പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടുമെന്ന് നയപ്രഖ്യാപനം; ചെറുകിട സഹകരണ വായ്പ 547 കോടി

moonamvazhi

സഹകരണ മേഖലയ്ക്ക് പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ പുതിയ നയപ്രഖ്യാപനം. സാധരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തില്‍ സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് ഇടപെടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് നിയമസഭയില്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ പറയുന്നു. സ്വകാര്യ പണമിടപാടുകാരുടെ പിടിയില്‍നിന്ന് ഗ്രാമീണ കുടുംബങ്ങളെ മോചിപ്പിക്കാനായി തയ്യാറാക്കിയ മുറ്റത്തെ മുല്ല, താഴ്ന്ന വരുമാനക്കാര്‍, തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍ എന്നിവര്‍ക്കുള്ള സാമ്പത്തിക സഹായം എന്നിവയെല്ലാമായി 547.16 കോടിരൂപയുടെ വായ്പയാണ് സഹകരണ സംഘങ്ങള്‍ വിതരണം ചെയ്തത്.

സ്‌നേഹതീരം പദ്ധതിയില്‍ തീരദേശത്തെ ജനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ ഫിക്‌സഡ് ടേം ലോണ്‍ അനുവദിച്ചു. പ്രതിസന്ധി നേരിടുന്നതും, ദുര്‍ബലമോ അല്ലെങ്കില്‍ പ്രവര്‍ത്തന രഹിതമോ ആകുന്ന സംഘങ്ങളുടെ പുനരധിവാസത്തിനും പുനരുജീവനത്തിനുമായി സഹകരണ പുനരുജ്ജീവന ഫണ്ട് പദ്ധതി രൂപീകരിക്കുമെന്നും നയപ്രഖ്യാപനത്തിലുണ്ട്.

പാല്‍ ഉല്‍പാദനക്ഷമതിയില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. അടുത്തവര്‍ഷത്തിനുള്ളില്‍ പാല്‍ ഉല്‍പാദനത്തില്‍ കേരളം സ്വയംപര്യാപ്തത േനടും. 2023-ല്‍ കേന്ദ്ര മൃഗസംരക്ഷണ ക്ഷീരമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്റെ മലബാര്‍ യൂണിയനാണ് രാജ്യത്തെ മികച്ച നിലവാരമുള്ള പാല്‍ നല്‍കുന്നതെന്നും നയപ്രഖ്യാപനം പറയുന്നു.

വേള്‍ഡ് കോഓപ്പറേറ്റീവ് മോണിറ്റര്‍ റിപ്പോര്‍ട്ട് പ്രകാരം ജി.ഡി.പി. അടിസ്ഥാനത്തില്‍ സാമ്പത്തിക സേവനമേഖലയില്‍ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനം കേരളബാങ്കാണ്. ആഗോളതലത്തില്‍ ഏഴാമത്തെ സ്ഥാപനവും കേരളബാങ്കാണ്. സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷന്‍ കേരളബാങ്കിനെ തുടര്‍ത്തയായ മൂന്നുവര്‍ഷമായി രാജ്യത്തെ മികച്ച ബാങ്കായി അംഗീകരിച്ചിട്ടുണ്ടെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published.