പ്രവര്‍ത്തനമികവില്‍ അംഗീകാരങ്ങളുമായി ചെണ്ടയാട് വനിതാസംഘം മുന്നേറുന്നു

moonamvazhi

മൂന്നു പതിറ്റാണ്ട് മുമ്പു 28 അംഗങ്ങളുമായി തുടക്കം. അന്നത്തെ പ്രവര്‍ത്തനമൂലധനം 1500 രൂപ. ഇന്ന് അംഗങ്ങള്‍ 2230. നിക്ഷേപം 11.5 കോടി രൂപ. ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ അവാര്‍ഡ് നേടിയ കണ്ണൂര്‍ ചെണ്ടയാട്‌വനിതാ സഹകരണസംഘം മൂന്നു ഫ്‌ളോര്‍ മില്ലുകളാണു വിജയകരമായി നടത്തുന്നത്.നീതി മെഡിക്കല്‍ സ്റ്റോറും നടത്തുന്ന ഈ വനിതാസംഘം ചീരാറ്റയില്‍ ആദ്യത്തെ ശാഖയും തുടങ്ങി.

 

പ്രവര്‍ത്തനപരിധിയില്‍ മൂന്നു പഞ്ചായത്തുകള്‍. ചെറിയൊരു പ്രവര്‍ത്തനമൂലധനത്തില്‍ തുടക്കം. ഇപ്പോള്‍ നിക്ഷേപം കോടികള്‍. സമൂഹസേവനം ലക്ഷ്യംവെച്ചുള്ള യാത്രയില്‍ എണ്ണിപ്പറയാന്‍ കുറെ നേട്ടങ്ങള്‍. മൂന്നു ഫ്‌ളോര്‍മില്ലുകളും ഒരു നീതി മെഡിക്കല്‍ സ്റ്റോറും നേട്ടത്തിന്റെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നു. കണ്ണൂര്‍ പാനൂരിനടുത്തുള്ള ചെണ്ടയാട് വനിതാ സഹകരണസംഘത്തിന് ഇത്തവണ സംസ്ഥാന സഹകരണവകുപ്പിന്റെ പുരസ്‌കാരം നേടാനായത് അവരുടെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരംതന്നെയാണ്.

സംസ്ഥാനത്തു മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സഹകരണസംഘത്തിനുള്ള മൂന്നാം സ്ഥാനത്തിനാണു ചെണ്ടയാട് വനിതാ സഹകരണസംഘം അര്‍ഹമായിരിക്കുന്നത്. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ ചെണ്ടയാട് ഗ്രാമത്തിലുള്ള ജനങ്ങളുടെ വിവിധാവശ്യങ്ങള്‍ക്കു പരിഹാരം കണ്ടെത്താനാണു സംഘത്തിനു തുടക്കം കുറിച്ചത്. കൂട്ടായ്മയുടെയും കൃത്യമായ ആസൂത്രണത്തിന്റെയും മികവിനാല്‍ വികസനപാതയില്‍ മുന്നേറുന്ന സംഘം അനേകം കര്‍മപദ്ധതികളാണു നടപ്പാക്കിവരുന്നത്.

1994 ല്‍ 28 അംഗങ്ങള്‍ ചേര്‍ന്നു 1500 രൂപ പ്രവര്‍ത്തനമൂലധനവുമായാണു വനിതാ സഹകരണസംഘത്തിനു തുടക്കം കുറിച്ചത്. തുടക്കത്തില്‍ കുന്നോത്ത് പറമ്പ് പഞ്ചായത്തു മാത്രമായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനപരിധി. പിന്നീട് സമീപ ഗ്രാമപ്പഞ്ചായത്തുകളായ പാട്യം, മൊകേരി പ്രദേശങ്ങള്‍കൂടി കൂട്ടിച്ചേര്‍ത്തു. സംഘത്തിന്റെ ആദ്യത്തെ പ്രസിഡന്റ് അജിത ഒ.പി.യും ഓണററി സെക്രട്ടറി പി. പ്രസന്നയുമായിരുന്നു. 1995 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പി. പ്രസന്ന പ്രസിഡന്റായി. കെ.കെ. പ്രേമ ഓണററി സെക്രട്ടറിയുമായി. 2002 ല്‍ ആദ്യത്തെ പെയ്ഡ് സെക്രട്ടറിയായി കെ. ശ്രീജ ചുമതലയേറ്റു. 2009 ല്‍ സംഘത്തില്‍ ലോക്കര്‍ സംവിധാനം ഏര്‍പ്പെടുത്തി. സ്വര്‍ണപ്പണ്ടം പണയവായ്പയായി സ്വീകരിക്കുന്നതിനു സംഘം അനുമതി നേടിയെടുത്തു.

വൈവിധ്യത്തിന്റെ
പാതയില്‍

ഒന്നര ദശാബ്ദം പിന്നിട്ടപ്പോഴേക്കും ചെണ്ടയാട് വനിതാ സഹകരണസംഘം മികവിന്റെ പാതയില്‍ കരുത്തോടെ നിലയുറപ്പിച്ചുകഴിഞ്ഞിരുന്നു. 2010 ല്‍ ബേബി സരോജം പ്രസിഡന്റായി. വൈവിധ്യവത്കരണത്തിന് ഊന്നല്‍ നല്‍കി ഭരണസമിതി 2011 ല്‍ ചെണ്ടയാട് വരപ്രയില്‍ ആദ്യത്തെ ഫ്‌ളോര്‍ മില്ല് ആരംഭിച്ചു. ഇത് ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. 2015 ല്‍ ഫോട്ടോസ്റ്റാറ്റ് യൂണിറ്റും പ്രവര്‍ത്തനം തുടങ്ങി. നിലവില്‍ സംഘത്തില്‍ നിന്നു ആള്‍ജാമ്യത്തില്‍ അമ്പതിനായിരം രൂപയും സര്‍ട്ടിഫിക്കറ്റ് ജാമ്യത്തില്‍ രണ്ടു ലക്ഷം രൂപയും സ്വര്‍ണ്ണപ്പണയത്തില്‍ അഞ്ചു ലക്ഷം രൂപ വരെയും വായ്പ അനുവദിക്കുന്നുണ്ട്.

2018 ല്‍ മൊകേരി ഗ്രാമപ്പഞ്ചായത്തിലെ മാക്കൂല്‍പ്പീടിക അക്കാനിശ്ശേരിയില്‍ സംഘത്തിന്റെ രണ്ടാമത്തെ ഫ്‌ളോര്‍ മില്ല് ആരംഭിച്ചു. ഇതേ വര്‍ഷം തന്നെ പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരിയില്‍ നീതി മെഡിക്കല്‍ സ്റ്റോറും തുടങ്ങി. 2022 ല്‍ പാട്യം പഞ്ചായത്തിലെ ചീരാറ്റയില്‍ ലോക്കര്‍ സൗകര്യങ്ങളോടെ ഒന്നാമത്തെ ബ്രാഞ്ച് ആരംഭിക്കാന്‍ കഴിഞ്ഞതു സംഘത്തിന്റെ പ്രവര്‍ത്തനവഴിയിലെ സുപ്രധാന നേട്ടമായി. ഇക്കൊല്ലം ചെണ്ടയാട് മാവേലി സ്റ്റോറിനു സമീപം മൂന്നാമത്തെ ഫ്‌ളോര്‍മില്ലും പ്രവര്‍ത്തനം തുടങ്ങി.

സംഘത്തിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ജനങ്ങള്‍ക്കു മാതൃകാപരമായ സേവനങ്ങള്‍ നല്‍കിവരുന്നതോടൊപ്പം സംഘത്തിന് ആദായവും നേടിക്കൊടുക്കുന്നു. ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും അര്‍പ്പണബോധവും കൃത്യമായ ഇടപെടലുകളുമാണ് ഇതു സാധ്യമാക്കുന്നത്. വാതില്‍പ്പടിസേവനവും സംഘം നല്‍കിവരുന്നുണ്ട്. എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്കു വീട്ടില്‍ ചെന്നു സേവനങ്ങള്‍ ചെയ്തുകൊടുക്കും. ആര്‍.ടി.ജി.എസ്, നെഫ്റ്റ് സൗകര്യവുമുണ്ട്.

സംഘത്തില്‍ ആറു സ്ഥിരം ജീവനക്കാരും മൂന്നു കമ്മീഷന്‍ ഏജന്റുമാരും രണ്ട് അപ്രൈസര്‍മാരും ഫ്‌ളോര്‍ മില്ലുകളില്‍ മൂന്നു പേരും മെഡിക്കല്‍ ഷോപ്പില്‍ മൂന്നു പേരുമാണു ജോലി ചെയ്തുവരുന്നത്. നിലവില്‍ കെ.കെ. പ്രേമ പ്രസിഡന്റും സുരാജ സി.വി, സുജാത എം.സി, ഷീജ ടി.പി, ബേബി സരോജം കെ, സുലൈഖ ബി, സലില പി. എന്നിവര്‍ അംഗങ്ങളുമായുള്ള ഭരണസമിതിയാണു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഇപ്പോള്‍ സംഘത്തിന് 17,03,040 രൂപ ഓഹരി മൂലധനവും 11,52,36,460 രൂപ നിക്ഷേപ ബാക്കിനില്‍പ്പുമാണുള്ളത്. 9,61,45,465 രൂപ വായ്പാ ബാക്കി നില്‍പ്പുണ്ട്. 2230 അംഗങ്ങളാണിപ്പോള്‍ സംഘത്തിലുള്ളത്. ഈ വനിതാ സഹകരണസംഘം അഞ്ചു വര്‍ഷമായി ലാഭത്തിലാണ്. പന്ത്രണ്ടു ശതമാനം ലാഭവിഹിതം നല്‍കുന്നുണ്ട്.

അംഗീകാരമായി
പുരസ്‌കാരങ്ങള്‍

ചിട്ടയായ ആസൂത്രണത്തോടെ മുന്നേറുന്ന സംഘത്തിനു പ്രവര്‍ത്തനമികവിനുള്ള അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണു ഭരണസമിതി. 2020-21 ല്‍ കണ്ണൂര്‍ ജില്ലയിലെ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് ചെണ്ടയാട് വനിതാസംഘത്തിനായിരുന്നു. 2022-23 ല്‍ കൂത്തുപറമ്പ് സര്‍ക്കിളില്‍ നിക്ഷേപസമാഹരണത്തിനു മൂന്നാം സ്ഥാനവും ലഭിച്ചു. ഇത്തവണ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനം നേടിയതിന്റെ ആത്മവിശ്വാസം നൂതനപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനു സംഘത്തിനു കരുത്തു പകരുന്നു. ചെണ്ടയാട് ഗ്രാമത്തിലെ മുഴുവന്‍ വീടുകളേയും ദൈനംദിന ബാങ്കിങ്പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കി മാറ്റുക എന്ന വലിയ സ്വപ്നമാണു ഭരണസമിതി ലക്ഷ്യമിടുന്നത്.

                                                              (മൂന്നാംവഴി സഹകരണമാസിക സെപ്റ്റംബര്‍ ലക്കം – 2023)

 

 

 

 

Leave a Reply

Your email address will not be published.