പുതിയ ഭക്ഷ്യ മാതൃകയുമായി കണ്ണമ്പ്ര ബാങ്ക്

moonamvazhi

അനില്‍ വള്ളിക്കാട്

14 ബാങ്കിങ്ങിതരസ്ഥാപനങ്ങള്‍ നടത്തുന്നുണ്ട് പാലക്കാട്ടെ
കണ്ണമ്പ്രസര്‍വീസ് സഹകരണ ബാങ്ക്. ഇപ്പോള്‍ ഫുഡ്‌കോര്‍ട്ടും
തുടങ്ങി. വീടുകളിലും ഓഫീസുകളിലും യാത്രക്കാര്‍ക്കും ഓണ്‍ലൈന്‍
വഴി ശുദ്ധമായ ഭക്ഷണം നല്‍കുകയാണ ഫുഡ്‌കോര്‍ട്ടിന്റെ ലക്ഷ്യം.

 

‘കുറച്ചു ഭക്ഷണം, നല്ല ഭക്ഷണം’ എന്ന പദ്ധതിയിലൂടെ പുതിയ ഭക്ഷ്യ സംസ്‌കാരവും മാതൃകയും മുന്നോട്ടുവെക്കുകയാണു പാലക്കാട് കണ്ണമ്പ്ര സര്‍വീസ് സഹകരണ ബാങ്ക്. വീടുകളിലും ഓഫീസുകളിലുമുള്ളവര്‍ക്കും യാത്രക്കാര്‍ക്കുമൊക്കെ ഓണ്‍ലൈന്‍ വഴി ഭക്ഷണം എത്തിച്ചുകൊടുക്കാന്‍ ബാങ്കിന്റെ ഫുഡ് കോര്‍ട്ട് മുഴുവന്‍ സമയവും സേവനസജ്ജം. പൂര്‍ണമായും കാര്‍ഷിക ഗ്രാമമായ കണ്ണമ്പ്രയിലെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്ന ഭക്ഷണമാണു വിതരണം ചെയ്യുന്നതെന്ന പ്രത്യേകതയും ഫുഡ് കോര്‍ട്ടിനുണ്ട്.

14 ബാങ്കിങ്ങിതര സ്ഥാപനങ്ങള്‍ നടത്തുന്ന കേരളത്തിലെ മികച്ച സഹകരണ ബാങ്കുകളിലൊന്നാണു കണ്ണമ്പ്രയിലേത്. ഇതില്‍ രാസവള വില്‍പ്പന മുതല്‍ സിവില്‍ സര്‍വീസ് അക്കാദമിയുടെ നടത്തിപ്പുവരെ ഉള്‍പ്പെടും. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തു സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കോപ് മാര്‍ട്ട് സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയതും കണ്ണമ്പ്ര ബാങ്കാണ്. പാലക്കാട് ജില്ലയില്‍ കോപ് മാര്‍ട്ടിന്റെ നോഡല്‍ ഓഫീസും ഓപ്പറേറ്റീവ് ഏജന്‍സിയും കൂടിയാണു കണ്ണമ്പ്ര ബാങ്ക്. കേരളത്തിലുടനീളമുള്ള സഹകരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ഉല്‍പ്പന്നങ്ങളും പ്രാദേശിക തലത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയും ലഭ്യമാക്കാനുള്ള ഏകീകൃത വിപണന ശാലയാണു കോപ് മാര്‍ട്ട്. കണ്ണമ്പ്രയിലെ കൃഷിക്കാരില്‍ നിന്നുള്ള പഴം , പച്ചക്കറി എന്നിവക്കു പുറമെ ബാങ്കിന്റെ കീഴിലുള്ള അഗ്രോ പാര്‍ക്കില്‍ നിന്നു ജൈവ രീതിയില്‍ കൃഷിചെയ്യുന്ന വിവിധതരം മീനുകള്‍, മുട്ടകള്‍, നാടന്‍ ഇറച്ചിക്കോഴികള്‍, പച്ചക്കറികള്‍ എന്നിവയും ഇവിടെ ലഭിക്കും.

നേരെത്തെത്തന്നെ ബാങ്ക് സ്വന്തമായി സഹകരണ ബസാര്‍ തുടങ്ങിയിരുന്നു. ആധുനിക രീതിയില്‍ 4500 ചതുരശ്ര അടി വിസ്തൃതിയില്‍ സജ്ജമാക്കിയ ഈ സൂപ്പര്‍ മാര്‍ക്കറ്റ് പാലക്കാട് ജില്ലയില്‍ സഹകരണ മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമാണ്. ഇതിനകത്താണു കോപ് മാര്‍ട്ടുള്ളത്. പ്രതിദിനം ഒന്നര ലക്ഷത്തിലേറെ രൂപ വിറ്റുവരവുള്ള ബസാറില്‍ എല്ലാ ഉപഭോക്തൃ സാധനങ്ങളും കിട്ടും. സഹകരണ മാര്‍ട്ടിന്റെയും ബസാറിന്റെയും അനുബന്ധ സ്ഥാപനമെന്ന നിലയിലാണു ഫുഡ് കോര്‍ട്ട് തുടങ്ങിയത്. നല്ല ഭക്ഷണം എന്ന നിലയില്‍ സ്ഥിരം ആവശ്യക്കാര്‍ക്കു പുറമെ കോവിഡ് കാലത്തെ സവിശേഷ സാഹചര്യത്തിലും ധാരാളം പേര്‍ ഫുഡ് കോര്‍ട്ടിനെ ആശ്രയിക്കുന്നുണ്ട്.

വൈവിധ്യം, നൂതനം

നൂതനമായ ആശയങ്ങളിലൂടെ ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റാനുള്ള ശ്രമത്തില്‍ കണ്ണമ്പ്ര ബാങ്ക് ഇപ്പോഴും ഒരു മുഴം മുന്നിലാണ്. ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പ്പാദനത്തിലും വിപണനത്തിലും കേരളം നേരിടുന്ന വെല്ലുവിളിയെ അതിജീവിക്കാനുള്ള പുതുവഴിയെന്ന നിലയിലാണു ‘കുറച്ചു ഭക്ഷണം നല്ല ഭക്ഷണം’ പദ്ധതിയെ കണ്ണമ്പ്ര ബാങ്ക് അവതരിപ്പിക്കുന്നത്. നാട്ടിലെ ഓരോ വീട്ടിലെയും ഭക്ഷണാവശ്യങ്ങളെക്കുറിച്ച് പഠിച്ച് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അതതു വീടുകളില്‍ ഭക്ഷണം എത്തിച്ചു നല്‍കുന്ന ജോലിയാണു ബാങ്ക് ഏറ്റെടുത്തിരിക്കുന്നത്. കോവിഡ്കാലത്ത് വീടുകളില്‍ പുതിയ ഭക്ഷണ സംസ്‌കാരം വന്നുകഴിഞ്ഞതായാണു ബാങ്കിന്റെ കണ്ടെത്തല്‍. ശരീരത്തിനാവശ്യമുള്ളതു കുറവായും ആവശ്യമില്ലാത്തതു കൂടുതലായും ഭക്ഷിച്ചുതുടങ്ങിയിട്ടുണ്ട്. കോവിഡിന്റെ കാലം കഴിയുമ്പോഴേക്കും ഭക്ഷണ സംബന്ധമായ പുതിയ രോഗാവസ്ഥയെ ജനങ്ങള്‍ നേരിടേണ്ടിവരും എന്നതാണു സ്ഥിതി. ഇതിനൊരു പരിഹാരം എന്ന നിലയിലാണു പുതിയ ഭക്ഷണ രീതിക്കു ബാങ്ക് തുടക്കമിട്ടത്.

ഉറപ്പുളള ഗുണമേന്‍മ

ഫുഡ് കോര്‍ട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണത്തിനു നൂറു ശതമാനം ഗുണമേന്‍മ ബാങ്ക് ഉറപ്പാക്കുന്നുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിനുവേണ്ടി ഉപയോഗിക്കുന്ന സാധനങ്ങള്‍ പൂര്‍ണമായും ബസാറിന്റെ ഉല്‍പ്പന്നങ്ങളാണ്. ബാങ്ക് സ്വന്തമായി ജൈവ രീതിയില്‍ കൃഷി ചെയ്‌തെടുക്കുന്ന മാംസവും പച്ചക്കറിയും ഉപയോഗിക്കുന്നതു കൊണ്ട് ഭക്ഷണത്തിന്റെ ഗുണവും സുരക്ഷിതത്വവും വിശ്വാസ്യതയും വര്‍ധിക്കുന്നു. ഹോട്ടല്‍ ഭക്ഷണത്തിന്റെ അപകടത്തില്‍ നിന്നു ആളുകളെ രക്ഷപ്പെടുത്താനുള്ള മാര്‍ഗമെന്ന നിലയില്‍ക്കൂടിയാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാരുടെ മുഴുവന്‍സമയ സേവനം ഫുഡ് കോര്‍ട്ടില്‍ ഉറപ്പാക്കിയിട്ടുണ്ട്.

വിതരണം വിപുലം

കോപ്പറേറ്റീവ് ബസാറില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന അത്യാധുനികമായ സെമിനാര്‍ ഹാള്‍ ( മിനി തിയേറ്റര്‍ ) ഒരുക്കിയിട്ടുണ്ട്. ഭക്ഷണം ഇരുന്നു കഴിക്കാന്‍ സൗകര്യം കൂടിയുണ്ട് ഫുഡ് കോര്‍ട്ടിന്. എന്നാല്‍, ഫുഡ് കോര്‍ട്ട് എന്നതു ഹോട്ടല്‍ സംവിധാനമല്ല. സെമിനാര്‍ ഹാളിലെ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കു മാത്രം ഇരുന്നു ഭക്ഷണം കഴിക്കാനുള്ളതും വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ഭക്ഷണം അവരുടെ ഇടത്ത് എത്തിച്ചു നല്‍കുന്നതുമായ ഒരു സ്ഥിരം സംവിധാനമാണിത്. ഓണ്‍ലൈന്‍ വഴിയുള്ള തൊഴിലവസര സാധ്യത ഇതിലൂടെ വര്‍ധിക്കുകയും ചെയ്യുന്നു.

വീടുകളിലെ ആവശ്യം പരിഗണിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം സഹകരണ മേഖലയില്‍ ആദ്യത്തേതാണ്. കുറഞ്ഞ വിലയില്‍ നല്ല ഭക്ഷണം കിട്ടുന്നു എന്ന ആശ്വാസവുമുണ്ട്. വീടുകളിലുള്ളവര്‍ക്കു പുറമെ യാത്രക്കാര്‍, ജീവനക്കാര്‍ എന്നിവരെയുംകൂടി പരിഗണിച്ചുകൊണ്ടുള്ള വിതരണ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബാങ്കിന്റെ ബസാറില്‍ നിന്നു വെറും അഞ്ചു കിലോ മീറ്റര്‍ ദൂരം മാത്രമാണു വാളയാര്‍ – മണ്ണുത്തി ഹൈവേയിലേക്കുള്ളത്. കൂടാതെ ബസാറിനു മുന്നിലൂടെ ഹൈവേ ബന്ധിപ്പിച്ചുപോകുന്ന ബൈപാസ് റോഡുമുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെയുള്ള നിരവധി പേരാണു ദിവസേന ഇതുവഴി യാത്ര ചെയ്യുന്നത്. ഇവര്‍ ഓണ്‍ലൈന്‍ വഴി ഫുഡ് കോര്‍ട്ടില്‍ ഭക്ഷണം ബുക്ക് ചെയ്താല്‍ ബസാറിന്റെ പരിസര പ്രദേശത്ത് എത്തുന്ന സമയം സ്വന്തം വാഹനത്തിലിരുന്നു കഴിക്കാനുള്ള സൗകര്യത്തോടെ ഭക്ഷണം വാഹനത്തിലെത്തിച്ചു നല്‍കും. ദിവസേനയുള്ള ദൂരയാത്രക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് ആവശ്യാനുസരണം ചൂടാറാപ്പെട്ടിയിലുള്ള പാക്കിങ്ങോടെ ഭക്ഷണം പാര്‍സലായും നല്‍കും. ബാങ്കിന്റെ പരിസര പ്രദേശത്തുള്ള ഓഫീസുകളില്‍ കൃത്യമായും വൃത്തിയായും ഭക്ഷണമെത്തിച്ചു നല്‍കുന്നതാണു മറ്റൊരു രീതി. കോവിഡ് കാലത്തെ ഭക്ഷണപ്പേടി അകറ്റാന്‍ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഭക്ഷണത്തിന്റെ പാചക , വിതരണ കാര്യങ്ങളില്‍ ഏര്‍പ്പെടുത്തിയത് ആളുകള്‍ക്കു കൂടുതല്‍ സഹായകരമായെന്നു ബാങ്ക് സെക്രട്ടറി ആര്‍. സുരേന്ദ്രന്‍ പറയുന്നു.

കരുണയും കരുത്തും

പാലക്കാടിന്റെയും തൃശ്ശൂരിന്റെയും അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ ഇത്രയധികം സ്ഥാപനങ്ങള്‍ക്കു സാധ്യതയുണ്ടോ എന്ന ചോദ്യമാണ് ഓരോ പദ്ധതി തുടങ്ങുമ്പോഴും ഉയര്‍ന്നിരുന്നതെന്നു ബാങ്ക് സെക്രട്ടറി ഓര്‍ക്കുന്നു. എന്നാല്‍, കണ്ണമ്പ്രയെ എല്ലാവിധ സൗകര്യങ്ങളോടും കൂടി സ്വയംപര്യാപ്ത ഗ്രാമമാക്കുക എന്നതാണു ബാങ്കിന്റെ ലക്ഷ്യം. ബാങ്കിന്റെ എല്ലാ പദ്ധതികളും വിജയം കാണുകയും ചെയ്തു. നാട്ടുകാരുടെ ജീവിതത്തെ ബാങ്കിന്റെ നാനാതരം സേവനങ്ങളുമായി ബന്ധിപ്പിച്ചെടുക്കുക എന്നതാണു പദ്ധതി വിജയിപ്പിക്കാനുള്ള ശ്രമകരമായ ദൗത്യം. കോവിഡ് കാലത്ത് ബാങ്ക് ഏറ്റെടുത്ത ഏറ്റവും മികച്ച സേവനം കുടുംബശ്രീ യൂണിറ്റുകള്‍ വഴി ആവശ്യമുള്ളവര്‍ക്കെല്ലാം രണ്ടായിരം രൂപ വിലവരുന്ന പലവ്യഞ്ജന സാധനങ്ങള്‍ നല്‍കി എന്നതാണ്. ഈ തുക ഓരോരുത്തരുടെയും പേരില്‍ പലിശരഹിത കാഷ് ക്രെഡിറ്റായി നിലനിര്‍ത്തും. പിന്നീട് വാങ്ങുന്ന സാധനങ്ങളുടെ വില മാത്രം ഗഡുക്കളായി തിരിച്ചടച്ചാല്‍ മതിയാകും. തിരിച്ചടവ് ഇനിയും തുടങ്ങിയിട്ടില്ല. മഹാമാരി പൂര്‍ണമായും അവസാനിച്ചാല്‍ മാത്രമേ ഗഡുക്കള്‍ നിശ്ചയിച്ച് തുക തിരിച്ചുവാങ്ങുകയുള്ളു. ഇതിനും പലിശയില്ല. കോവിഡ് കാലത്ത് നാടിനെ ചേര്‍ത്തു പിടിച്ചതു മാത്രമല്ല, സഹകരണ മേഖലയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സ്വയം അതിജീവിക്കുകയും മറ്റു ബാങ്കുകളെ സഹായിക്കുകയും ചെയ്ത പാരമ്പര്യം കൂടി കണ്ണമ്പ്ര ബാങ്കിനുണ്ട്.

2019 – 20 ലെ മികച്ച പ്രവര്‍ത്തനത്തിനു കേരള സഹകരണ വകുപ്പിന്റെ പ്രത്യേക പരാമര്‍ശത്തിനു അര്‍ഹമായ ബാങ്കുകളിലൊന്നാണു കണ്ണമ്പ്ര സര്‍വിസ് സഹകരണ ബാങ്ക്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!