പ്രാഥമിക സഹകരണ ബാങ്കുകള്‍ ലാബും മെഡിക്കല്‍ സ്റ്റോറും തുടങ്ങുന്നത് നിയന്ത്രിക്കും

[email protected]

പ്രാഥമിക സഹകരണ ബാങ്കുകള്‍ മെഡിക്കല്‍ സ്‌റ്റോറുകള്‍, ലാബുകള്‍, പരിശോധന കേന്ദ്രങ്ങള്‍ എന്നിവ തുടങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. പ്രാഥമിക ബാങ്കുകളുടെ പ്രവര്‍ത്തന പരിധിയില്‍ സഹകരണ ആശുപത്രികളുണ്ടെങ്കിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. സഹകരണ ആശുപത്രികളെ ബാധിക്കുന്ന രീതിയിലുള്ള പ്രാഥമിക ബാങ്കുകളുടെ പ്രവര്‍ത്തനം നിയന്ത്രണിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

സഹകരണ നിയമഭേദഗതി ബില്ല് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എ.എന്‍.ഷംസീര്‍ എം.എല്‍.എ.യാണ് സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് ഇത്തരമൊരു ആവശ്യം കൊണ്ടുവന്നത്. തലശ്ശേരി സഹകരണ ആശുപത്രിയുടെ പ്രസിഡന്റായിരുന്നു ഷംസീര്‍. ഒരേ മേഖലയില്‍ രണ്ട് സഹകരണ സംഘങ്ങള്‍ ഒരേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഗുണകരമായ രീതിയില്ലെന്ന് ഷംസീര്‍ ചൂണ്ടിക്കാട്ടി. ആശുപത്രി സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയിലാണ് പ്രാഥമിക സഹകരണ ബാങ്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളും ലാബുകളും തുടങ്ങുന്നത്. ഇതേ ബിസിനസാണ് ആശുപത്രി സംഘങ്ങളും ചെയ്യുന്നത്. ഒരേ പ്രവര്‍ത്തന പരിധിയില്‍ രണ്ടുതരം സംഘങ്ങള്‍ ഒരേ ബിസിനസ് ചെയ്യുന്നത് ഒഴിവാക്കേണ്ടതാണെന്നും ഷംസീര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളായ സഹകരണ ബാങ്കുകളെ മള്‍ട്ടി സര്‍വീസ് സെന്ററാക്കി മാറ്റണമെന്നാണ് നബാര്‍ഡും കേന്ദ്രസര്‍ക്കാരും നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് പ്രാഥമിക കാര്‍ഷിക സംഘങ്ങളിലൂടെ വിവിധ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു പ്രദേശത്തിന് ആവശ്യമായ സേവന-ഉല്‍പാദന മേഖലയില്‍ ഇടപെടുക എന്നതാണ് മള്‍ട്ടി സര്‍വീസ് സെന്ററാക്കുക എന്നതിലൂടെ ലക്ഷ്യമിടുന്നത്. കാര്‍ഷിക അനുബന്ധ സംരംഭങ്ങള്‍ക്ക് ഒരു ശതമാനത്തിനും മറ്റ് സംരംഭങ്ങള്‍ക്ക് നാലുശതമാനത്തിനും പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ക്ക് നബാര്‍ഡിന്റെ വായ്പ ലഭിക്കും. ഈ സാധ്യത ഉപയോഗപ്പെടുത്തുന്നതിന് തടസ്സമാകുന്നതാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം എന്ന വിമര്‍ശനം സഹകാരികള്‍ക്കുണ്ട്.

ആശുപത്രികള്‍ക്കും മെഡിക്കല്‍ സെന്ററുകള്‍ക്കും സമീപത്തായി ലാബുകളും മെഡിക്കല്‍ സ്റ്റോറുകളും തുടങ്ങുക എന്നത് സാധാരണ രീതിയാണ്. ഇതിന് നിയന്ത്രണം കൊണ്ടുവരാനാകില്ല. സഹകരണ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിനാല്‍, സഹകരണ സംഘങ്ങള്‍ക്ക് ഇത്തരം സംരംഭം തുടങ്ങുന്നതിനെ വിലക്കുന്നത് ശരിയായ രീതിയല്ലെന്നാണ് വിമര്‍ശനം. പകരം, അത്തരം സ്ഥലങ്ങളില്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളും ലാബുകളുമാകും ഉണ്ടാകുക. അവയെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുകയുമില്ല. ഈ സാഹചര്യത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് മാത്രം വിലക്ക് ഏര്‍പ്പെടുത്തുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് സമൂഹത്തിലുണ്ടാക്കുകയെന്നും സഹകാരികള്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!