പ്രാഥമിക വായ്പാ സംഘങ്ങളിലെ വര്‍ധിച്ച കുടിശ്ശിക ശതമാനം കുറയ്ക്കണം- കെ.സി.ഇ.എഫ്.

Deepthi Vipin lal

കോവിഡ് , പ്രളയം തുടങ്ങിയവ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം പ്രാഥമിക വായ്പാ സഹകരണ സംഘം, ജില്ലാ ബാങ്ക്, മാര്‍ക്കറ്റിങ് സംഘങ്ങള്‍, സംസ്ഥാന സഹകരണ ബാങ്ക് എന്നീ മേഖലകളില്‍ വര്‍ധിച്ച കുടിശ്ശിക ശതമാനം കുറയ്ക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിവേദനം സമര്‍പ്പിച്ചു.

പ്രാഥമിക വായ്പാ മേഖലയിലെ കുടിശ്ശിക ശതമാനം മുന്‍പ് ഒരിക്കലും ഇല്ലാത്ത രീതിയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. പല സംഘങ്ങളുടെയും നിക്ഷേപത്തിന് കൊടുത്ത പലിശയും വായ്പയ്ക്ക് ഈടാക്കിയ പലിശയും തമ്മില്‍ ഇരട്ടിയിലധികം വ്യത്യാസം വന്നിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുടിശ്ശികക്കാരായ അംഗങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കേണ്ടത് അനിവാര്യമാണ്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവും, തൊഴിലില്ലായ്മയും വ്യാപാര പ്രവര്‍ത്തനങ്ങളുടെ നിശ്ചലാവസ്ഥയും കാരണം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടില്‍ കൂടിയാണ് ഏറിയ പങ്കും കുടിശ്ശികക്കാരായ അംഗങ്ങള്‍ കഴിയുന്നത്. 2020 മാര്‍ച്ച് ഒന്ന് മുതല്‍ ഓഗസ്റ്റ് 30 വരെ നടപ്പിലാക്കിയ വായ്പാ മോറട്ടോറിയവും 2020 സെപ്റ്റംബര്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെ നടപ്പിലാക്കിയ കുടിശ്ശിക നിവാരണവും പ്രാഥമിക വായ്പാ മേഖലയില്‍ വായ്പാ തിരിച്ചടവിന് സ്തംഭനാവസ്ഥതന്നെ ഉണ്ടാക്കി. ഈ പ്രത്യേക സാഹചര്യം അതിജീവിക്കുന്നതിന് ആര്‍.ബി.ഐ.യുടെ നിര്‍ദ്ദേശ പ്രകാരം വാണിജ്യബാങ്കുകളില്‍ നടപ്പിലാക്കിയ വായ്പാ തിരിച്ചടവ് കാലാവധി പുനര്‍ക്രമീകരണം പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളില്‍ കൂടി നടപ്പിലാക്കി വായ്പ അടച്ചു തീര്‍ക്കുവാന്‍ മുമ്പോട്ട് വരുന്നവര്‍ക്ക് പരമാവധി ആനുകൂല്യത്തോടുകൂടി വായ്പാ തിരിച്ചടവ് പുനര്‍ക്രമീകരണവും, കുടിശ്ശിക നിവാരണ പദ്ധതിയും ആരംഭിക്കണമെന്ന് നിവേദനത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published.