പെന്ഷന് കമ്പനിയെ സംഘങ്ങള്‍ എന്തിനു പേടിക്കണം?
പെന്‍ഷന്‍കമ്പനിക്കു നല്‍കുന്നപണത്തെ സുരക്ഷിത വായ്പയായാണു സഹകരണ
ബാങ്കുകള്‍ കാണുന്നത്. ഇതിന്റെ പലിശസഹിതമുള്ള തിരിച്ചടവ് സഹകരണ
ബാങ്കുകള്‍ക്കു മുടങ്ങാതെ കിട്ടുന്നുണ്ട്. സര്‍ക്കാരിന്റെ ഗ്യാരന്റിയിലാണു
പെന്‍ഷന്‍കമ്പനി കടമെടുക്കുന്നത്. സര്‍ക്കാര്‍ ഈ ഗ്യാരന്റി പിന്‍വലിച്ചതു
സഹകരണ ബാങ്കുകള്‍ക്കു ബുദ്ധിമുട്ടാവുമോ എന്നതാണു ചോദ്യം.
ഇതൊരു സാങ്കേതികപ്രശ്നം മാത്രമാണെന്നു ധനവകുപ്പ് പറയുന്നുണ്ടെങ്കിലും
ക്ഷേമപെന്ഷന് കമ്പനിയും കിഫ്ബിയും എടുത്ത വായ്പകള്‍ പൊതുകടത്തില്‍
ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പുന:പരിശോധിച്ചില്ലെങ്കില്‍
പ്രശ്നങ്ങളുണ്ടായേക്കാം.
സാമൂഹിക സുരക്ഷാപെന്ഷന് വിതരണം ചെയ്യാന്‍ ഒന്നാം പിണറായിസര്‍ക്കാര്‍ രൂപവത്കരിച്ച സ്ഥാപനമാണു കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡ് ( കെ.എസ്.എസ്.പി.എല്‍ ). സംസ്ഥാനത്തെ ക്ഷേമപെന്ഷന് വിതരണത്തിന്റെ ചുമതലയാണ് ഈ കമ്പനിക്കു നല്‍കിയിട്ടുള്ളത്. പ്രാഥമിക സഹകരണ ബാങ്കുകളടക്കം വിവിധ സ്ഥാപനങ്ങളില്‍നിന്ന് എടുത്ത വായ്പ ഉപയോഗിച്ചാണു പെന്‍ഷന്‍കമ്പനി എല്ലാ മാസവും ക്ഷേമപെന്ഷന് വിതരണം ചെയ്യുന്നത്. 50,67,443 പേര്‍ക്കാണു സംസ്ഥാനത്തു ക്ഷേമപെന്ഷന് നല്‍കുന്നത്. ഇതില്‍ 26,47,447 പേര്‍ക്കു ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടാണു പെന്ഷന് നല്‍കുന്നത്. ബാക്കിയുള്ള 24,19,996 പേര്‍ക്കു വീട്ടിലെത്തി പെന്‍ഷന്‍തുക കൈമാറും. പ്രാഥമിക സഹകരണ ബാങ്കുകളിലെ ജീവനക്കാരാണു പെന്ഷന് വീട്ടിലെത്തിച്ച് നല്‍കുന്നത്. ക്ഷേമപെന്ഷന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്കി ഉത്തരവിറക്കുന്നതിനനുസരിച്ച് പെന്ഷന്കമ്പനിയില്നിന്നു സഹകരണ സംഘങ്ങള്‍ക്കു പണം അനുവദിക്കും. ഒരു മാസത്തെ പെന്ഷന് വിതരണത്തിനു 773.85 കോടി രൂപയാണു വേണ്ടത്. 2018 ലാണു കെ.എസ്.എസ്.പി.എല്‍. നിലവില്‍വന്നത്. കമ്പനിയുടെ ബാധ്യത ബജറ്റ്വിഹിതമായി ലഭിക്കുന്ന തുകയിലൂടെയും സ്വന്തമായി കടമെടുക്കുന്ന തുകയിലൂടെയും തീര്‍ക്കേണ്ടതാണെന്നു 2018 ജൂണ്‍ 26 ന് ഇറങ്ങിയ സര്‍ക്കാര്‍ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിലും പറയുന്നുണ്ട്.
ക്ഷേമപെന്ഷന് വിതരണം സര്‍ക്കാരിന്റെ പൂര്‍ണ ഉത്തരവാദിത്തമാണ്. ഇത് ഒരു കമ്പനിക്കു കീഴിലേക്കു മാറ്റുമ്പോള്‍ ആ ഉത്തരവാദിത്തം സര്‍ക്കാരില്‍നിന്നു മാറുന്നില്ലെന്നത് ഒരു വസ്തുതയാണ്. പക്ഷേ, പെന്ഷന് വിതരണം ചെയ്യുന്നതിനുള്ള പണം കണ്ടെത്തുന്നത് ഈ കമ്പനിയാണ്. പെന്ഷന് നല്കുകയെന്നതു ലാഭകരമായ ഒരു ബിസിനസ്സല്ല. കടം വാങ്ങി പെന്ഷന് നല്കുമ്പോള് വാങ്ങിയ കടത്തിനു നല്‍കേണ്ട പലിശഭാരം എന്തായാലും നഷ്ടമുണ്ടാക്കും. ഇതിനൊപ്പം, കമ്പനിയുടെ ചെലവും ബാധ്യതയാണ്. ഈ ബാധ്യത സര്‍ക്കാര്‍ വീട്ടുമെന്ന ഉറപ്പാണു പെന്‍ഷന്‍കമ്പനിയുടെ വിശ്വാസ്യത. അതുകൊണ്ടാണു കമ്പനിക്കു പൊതുമേഖലാ സ്ഥാപനങ്ങളടക്കം പണം വായ്പയായി നല്‍കുന്നത്. ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണു കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. ധനകാര്യവകുപ്പിലെ അക്കൗണ്ടസ് ഓഫീസര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥയാണു കമ്പനിയുടെ മാനേജര്‍. അസിസ്റ്റന്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലായി മറ്റു നാലു പേരും കമ്പനിയുടെ ഭാഗമാണ്. ഇതില്‍ ഒരാള്‍ മാത്രമാണു കരാര്വ്യവസ്ഥയിലുള്ളത്. അതായത്, കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണെങ്കിലും അതു സര്‍ക്കാരിന്റെ സ്വന്തം ശിശുതന്നെയാണെന്നു വ്യക്തം.
സര്‍ക്കാര്‍ നേരിട്ടുനല്‍കുന്ന ക്ഷേമപെന്ഷന് പിന്നെ എന്തിന് ഒരു കമ്പനിക്കു കീഴിലേക്കു മാറ്റിയെന്നതു സ്വാഭാവികമായ ചോദ്യമാണ്. സര്‍ക്കാരിന്റെ സാമ്പത്തികബുദ്ധിമുട്ടുകള്ക്കനുസരിച്ച് പെന്‍ഷന്‍വിതരണം മുടങ്ങാറുണ്ട്. എല്ലാ മാസവും കൃത്യമായി അതു വിതരണം ചെയ്യാന്‍ കഴിയാറില്ല. പരാശ്രയം വേണ്ട ഘട്ടത്തിലാണു മിക്കവാറും പേര്‍ക്കു പെന്ഷന് ലഭിക്കുന്നത്. അത് എല്ലാ മാസവും കൃത്യമായി ലഭിക്കുമ്പോള്‍ അവര്‍ക്കു വലിയ ആശ്വാസമാകും. ഈ രീതിയില്‍ മുടങ്ങാതെ കൃത്യസമയത്തു പെന്ഷന് നല്‍കാനുള്ള ഒരു ‘മെക്കാനിസം’ ഒരുക്കുകയാണു പെന്‍ഷന്‍കമ്പനി രൂപവത്കരണത്തിലൂടെ സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുവരുമ്പോള്‍ വായ്പയിലൂടെ കമ്പനി പണം സമാഹരിച്ച് പെന്ഷന് വിതരണം ചെയ്യും. ഈ പണം പിന്നീട് സര്‍ക്കാര്‍ കമ്പനിക്കനുവദിക്കും. പെന്‍ഷന്‍ബാധ്യത മുന്‍കൂട്ടി നിശ്ചയിക്കുന്നതാണ്. ഇതിനുള്ള വിഹിതം ബജറ്റില്‍ നീക്കിവെക്കാറുണ്ട്. അതിനാല്‍, പണലഭ്യതയ്ക്കനുസരിച്ച് ഇതു സര്‍ക്കാരിന് അനുവദിക്കാവുന്നതാണ്. അതായത്, സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് പെന്‍ഷന്‍വിതരണത്തെ ബാധിക്കാത്തവിധം ഇടപെടാന്‍ പെന്‍ഷന്‍കമ്പനിക്കു കഴിയും.
10,706 കോടി
രൂപയുടെ ബാധ്യത
2022 ആഗസ്റ്റ്വരെയുള്ള കണക്കനുസരിച്ച് 34,030.63 കോടി രൂപയാണു പെന്ഷന് വിതരണത്തിനായി കമ്പനി ചെലവഴിച്ചത്. ഇതില്‍ 26,048 കോടി രൂപയാണു സര്‍ക്കാര്‍ നല്‍കിയത്. ബാക്കി ഇപ്പോഴും കുടിശ്ശികയാണ്. പെന്‍ഷന്‍കമ്പനിക്കു സഹകരണ സംഘങ്ങള്‍ പണം നല്‍കുന്നുണ്ട്. ഇതിനായി പ്രാഥമിക സഹകരണ ബാങ്കുകളുടെ ഒരു കണ്‍സോര്‍ഷ്യം രൂപവത്കരിച്ചിട്ടുണ്ട്. ഈ കണ്‍സോര്‍ഷ്യത്തില്‍നിന്നു വാങ്ങിയ വായ്പയ്ക്കു പുറമെ കെ.എസ്.എഫ്.ഇ., കെ.എസ്.ബി.സി., മോട്ടോര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെ.എഫ്.സി. എന്നിവയില്‍നിന്ന് ആകെ 30,541.66 കോടി രൂപ പെന്‍ഷന്‍കമ്പനി ഇതുവരെ വായ്പയായി സ്വീകരിച്ചിട്ടുണ്ട്. അതില്‍ 19,835.17 കോടി രൂപ മുതലിനത്തില്‍ തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കമ്പനിക്കു 10,706.49 കോടി രൂപയാണു ബാധ്യതയുള്ളത്. ഇതില്‍ ഓരോ സ്ഥാപനവും നല്കിയ വായ്പയുടെ കണക്ക് ( വായ്പക്കു നല്കിയ പലിശയാണു ബ്രാക്കറ്റില്‍ ) ഇങ്ങനെയാണ്: കെ.എസ്.എഫ്.ഇ – 12,770.69 കോടി (699.72 കോടി), കെ.എസ്.ബി.സി. – 5250 കോടി ( 289.21 കോടി), സഹകരണ കണ്‍സോര്‍ഷ്യം- 10,020.97 കോടി ( 1408.05 കോടി), മോട്ടോര്‍ത്തൊഴിലാളി ക്ഷേമബോര്‍ഡ് – 2000 കോടി (207.4 കോടി), കെ.എഫ്.സി. – 500 കോടി (6.54 കോടി).
പെന്‍ഷന്‍കമ്പനിയുടെ ബാധ്യത സര്‍ക്കാരിന്റെ ബാധ്യതയായി കണക്കാക്കണമെന്നു കംപ്ട്രോളര്‍ ആന്റ്് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയതോടെയാണു പുതിയ പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇതിനുപിന്നാലെ, സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ടുക്കുന്ന വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തണമെന്നു കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചു. കിഫ്ബി, കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍കമ്പനി എന്നിവ എടുത്ത വായ്പകള്‍ ഇതോടെ സര്‍ക്കാരിന്റെ കടമായി മാറി. ഇതുകഴിച്ചുള്ള ബാക്കി തുകമാത്രമേ സര്‍ക്കാരിനു കടമെടുക്കാന്‍ കഴിയൂ എന്ന സ്ഥിതിവന്നു. പുതിയ നിലപാടിനോടുള്ള സംസ്ഥാനത്തിന്റെ വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ നിലപാടില്‍ ഇളവനുവദിക്കണമെന്നു കാണിച്ച് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയും ആവശ്യപ്പെട്ട വിശദാംശങ്ങള്‍ നല്‍കുകയും ചെയ്തു. ഇതിന്റെയടിസ്ഥാനത്തില്‍ നടപ്പു സാമ്പത്തികവര്‍ഷത്തെ ആദ്യത്തെ ഒമ്പതു മാസത്തേക്കു 17,936 കോടി രൂപ പൊതുവിപണിയില്‍നിന്നു കടമെടുക്കുന്നതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ വിയോജിപ്പ് കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങള്‍ എടുത്ത വായ്പ ഓഫ്ബജറ്റ് ബോറോയിങ് ആണെന്ന നിലപാടാണു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. 14,312.80 കോടി രൂപയാണ് ഈ രീതിയില്‍ കണക്കാക്കിയിട്ടുള്ളത്. ഈ തുക നാലു തവണകളായി സംസ്ഥാനത്തിന്റെ കടമെടുപ്പുപരിധിയില്‍നിന്നു കുറയ്ക്കുമെന്നാണു കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി നടപ്പുവര്‍ഷം 3578.20 കോടി രൂപ കടമെടുപ്പുപരിധിയില്‍നിന്നു കുറയ്ക്കും. കിഫ്ബി, പെന്‍ഷന്‍കമ്പനി തുടങ്ങിയ പ്രത്യേകോദ്ദേശ്യസ്ഥാപനങ്ങള് എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവ് സംബന്ധിച്ച് 2021-22 മുതലുള്ള കണക്കുകള്‍ ലഭ്യമാക്കണമെന്നു കാണിച്ച് 2022 ജുലായ് നാലിനു കേന്ദ്ര ധനകാര്യമന്ത്രാലയം കത്തു നല്‍കിയിട്ടുണ്ട്.
ഗ്യാരന്റിയില്നിന്നു
സര്‍ക്കാര്‍ പിന്മാറി
വിപണിയിലെ പലിശ അടിസ്ഥാനമാക്കി നല്കുന്ന സുരക്ഷിതമായ വായ്പയായാണു പെന്‍ഷന്‍കമ്പനിക്കു നല്കുന്ന പണത്തെ സഹകരണ ബാങ്കുകള്‍ കണ്ടത്. ഇതിന്റെ പലിശസഹിതമുള്ള തിരിച്ചടവ് അവര്‍ക്കു മുടങ്ങാതെ കിട്ടുന്നുമുണ്ട്. സര്‍ക്കാരിന്റെ ഗ്യാരന്റിയിലാണു പെന്‍ഷന്‍കമ്പനി കടമെടുക്കുന്നത്. സര്‍ക്കാര്‍ ഗ്യാരന്റി നിന്ന് ഇത്തരം സ്ഥാപനങ്ങളെടുക്കുന്ന വായ്പ സര്‍ക്കാരിന്റെ കടമെടുപ്പുപരിധിയില്‍ കണക്കാക്കുന്ന രീതി വന്നതോടെ ഗ്യാരന്റി നില്ക്കുന്നതില്നിന്നു സര്‍ക്കാര്‍ പിന്മാറി. ഇതോടെ, പെന്‍ഷന്‍കമ്പനിക്കു നല്കുന്ന വായ്പയ്ക്ക് ആരാണ് ഗ്യാരന്റി എന്ന സംശയം ഉയര്‍ന്നു. മാധ്യമങ്ങളിലും ഇതു വലിയ വാര്‍ത്തയായതോടെ സഹകരണ ബാങ്കുകള്‍ക്കും ആശങ്കയുണ്ടായി. സഹകരണ ബാങ്കുകളില്‍ നിക്ഷേപം കൂടുതലും ഗുണപരമായ വായ്പയുടെ തോതു കുറവുമാണ്. നല്കിയ വായ്പ കുടിശ്ശികയാകുന്നതു കൂടിവരുന്നു. മൊറട്ടോറിയം, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി എന്നിവയെല്ലാം സംഘങ്ങളുടെ ബിസിനസിനെ നന്നായി ബാധിച്ചിട്ടുണ്ട്. പലിശ ഒഴിവാക്കി മുതലുമാത്രം ലഭിക്കുന്നതുകൊണ്ട് സംഘങ്ങളുടെ ബിസിനസ്ആരോഗ്യം മെച്ചപ്പെടില്ല. ഈ ഘട്ടത്തിലാണു പെന്‍ഷന്‍കമ്പനിയുടെ വായ്പ സുരക്ഷിതമായി സംഘങ്ങള്‍ക്കു മാറുന്നത്.
സര്‍ക്കാര്‍ ഗ്യാരന്റി പിന്‍വലിച്ചതു സംഘങ്ങള്‍ക്ക് ആശങ്കയുണ്ടാക്കേണ്ടതുണ്ടോയെന്നതാണു പ്രധാന ചോദ്യം. ഇതിനു ധനവകുപ്പുതന്നെ ഉത്തരം നല്‍കിയിട്ടുണ്ട്. ഇതൊരു സാങ്കേതികപ്രശ്നം മാത്രമാണെന്നാണു ധനവകുപ്പ് വിശദീകരിക്കുന്നത്. ‘സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡിനുള്ള സാമ്പത്തികസഹായം സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ല. ഈ സ്ഥാപനം എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പുപരിധിയിലാക്കി എന്നതു വസ്തുതയാണ്. ഇതിലുപരിയായി 2018 ലെ ധനവകുപ്പ്ഉത്തരവിലെ ചില വ്യവസ്ഥകള്‍ കമ്പനിക്കു ഫണ്ട് കണ്ടെത്തുന്നതിനു ചില ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ഇതു മനസ്സിലാക്കി കമ്പനിയുടെ സാമ്പത്തികസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുതകുന്ന രീതിയില്‍ തിരുത്തുകയാണു ചെയ്തത്. പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണിത്. സര്‍ക്കാര്‍സഹായം നല്‍കുന്നതിന് ഈ ഭേദഗതി ഒരു തടസ്സവുമായിട്ടില്ല’. ഇതാണു ധനവകുപ്പിന്റെ വിശദീകരണം. സര്ക്കാര്ഗ്യാരന്റിയില്ലാതെ കമ്പനിക്കു വായ്പയെടുക്കാന്‍ അനുമതി നല്കുന്ന രീതിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ മാറ്റി.
പെന്ഷന് മുന്‍കൂട്ടി നിശ്ചയിക്കുന്ന ചെലവാണ്. ഇതിനായി ബജറ്റില്‍ കൃത്യമായ നീക്കിയിരിപ്പുണ്ടാകും. അതിനാല്‍, പെന്ഷന് കമ്പനിക്കു നല്കുന്ന വായ്പ ഇപ്പോഴും സുരക്ഷിതംതന്നെയാണ്. പക്ഷേ, അതിനുള്ള തിരിച്ചടവ് സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതിയെ അടിസ്ഥാനമാക്കിയാകുമെന്നതില് സംശയമില്ല. ധനകാര്യകമ്മീഷന് നിശ്ചയിച്ചുനല്‍കിയിട്ടുള്ള അനുവദനീയമായ കടമെടുപ്പുപരിധിയെ അടിസ്ഥാനപ്പെടുത്തിയാണു സംസ്ഥാനബജറ്റ് തയാറാക്കാറുള്ളത്. ഇത്തരത്തില്‍ കടമെടുക്കുന്ന തുക പ്രധാനമായും അടിസ്ഥാനസൗകര്യ വികസനത്തിനാണ് ഉപയോഗിക്കുന്നത്. സംസ്ഥാന നിയമസഭ ബജറ്റ് പാസാക്കിയശേഷം പിന്നീട് കടമെടുപ്പുപരിധിയില്‍ കുറവ് വരുത്തുന്നതു സംസ്ഥാനത്തിന്റെ വികസനമുന്‍ഗണനകളെ താളം തെറ്റിക്കുകയും നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ കാലതാമസമുണ്ടാക്കാന്‍ ഇടവരുത്തുകയും ചെയ്യും. ഈ താളംതെറ്റിക്കല് പെന്‍ഷന്‍കമ്പനിയുടെ പ്രവര്‍ത്തനത്തിലും സ്വാഭാവികചലനമുണ്ടാക്കുമെന്നുമാത്രം. അതിന്റെ സൂചനയാണു സെപ്റ്റംബര്‍ മാസത്തെ പെന്‍ഷന്‍വിതരണത്തില്‍ കണ്ടത്. പെന്ഷന് അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയെങ്കിലും അതു കൃത്യമായി വിതരണം ചെയ്യാനായില്ല. ഒക്ടോബര്‍ മൂന്നിനു സര്‍ക്കാര്‍ 1000 കോടി എടുത്തിരുന്നു. 7.7 ശതമാനം പലിശയ്ക്ക് 25 വര്‍ഷത്തേക്കാണ് ഇതിനുള്ള കടപ്പത്രങ്ങള്‍ വിറ്റത്. സെപ്റ്റംബറിലെ ക്ഷേമപെന്ഷന് നല്കാന്വേണ്ട 878 കോടി രൂപ കണ്ടെത്തിയത് ഇതിലൂടെയാണ്. ഇതു ലഭ്യമാകുന്നതിലെ കാലതാമസമാണു പെന്ഷന്വിതരണത്തിലും ഉണ്ടായത്. നേരത്തെ ഈ താമസം ഉണ്ടായിരുന്നില്ല.
കടം
എത്രത്തോളം?
സംസ്ഥാനത്തിന്റെ കടബാധ്യത ഒരു തുടര്‍ച്ചയാണ്. 2010-11 ല്‍ സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 78,673 കോടി രൂപയായിരുന്നു. അഞ്ചു വര്‍ഷം കൊണ്ട് ഇതു 100 ശതമാനം വര്‍ധിച്ച് 1,57,370 കോടിയായി. 2020-21 ല്‍ കടത്തിന്റെ തോത് ഉയര്‍ന്നെങ്കിലും വളര്‍ച്ചനിരക്കില്‍ കുറവുവന്നിട്ടുണ്ടെന്നതു പ്രധാനമായ മാറ്റമാണ്. 2015-16 നെ അപേക്ഷിച്ച് 88.66 ശതമാനത്തില്‍ ഇതു പരിമിതപ്പെടുത്താന്‍ കഴിഞ്ഞു. കേന്ദ്രധനകാര്യ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു കേന്ദ്രസര്‍ക്കാര്‍ ഓരോ വര്‍ഷവും സംസ്ഥാനത്തിനു വായ്പാപരിധി നിശ്ചയിച്ചുനല്‍കുന്നത്. അതനുസരിച്ച് നടപ്പുവര്‍ഷത്തെ കടമെടുപ്പുപരിധി സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.5 ശതമാനമാണ്. അതായത്,. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോല്പ്പാദനമായി കേന്ദ്രസര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത് 9,26,837 കോടി രൂപയാണ്. ഇതിന്റെ 3.5 ശതമാനമായ 32,439 കോടി രൂപയാണു സംസ്ഥാനത്തിന്റെ നടപ്പുവര്‍ഷത്തെ കടമെടുപ്പുപരിധി. സംസ്ഥാനസര്‍ക്കാര്‍ നിലവിലെ ആകെ 46,391.38 കോടി രൂപയ്ക്കാണു ഗ്യാരന്റി നല്‍കിയിട്ടുള്ളത്. ഇതു സംസ്ഥാനത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 4.64 ശതമാനമാണ്.
കടം വാങ്ങിയാണു സംസ്ഥാനം സാമ്പത്തികപ്രതിസന്ധി മറികടക്കുന്നത്. ഒക്ടോബറില്‍ 1500 കോടി രൂപയാണു കേരളം കടമെടുത്തത്. കേന്ദ്രം അനുവദിച്ച പരിധിക്കുള്ളിലാണിത്. ഇതോടെ, ഈ സാമ്പത്തികവര്‍ഷം ഇതുവരെ പൊതുവിപണിയില്‍നിന്നുള്ള കടം 11,436 കോടി രൂപയാവും. വായ്പപ്പരിധി വെട്ടിക്കുറച്ചതിനാല്‍ ഡിസംബര്‍വരെ 17,936 കോടി രൂപ കടമെടുക്കാനാണു കേരളത്തിനു കേന്ദ്രം അനുമതി നല്‍കിയത്. ഇതില്‍ ഇനി ശേഷിക്കുന്നതു 6500 കോടി രൂപയാണ്. ഡിസംബറിനുശേഷം കേന്ദ്രം കൂടുതല്‍ വായ്പ അനുവദിച്ചില്ലെങ്കില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു കേരളം വഴുതിവീഴുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. കടമെടുക്കുന്നതിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനും മറ്റു സ്ഥിരം ചെലവുകള്‍ക്കുമാണ് ഉപയോഗിക്കുന്നത്. ക്ഷേമപെന്ഷന് കമ്പനിയും കിഫ്ബിയും എടുത്ത വായ്പകള്‍ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയിലാണു സംസ്ഥാനം.