പ്രളയക്കെടുതിയിലായവര്‍ക്ക് ആശ്വാസ വായ്പയുമായി തൃശൂര്‍ ജില്ലാ ബാങ്ക്

[email protected]

പ്രളയത്തില്‍ കുത്തിയൊലിച്ചത് ഒരോ കുടുംബത്തിന്റെ കരുതലും പ്രതീക്ഷകളുമെല്ലാമാണ്. വീടുതകര്‍ന്നവര്‍, വീടുബാക്കിയായവര്‍ക്ക് സാധനങ്ങളെല്ലാം പ്രളയമെടുത്തു. ഇനിയെല്ലാം ഒന്നില്‍നിന്ന് തുടങ്ങാനുള്ള പങ്കപ്പാടിലാണ് എല്ലാവരും. ഇവര്‍ക്ക് സഹായവുമായാണ് തൃശൂര്‍ ജില്ലാസഹകരണ ബാങ്ക് പുതിയ വായ്പാപദ്ധതി പ്രഖ്യാപിച്ചത്.

സാന്ത്വനം 2018- എന്ന് പേരിട്ട പദ്ധതി പ്രകാരം അഞ്ചുലക്ഷം രൂപ വരെ വായ്പ ലഭിക്കും. മറ്റുവായ്പകളില്‍നിന്ന് വ്യത്യസ്തമായി കുറഞ്ഞ പലിശയാണ് ഇതിന് ഈടാക്കുന്നത്. എട്ടുശതമാനമാണ് പലിശ. അഞ്ചുവര്‍ഷമാണ് വായ്പയുടെ കാലാവധി. വീട് നന്നാക്കാന്‍, വീട്ടുസാധനങ്ങള്‍ വാങ്ങാന്‍, ഉള്ളവ നന്നാക്കിയെടുക്കാന്‍, വാഹനങ്ങളുടെ അറ്റകുറ്റപ്പണി, പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് ഇതിനൊക്കെയുള്ള ആശ്വാസസഹായമെന്ന നിലയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. അതിനാല്‍, വായ്പയെടുത്ത ഉടനെയുള്ള തിരിച്ചടവ് വേണ്ടെന്നുവെച്ചിട്ടുണ്ട്. ആറുമാസം കഴിഞ്ഞാണ് വായ്പയുടെ തിരിച്ചടവ് . ഒരുലക്ഷം രൂപയ്ക്ക് ഒരുമാസം 2211 രൂപ എന്ന നിരക്കിലാണ് തിരിച്ചടവ് വരുന്നത്. കച്ചവട സ്ഥാപനങ്ങള്‍, മറ്റ് തൊഴിലാളികള്‍ എന്നിവര്‍ക്കൊക്കെ നിത്യവിഹിതമായ തിരിച്ചടവ് നല്‍കാനാകുമെന്ന് ബാങ്ക് ജനറല്‍ മാനേജര്‍ ഡോ.എം.രാമനുണ്ണി പറഞ്ഞു.

വീടുകളില്‍ വെള്ളം കയറി രേഖകള്‍ നശിച്ചുപോയവര്‍ക്കും വായ്പ അനുവദിക്കും. രേഖകള്‍ നഷ്ടപ്പെട്ടതായി റവന്യൂ-പഞ്ചായത്ത് അധികൃതര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതി. രേഖകള്‍ ലഭിക്കുന്ന മുറയ്ക്ക് അവ ബാങ്കിനെ ഏല്പിക്കുമെന്നൊരു ബോണ്ട് ഒപ്പിട്ട് നല്‍കണം. രേഖകള്‍ നഷ്ടമായവര്‍ക്ക് അത് ലഭ്യമാക്കാന്‍ പ്രത്യേക ഓണ്‍ലൈന്‍ സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതുകൊണ്ടാണ് ബോണ്ട് തയ്യാറാക്കുന്നത്. നിലവില്‍ ജില്ലാബാങ്കില്‍ വായ്പയുള്ളവരെയും ‘സാന്ത്വനം’ പദ്ധതിയിലുള്‍പ്പെടുത്തും. നേരത്തെയുള്ള വായ്പകഴിച്ച് ബാക്കിയുള്ള തുകയാണ് നല്‍കുക.

പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരുലക്ഷം രൂപവരെ പലിശരഹിത വായ്പ അനുവദിക്കാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ബാങ്കുകളുമായി സഹകരിച്ചായിരിക്കും പലിശരഹിത വായ്പ അനുവദിക്കുകയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. ഇതില്‍ സഹകരണ ബാങ്കുകളും ഉള്‍പ്പെടും. അങ്ങനെ തീരുമാനമുണ്ടാകുന്നതിനനുസരിച്ചും തൃശൂര്‍ ജില്ലാബാങ്ക് ലഭ്യമാക്കുമെന്നും രാമനുണ്ണി പറഞ്ഞു.

കുറഞ്ഞപലിശയ്ക്കും സര്‍ക്കാര്‍ പദ്ധതികള്‍ക്കും വായ്പലഭ്യമാക്കുന്നതിന് തൃശൂര്‍ ജില്ലാബാങ്ക് നേരത്തെയും മുന്‍കൈ എടുത്തിട്ടുണ്ട്. ഇ.എം.എസ്. ഭവനപദ്ധതിയില്‍ ആദ്യം പണം അനുവദിച്ച സഹകരണ ബാങ്കാണ് തൃശൂര്‍ ജില്ലാസഹകരണ ബാങ്ക്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!