറയാതെതന്നെ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കൊപ്പം എല്ലാവിധ സഹായവുമായി നില്‍ക്കാന്‍ അതതു പ്രദേശത്തെ സഹകരണസംഘങ്ങള്‍ക്കു കഴിഞ്ഞു. വീടില്ലാത്തവര്‍ക്കു വീടു നല്‍കുന്ന കെയര്‍ഹോം പദ്ധതി നടപ്പാക്കി. അതു രണ്ടാം പിണറായിസര്‍ക്കാരിലും തുടരുന്നുണ്ട്. ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. തൃശ്ശൂരില്‍ ഒന്നു പൂര്‍ത്തിയാക്കി. കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളിലായി നിര്‍മാണത്തിനുള്ള നടപടികള്‍ തുടങ്ങി. ഭരണത്തുടര്‍ച്ചപോലെ സഹകരണവകുപ്പിലും പദ്ധതിയുടെ തുടര്‍ച്ചയാണു രണ്ടാം പിണറായിസര്‍ക്കാരിന്റെ കാലത്ത് ഏറ്റെടുത്തിട്ടുള്ളത്. മൂന്നു നൂറുദിന കര്‍മപരിപാടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഏറ്റെടുത്തവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരണവകുപ്പിനു കഴിഞ്ഞിട്ടുണ്ട്. സുഭിക്ഷ കേരളം പദ്ധതിക്കു തുടര്‍ച്ചയായി തരിശുനിലക്കൃഷി നടത്തി. 500 ഏക്കര്‍ തരിശുഭൂമിയാണു സഹകരണസംഘങ്ങള്‍ കൃഷിയിടമാക്കി മാറ്റിയത്. പ്രതിസന്ധികളെ അതിജീവിക്കാനുള്ള പ്രായോഗികനടപടികളാണു രണ്ടു വര്‍ഷമായി സഹകരണവകുപ്പ് നടത്തുന്നതെന്നാണു പ്രോഗ്രസ് റിപ്പോര്‍ട്ടിലെ അവകാശവാദം.
ഇതുവരെ
ചെയ്തത്
കേന്ദ്ര ആദായനികുതിനിയമത്തില്‍ കൂട്ടിച്ചേര്‍ത്ത 184 എന്‍ എന്ന വകുപ്പ് പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാനത്തെ പ്രാഥമിക വായ്പാ സഹകരണസംഘങ്ങള്‍ ബാങ്കിങ് ബിസിനസ് അല്ല ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ട് പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്ന് ആദായനികുതി ഈടാക്കണമെന്നു കാണിച്ച് വകുപ്പ് നോട്ടീസ് നല്‍കുകയുണ്ടായി. ഈ നിയമത്തില്‍ പ്രസ്തുത വകുപ്പിന്റെ പരിധിയില്‍നിന്നു സംസ്ഥാനത്തെ സഹകരണ മേഖലയെ ഒഴിവാക്കണമെന്നു കാണിച്ച് കേന്ദ്ര സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു. അതിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഈ വിഷയത്തില്‍ വിവിധ സംഘങ്ങള്‍ ഹൈക്കോടതിയില്‍നിന്നു സ്‌റ്റേ ഉത്തരവുകള്‍ സമ്പാദിച്ചിട്ടുണ്ട്. അതുപോലെ 194 എ പ്രകാരം ടി.ഡി.എസ്. ഈടാക്കണമെന്ന വ്യവസ്ഥയും ആദായനികുതി വകുപ്പ് നടപ്പാക്കുന്നു. ഇതിനും സ്റ്റേ നേടിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളും ( പാക്‌സ് ) ഒരു ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതിനുള്ള സേവനദാതാക്കളെ തിരഞ്ഞെടുക്കുന്നതിനു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്.
കോര്‍ ബാങ്കിങ്ങിന്റെ ഭാഗമാകുന്നതോടെ സഹകരണ ബാങ്കുകളെ തദ്ദേശസ്ഥാപനങ്ങളുടെ ബാങ്കറാക്കി ഉയര്‍ത്തുമെന്നായിരുന്നു പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനം. ഇതിനായി പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നുണ്ടെന്നു വകുപ്പ് വിശദീകരിക്കുന്നു. പച്ചക്കറിക്കു തറവില നടപ്പാക്കുന്നതിനു കോ-ഓപ് മാര്‍ട്ടുകള്‍ സാര്‍വത്രികമാക്കാന്‍ 250 പ്രാഥമിക സഹകരണസംഘങ്ങളെ തിരഞ്ഞെടുത്തു നല്‍കണമെന്ന നിര്‍ദേശപ്രകാരം 220 സംഘങ്ങളുടെ പട്ടിക സര്‍ക്കാരിലേക്കു സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ 30 സംഘങ്ങള്‍ നാളികേരം സംഭരിച്ചും അല്ലാതെയും വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പദ്ധതിപ്രകാരം പാക്‌സ് ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ക്കു പ്രൊജക്ടിന്റെ അടിസ്ഥാനത്തില്‍ സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം അനുവദിച്ചിട്ടുണ്ട്.
കേരളത്തിന്റെ
ബാങ്ക്
ഒന്നാം പിണറായിസര്‍ക്കാരിന്റെ കാലത്തു രൂപവത്കരിച്ച കേരള ബാങ്ക് രണ്ടാംസര്‍ക്കാരിന്റെ കാലമാകുമ്പോഴേക്കും ശക്തമായ മൂലധന അടിത്തറയുള്ള കേരളത്തിന്റെ സ്വന്തം ബാങ്കായി മാറിക്കഴിഞ്ഞുവെന്നു സര്‍ക്കാര്‍ അവകാശപ്പെടുന്നു. കൃഷിക്കാര്‍ക്കും സംരംഭകര്‍ക്കും ആവശ്യമുള്ള പ്രവര്‍ത്തനമൂലധനം ലഭ്യമാക്കുകയാണു കേരള ബാങ്കിലൂടെ ലക്ഷ്യമിടുന്നത്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ബാങ്ക് ഏറ്റെടുക്കുന്നത്. കാര്‍ഷികവായ്പകള്‍ക്കു പുറമെ വ്യവസായസംരംഭങ്ങള്‍ക്കും കെ.ബി.മിത്ര-എം.എസ്.എം.ഇ., കെ.ബി. ജി.എസ്.ടി. മിത്ര, കെ.ബി. പ്രവാസി ഭദ്രത, കെ.ബി. സുവിദ പ്ലസ്, കെ.ബി. യുവമിത്ര, കെ.ബി. പ്രവാസി കിരണ്‍ തുടങ്ങിയ വായ്പാ പദ്ധതികള്‍ കേരള ബാങ്ക് നടപ്പാക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിഷ്‌ക്രിയ ആസ്തി കുറയ്ക്കുന്നതിനായി 2021 ഡിസംബര്‍ 30 മുതല്‍ 2022 മാര്‍ച്ച് 31 വരെ കേരള ബാങ്ക് നടപ്പാക്കിയ ക്യാമ്പയിനിലൂടെ 27.93 ശതമാനമായിരുന്ന എന്‍.പി.എ. 13.35 ശതമാനമാക്കി കുറച്ചു. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമനുസരിച്ചുള്ള ഏഴ് ശതമാനത്തിനു താഴെ എന്‍.പി.എ.യിലേക്ക് എത്തുന്നതിനായി 2023 ജനുവരി ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെ ബി ദി നമ്പര്‍ വണ്‍ ക്യാമ്പയിന്‍ നടപ്പാക്കി.
ഐ.ടി. ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിഷ്‌ക്രിയ ആസ്തി ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവന്നു റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന
എന്‍.പി.എ. ശതമാനം കൈവരിക്കുന്നതിനും മാദണ്ഡങ്ങള്‍ക്കനുസൃതമായി എന്‍.ആര്‍.ഐ. നിക്ഷേപം സ്വീകരിക്കുന്നതിനുമുള്ള അനുമതിക്കായി അപേക്ഷിക്കുമെന്നു കേരള ബാങ്ക് അറിയിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ വിശദീകരിക്കുന്നു. വായ്പാകാലതാമസം ഒഴിവാക്കി കര്‍ഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായി കിസാന്‍മിത്രം കെ.സി.സി. വായ്പകള്‍ നല്‍കുന്നു. സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കായി 1470 കോടി രൂപ 2021-22 ല്‍ കേരള ബാങ്ക് വിതരണം ചെയ്തു. നബാര്‍ഡ് സഹായത്തോടെ അനുവദിക്കുന്ന പാക്‌സ് ആസ് മള്‍ട്ടി സര്‍വീസ് സെന്റര്‍ പദ്ധതിപ്രകാരം നാലു ശതമാനം നിരക്കില്‍ 187 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ഫണ്ടില്‍ ഇതുവരെ 78 കോടി രൂപയുടെ വായ്പ കാര്‍ഷികാനുബന്ധ സംരംഭങ്ങള്‍ക്കു നല്‍കിയിട്ടുണ്ടെന്നും കേരള ബാങ്കിലൂടെ കൈവരിച്ച നേട്ടമായി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്.
നൂറുദിന
കര്‍മപദ്ധതി
സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതികളില്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയെന്നു സഹകരണ വകുപ്പ് അവകാശപ്പെടുന്നു. മൂന്നു തവണയാണു കര്‍മപദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ മൂന്നാം ഘട്ടത്തില്‍ 24 പദ്ധതികളാണു സഹകരണവകുപ്പ് ഏറ്റെടുത്തത്. ആരോഗ്യം, വിദ്യാഭ്യാസം, വായ്പാ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, കൃഷി, വിപണനം, പട്ടികവിഭാഗക്കാരുടെ ക്ഷേമം, വനിതാ സാമൂഹികക്ഷേമം തുടങ്ങിയ മേഖലകള്‍ക്കെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പദ്ധതികളായിരുന്നു ഇവ. സഹകരണ എക്‌സ്‌പോയാണു ഇതില്‍ പ്രധാനമായത്. സംസ്ഥാനത്തെ സഹകരണസംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കു ജനങ്ങളുടെയിടയില്‍ പ്രചാരമുണ്ടാക്കുകയായിരുന്നു എക്‌സ്‌പോയിലൂടെ സഹകരണവകുപ്പ് ലക്ഷ്യമിട്ടത്. ഇതു വിജയം കണ്ടു എന്നുപറയാം. ജനപങ്കാളിത്തംകൊണ്ടും അവതരണ മികവുകൊണ്ടും എക്‌സ്‌പോ മികച്ചുനിന്നു. പല സംഘങ്ങളും പുതിയ ഉല്‍പ്പന്നങ്ങള്‍ ഇവിടെവെച്ചുതന്നെ പുറത്തിറക്കി. രണ്ടു എക്‌സ്‌പോകളാണ് ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള സഹകരണമേഖല കൈവരിച്ച നേട്ടങ്ങള്‍ക്കും ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ മാതൃകകള്‍ക്കും ഉല്‍പ്പാദനരംഗത്തെ ശ്രദ്ധേയമായ ചുവടുവെയ്പുകള്‍ക്കും എക്‌സ്‌പോ വേദിയായി.
തൊഴിലന്വേഷകരുടെ നൈപുണ്യശേഷി വികസിപ്പിക്കുന്നതിനു വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും പരിശീലനം ലഭിക്കുന്നതിനായി കോഴ്‌സ് ഫീ വായ്പയായി നല്‍കുന്ന പുതിയ പദ്ധതി സഹകരണവകുപ്പ് പ്രഖ്യാപിച്ചു. അതാണ് ‘നൈപുണ്യം’ പദ്ധതി. പ്രളയവും കോവിഡും പ്രതിസന്ധിയിലാക്കിയ കച്ചവടക്കാരെ സഹായിക്കുന്നതിനു ‘സഹായഹസ്തം’ എന്ന പേരില്‍ മറ്റൊരു പദ്ധതിയും നടപ്പാക്കി. ഏറ്റവും താഴേത്തട്ടിലുള്ള ജനവിഭാഗങ്ങളായ ചെറുകിട – വഴിയോരക്കച്ചവടക്കാര്‍, ചെറുസംരംഭകര്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍ എന്നിവര്‍ക്കു പരസ്പരജാമ്യത്തില്‍ നിശ്ചിതത്തുക വായ്പയായി നല്‍കുന്ന പദ്ധതിയാണിത്. സഹകരണസംഘങ്ങളിലെ അംഗങ്ങള്‍ക്കു സൗരോര്‍ജ്ജമുപയോഗിച്ച് വൈദ്യുതി നിലയങ്ങള്‍ ആരംഭിക്കുന്നതിനായി സബ്‌സിഡിയോടെ വായ്പകള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണു പുതുതായി അവതരിപ്പിച്ച മറ്റൊന്ന്. ‘സൗരജ്യോതി’ എന്ന പേരിലാണിത്. കേന്ദ്ര സഹകരണമന്ത്രാലയം പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളിലൂടെ പുതിയ സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുമ്പുതന്നെ കേരളം ആ രീതിയിലുള്ള പദ്ധതി തയാറാക്കിയതു സംഘങ്ങള്‍ക്ക് ഏറെ നേട്ടമായി.
സംരക്ഷണനിധിയും
പുനര്‍ജനിയും
സഹകരണസംഘങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള രണ്ടു പദ്ധതികളാണു സഹകരണ സംരക്ഷണനിധിയും പുനര്‍ജനിയും. നിക്ഷേപം തിരിച്ചുകൊടുക്കാന്‍ കഴിയാത്തവിധം സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഒട്ടേറെ സംഘങ്ങള്‍ കേരളത്തിലുണ്ട്. ഭരണസമിതിയുടെ കെടുകാര്യസ്ഥതയും അഴിമതിയും അംഗങ്ങളുടെ സാമ്പത്തിക ശോഷണവും കുടിശ്ശിക പിരിച്ചെടുക്കാന്‍ കഴിയാത്ത സ്ഥിതിയും സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ഇവ കൃത്യമായി പരിശോധിച്ച് ഉറപ്പാക്കി തിരുത്തല്‍നടപടി സ്വീകരിക്കുകയെന്നതാണു സഹകരണവകുപ്പ് സ്വീകരിച്ച സമീപനം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തികത്തട്ടിപ്പ് പുറത്തുവരികയും നിക്ഷേപകര്‍ക്ക് അവരുടെ പണം തിരികെ കിട്ടാതാവുകയും ചെയ്തപ്പോഴാണ് ഇതിനുള്ള പരിഷ്‌കരണം സഹകരണമേഖലയില്‍ കൊണ്ടുവരാന്‍ സഹകരണവകുപ്പ് തീരുമാനിച്ചത്.
അഴിമതി ഇല്ലാതാക്കാന്‍ ഓഡിറ്റ് സംവിധാനം ശക്തമാക്കി. ആദ്യം പത്തനംതിട്ടയിലും പിന്നീട് തൃശ്ശൂരിലുമാണു ടീം ഓഡിറ്റ് നടപ്പാക്കിയത്. ഇപ്പോള്‍ സഹകരണവകുപ്പില്‍ ഓഡിറ്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഏഴു ജില്ലകളില്‍ ടീം ഓഡിറ്റ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം, വായ്പക്കുടിശ്ശിക തിരിച്ചുപിടിക്കുന്നതിനും നടപടിയുണ്ടായി. സഹകരണസംഘങ്ങളില്‍ നിന്നു വായ്പയെടുത്തവരില്‍ ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍ കേസുകളില്‍പ്പെട്ടവര്‍ക്ക് ഇളവുകളോടെ കേസുകള്‍ തീര്‍പ്പാക്കുന്നതിനും വായ്പകള്‍ അവസാനിപ്പിക്കുന്നതിനുമുള്ള പദ്ധതിയാണു നടപ്പാക്കിയത്. ഇതിനൊപ്പമാണു സാമ്പത്തികപ്രതിസന്ധി നേരിടുന്ന സംഘങ്ങള്‍ക്കു സരംക്ഷണമൊരുക്കാന്‍ സഹകരണനിധി രൂപവത്കരിച്ചത്. സര്‍ക്കാര്‍സഹായത്തോടെ ഒരു സഞ്ചിത നിധി രൂപവത്കരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. സാമ്പത്തികപ്രതിസന്ധി നേരിടുന്ന സംഘങ്ങള്‍ക്ക് ഈ നിധിയില്‍നിന്ന് അടിയന്തര സാമ്പത്തികസഹായം നല്‍കും. ഈ സംഘങ്ങളുടെ പ്രവര്‍ത്തനം വകുപ്പുദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാകും. സംഘം സാമ്പത്തികഭദ്രത നേടുമ്പോള്‍ നിധിയിലേക്കു പണം തിരിച്ചടയ്ക്കണം.
ദുര്‍ബലമായ സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി അവയെ പുനരുജ്ജീവിപ്പിക്കുക, സഹകരണമേഖലയിലെ നിക്ഷേപങ്ങള്‍ സമൂഹത്തിനു ഗുണകരമാകുന്ന വിധത്തില്‍ വിനിയോഗിക്കുക, സഹകരണമേഖലയിലെ നിക്ഷേപപദ്ധതികളെ പ്രോത്സാഹിപ്പിക്കുക, ലാഭകരമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ വൈവിധ്യമാര്‍ന്ന പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ സഹായിക്കുക എന്നിവയ്ക്കുള്ള പദ്ധതികളും സഹകരണവകുപ്പ് ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികവിഭാഗം സംഘങ്ങളെ സഹായിക്കുന്ന അത്തരം പദ്ധതിയാണു പുനര്‍ജനി. സംസ്ഥാനത്തെ എസ്.സി/എസ്.റ്റി സഹകരണസംഘങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള പദ്ധതിയാണിത്. സബ്‌സിഡിയോടെ പണമനുവദിച്ച് പട്ടികവിഭാഗം സംഘങ്ങളെ അതിലെ അംഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തനസജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സാമൂഹിക കാഴ്ചപ്പാടോടെ
പുതിയ സംഘം
സഹകരണമേഖലയിലേക്കു പുതിയ ജനവിഭാഗങ്ങളെ അടുപ്പിക്കുക എന്ന കാഴ്ചപ്പാട് ഒന്നും രണ്ടും പിണറായിസര്‍ക്കാരുകള്‍ പുലര്‍ത്തുന്നുണ്ട്. ട്രാന്‍സ്ജന്‍ഡേഴ്‌സിനായി പുതിയ സഹകരണസംഘം തുടങ്ങിയത് ഒന്നാം പിണറായിസര്‍ക്കാരിന്റെ കാലത്താണ്. യുവജനങ്ങള്‍ സഹകരണമേഖലയിലേക്ക് എത്തുന്നില്ലെന്നു കേരള ബാങ്കിനായി പഠനം നടത്തിയ ശ്രീറാം കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ത്തന്നെ പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാക്കള്‍ക്കായി പ്രത്യേക സഹകരണസംഘം ഈ സര്‍ക്കാരിന്റെ കാലത്തു രൂപം നല്‍കി. യുവജനങ്ങളുടെ തൊഴിലും വരുമാനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരെ സഹായിക്കാനായി സംസ്ഥാനത്തൊട്ടാകെ വിവിധ സേവനമേഖലകളിലായി 31 സഹകരണ സംഘങ്ങളാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുവജനങ്ങളെ സഹകരണമേഖലയിലേക്ക് ആകര്‍ഷിക്കാനും യുവജനങ്ങളുടെ സാമ്പത്തിക, സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിട്ടുമാണ് ഇത്തരം സംഘങ്ങള്‍ രൂപത്കരിച്ചിട്ടുള്ളത്. ഇതേ മാതൃകയില്‍ പ്രത്യേകമായും സഹകരണസംഘങ്ങള്‍ തുടങ്ങി. കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ മുന്നു യുവ വനിതാ സഹകരണസംഘങ്ങളാണു രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്.
ഭിന്നശേഷിക്കാരുടെ പുനരധിവാസം, വിദ്യാഭ്യാസഉന്നമനം, സാമ്പത്തികപുരോഗതി, തൊഴില്‍ലഭ്യത എന്നിവ ലക്ഷ്യമാക്കി പുതിയ സഹകരണ സംഘം തുടങ്ങി. കോട്ടയത്താണ് ഇതു തുടങ്ങിയത്. ഗിഗ്/പ്ലാറ്റ് ഫോം വര്‍ക്കേഴ്‌സിനുവേണ്ടിയും പുതിയ സഹകരണസംഘം തുടങ്ങി. ഗിഗ് / പ്ലാറ്റ് ഫോം വര്‍ക്കേഴ്‌സ്, ഓണ്‍ലൈന്‍ വിപണനശ്യംഖലയിലെ ജീവനക്കാര്‍ എന്നിവരുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമാക്കുന്ന പദ്ധതിയാണിത്. ഇതിനായി കേരള സ്റ്റേറ്റ് ഷോപ്‌സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് ഗിഗ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫെഡറല്‍ സഹകരണ സംഘം (ടവീുഇീഐലറ) എന്ന പേരില്‍ കേരളത്തിലെ എല്ലാ ജില്ലകളും പ്രവര്‍ത്തനപരിധിയായി നിശ്ചയിച്ച് തിരുവനന്തപുരം ആസ്ഥാനമാക്കിയാണു സംഘം പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്. കേരളത്തിലെ ഐ.റ്റി. പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി ടെക്‌നോ പാര്‍ക്ക് കേന്ദ്രമായി കേരള സ്റ്റേറ്റ് ഐ.റ്റി. പ്രൊഫഷണഷല്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സംഘവും പുതുതായി സഹകരണവകുപ്പ് കൊണ്ടുവന്നതാണ്.
ടൂര്‍ഫെഡിന്റെ പ്രവര്‍ത്തനങ്ങളെ കാലോചിതമായി മാറ്റിയെടുക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണു സര്‍ക്കാര്‍ഓഫീസുകളുടെ സമുച്ചയങ്ങളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും മറ്റും ആധുനിക കോഫി ഷോപ്പുകള്‍ തുടങ്ങാനുള്ള തീരുമാനം. വിനോദ സഞ്ചാരികള്‍ക്കും മറ്റുള്ളവര്‍ക്കും ടൂര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ കുറഞ്ഞ ചെലവില്‍ ഭക്ഷണവിഭവങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 11 ജില്ലകളിലായി 39 ടൂറിസം സഹകരണ സംഘങ്ങളാണുള്ളത്. ഈ സംഘങ്ങളിലൂടെ ആഭ്യന്തര ടൂറിസത്തിനടക്കം പ്രോത്സാഹനം നല്‍കുന്ന പദ്ധതികള്‍ ടൂര്‍ഫെഡ് നടപ്പാക്കുന്നുണ്ട്. പ്രാഥമിക ടൂറിസം സംഘങ്ങള്‍ക്കു ടൂറിസം ഹോസ്പിറ്റാലിറ്റി ഇവന്റ് മാനേജ്‌മെന്റ് മേഖലയില്‍ നൂതനമായ പദ്ധതിയാണു ടൂര്‍ഫെഡ് നടപ്പാക്കുന്നത്. ഇതിനു പുറമെയാണു നൂറു ദിനകര്‍മ പരിപാടിയുടെ ഭാഗമായി ഹൈജീനിക് കോഫി ഷോപ്പുകള്‍ തുടങ്ങുന്നത്.
സാമൂഹിക ഉത്തരവാദിത്തം
ഏറ്റെടുക്കല്‍
സഹകരണസംഘങ്ങളിലൂടെ സാമൂഹികഉത്തരവാദിത്ത പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയെന്നതാണു സഹകരണവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള മറ്റൊരുകാര്യം. മാലിന്യസംസ്‌കരണം, ലഹരിവിരുദ്ധ പ്രവര്‍ത്തനം, അവശത അനുഭവിക്കുന്നവര്‍ക്കുള്ള സഹായപദ്ധതികള്‍ എന്നിവയെല്ലാം സംഘങ്ങളിലൂടെ നടപ്പാക്കുന്നുണ്ട്. കെയര്‍ ഹോം ഇതില്‍ പ്രധാനപ്പെട്ടതാണ്. കെയര്‍ഹോം പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ പാലക്കാട് ജില്ലയിലെ കണ്ണാടി വില്ലേജിലെ പൊതുമരാമത്തു വകുപ്പിന്റെ കൈവശമുള്ള 61 സെന്റ് സ്ഥലത്ത് 28 കുടുംബങ്ങള്‍ക്കു താമസിക്കാന്‍ കഴിയുന്ന ഭവനസമുച്ചയമാണു നിര്‍മിക്കുന്നത്. സമ്പൂര്‍ണ ശുചിത്വം ലക്ഷ്യമിട്ട് തൃശ്ശൂര്‍ ജില്ലയില്‍ നടപ്പാക്കിയ പദ്ധതിയാണു ‘മാലിന്യമുക്തം ശുചിത്വം സഹകരണം’. ശുചിത്വകേരളം എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ ഇ-മാലിന്യങ്ങള്‍, ജൈവ -അജൈവ മാലിന്യങ്ങള്‍ എന്നിവയുടെ ശേഖരണം, അവയുടെ സംസ്‌കരണം എന്നിവ നടപ്പാക്കാനാവശ്യമായ സംരംഭങ്ങള്‍ ആരംഭിക്കുക, നിലവിലുള്ള സംരംഭങ്ങള്‍ ഏറ്റെടുക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സഹകരണമേഖലയിലെ ലൈബ്രറികളെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുവേണ്ടി നൂറൂ സാംസ്‌കാരിക സദസ്സുകള്‍ സംഘടിപ്പിക്കാന്‍ സഹകരണവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നൂറൂ സഹകരണഗ്രന്ഥാലയങ്ങളെ ഉള്‍ക്കൊള്ളിച്ചുളള സാംസ്‌കാരിക സമ്മേളനപരിപാടിയായാണ് ഇതു നടത്തുക. കുടുംബത്തിന്റെ സമ്പാദ്യശീലം വളര്‍ത്തുന്നതിനൊപ്പം അടിയന്തരഘട്ടത്തില്‍ സാമ്പത്തികസഹായം ലഭ്യമാകുന്ന വിധത്തില്‍ പുതിയ നിക്ഷേപ പദ്ധതിയും സഹകരണവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ‘കുടുംബത്തിന് ഒരു കരുതല്‍ധനം പദ്ധതി’ എന്നാണ് ഇതിന്റെ പേര്. പാലക്കാട് ജില്ലയിലാണു പ്രാരംഭ പദ്ധതിയായി ഇതു നടപ്പാക്കുന്നത്. സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങളിലൂടെ പ്രതിസന്ധിഘട്ടങ്ങളില്‍ കുടുംബങ്ങള്‍ക്കു കരുതല്‍ ധനം ലഭ്യമാകുന്ന പദ്ധതിയാണിത്. കേരളത്തിലെ പ്രാഥമിക വായ്പാ സഹകരണസംഘങ്ങളുടെ സഹകരണത്തോടെയാണ് ഈ നിക്ഷേപപദ്ധതി നടപ്പാക്കുന്നത്.
കൃഷിക്കും
കര്‍ഷകര്‍ക്കും പദ്ധതി
കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും തരിശുനിലം കൃഷിയിടമാക്കി മാറ്റുന്നതിനും സഹകരണവകുപ്പ് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം പിണറായിസര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ തുടര്‍ച്ചയായാണ് ഇതു നടപ്പാക്കുന്നത്. ‘നമ്മുടെ കൃഷി നമ്മുടെ ഭക്ഷണം’ എന്ന പദ്ധതിയില്‍ ഏഴ് ജില്ലകളില്‍ ഒരു ജില്ലയ്ക്ക് ഒരു വിള എന്ന രീതിയില്‍ 500 ഏക്കര്‍ തരിശുഭൂമിയില്‍ അനുയോജ്യമായ കൃഷി നടപ്പാക്കുന്ന പദ്ധതിയാണിത്. കര്‍ഷകര്‍ക്കു കാര്‍ഷികവായ്പകള്‍ ലഭ്യമാക്കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ന്യായവില നല്‍കി സംഭരിക്കുക, അവ പൊതുവിപണിയില്‍ വില്‍ക്കുക, സംസ്ഥാനത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കുക എന്നീ ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണു സുഭിക്ഷകേരളം. ഇതിന്റെ തുടര്‍ച്ചയായാണ് 500 ഏക്കര്‍ കൃഷി നടപ്പാക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണിതു നടപ്പാക്കുന്നത്. ഒരു ജില്ലയില്‍ 75 ഏക്കറില്‍ കുറയാതെ തരിശുഭൂമിയില്‍ കൃഷിയിറക്കാനാണു നിര്‍ദേശം.
നെല്‍ക്കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി രണ്ടു പ്രത്യേക സഹകരണസംഘങ്ങള്‍ക്കു രൂപം നല്‍കി. ഒന്നാം പിണറായിസര്‍ക്കാരിന്റെ കാലത്തു പാലക്കാട് ജില്ലയിലാണ് ആദ്യം സംഘം രൂപവത്കരിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്തു പാലക്കാട് നെല്ല്‌സംഘത്തിന്റെ മാതൃകയില്‍ മറ്റു 13 ജില്ലകള്‍ പ്രവര്‍ത്തനപരിധിയാക്കി കോട്ടയം ആസ്ഥാനമാക്കി മറ്റൊരു സംഘവും രൂപവത്കരിച്ചു. പാലക്കാട്ടെ നെല്‍കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുംവിധം നെല്ല് സംഭരിച്ച്, സംസ്‌കരിച്ച് വിപണനം നടത്തുന്നതിനാണു പാഡി പ്രൊക്യൂര്‍മെന്റ് പ്രോസസിങ് ആന്റ് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (പാപ്‌കോസ്) രൂപവത്കരിച്ചത്. പാലക്കാട് ജില്ലയിലെ 36 പ്രാഥമിക സഹകരണസംഘങ്ങളാണ് ഇതിലെ അംഗങ്ങള്‍. അതിന്റെ കീഴില്‍ അത്യാധുനിക റൈസ്മില്ലും ഗോഡൗണും നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു. കേരള പാഡി പ്രൊക്യൂര്‍മെന്റ് പ്രോസസിങ് ആന്റ് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാപ്‌കോസ്) എന്ന പേരിലാണു കോട്ടയത്തു പുതിയ സംഘം തുടങ്ങിയത്. 9.68 ഏക്കര്‍ സ്ഥലം സംഘം വാങ്ങിയിട്ടുണ്ട്. കാപ്‌കോസ് സഹകരണസംഘത്തിന്റെ കീഴില്‍ റൈസ് മില്ലുകള്‍ സ്ഥാപിക്കും. കര്‍ഷകരില്‍നിന്നു നെല്ല് സംഭരിച്ച്, സംസ്‌കരിച്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ജില്ലയ്ക്കകത്തും പുറത്തും വിപണനം നടത്തുക, സംഭരണശാലകള്‍ സ്ഥാപിക്കുക, സംസ്‌കരണകേന്ദ്രങ്ങള്‍ തുടങ്ങുക, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിയും സഹകരണ -സ്വകാര്യ വിപണനസ്ഥാപനങ്ങള്‍ വഴിയും ഓണ്‍ലൈന്‍ സംവിധാനത്തിലുടെയും വിപണനസൗകര്യം ഏര്‍പ്പെടുത്തുക, സ്വന്തമായി വിപണനകേന്ദ്രങ്ങള്‍ നടത്തുക, പ്രവര്‍ത്തനപരിധിയില്‍പ്പെട്ട മുഴുവന്‍ നെല്‍ക്കര്‍ഷകരെയും സഹായിക്കുക എന്നിവയാണു സംഘത്തിന്റെ പ്രവര്‍ത്തനലക്ഷ്യം.
(മൂന്നാംവഴി സഹകണ മാസിക ജൂലായ് ലക്കം 2023)
[mbzshare]