പാര്‍ട്ട് ടൈം ജീവനക്കാരും അധ്യാപകരും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍പ്പെടില്ല

Deepthi Vipin lal

പാര്‍ട്ട് ടൈം ജീവനക്കാരും പാര്‍ട്ട് ടൈം അധ്യാപകരും പാര്‍ട്ട് ടൈം തസ്തികയില്‍ തുടരുന്നിടത്തോളം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി പാര്‍ട്ട് ടൈം ജീവനക്കാരും അധ്യാപകരും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം നേടുന്നതായും എന്‍.പി.എസ്. വിഹിതം അടയ്ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു പുതിയ ഉത്തരവ്. അര്‍ഹതയില്ലാത്തവര്‍ എന്‍.പി.എസ്. വിഹിതം അടയ്ക്കുന്നത് എത്രയും പെട്ടെന്നു നിര്‍ത്തലാക്കാനും ഈ വിഭാഗം ജീവനക്കാരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്നൊഴിവാക്കാനും നിയമനാധികാരികള്‍ക്കും ഡി.ഡി.ഒ. മാര്‍ക്കും ധനകാര്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

കെ.എസ്.ആര്‍. ഭാഗം III ബാധകമായിരുന്ന വിഭാഗങ്ങളില്‍ 2013 ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കു പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കി സര്‍ക്കാര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാല്‍, പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബാധകമല്ലെന്നു 2014 ഡിസംബര്‍ 16 നു സര്‍ക്കാര്‍ വ്യക്തത വരുത്തിയിരുന്നു. കൂടാതെ, 2013 ഏപ്രില്‍ ഒന്നിനു മുമ്പ് പാര്‍ട്ട് ടൈം തസ്തികയിലോ പാര്‍ട്ട് ടൈം അധ്യാപക തസ്തികയിലോ നിയമനം കിട്ടി സേവനത്തില്‍ തുടരവേ പ്രസ്തുത തസ്തികയില്‍ നിന്നു 2013 ഏപ്രില്‍ ഒന്നിനു ശേഷം ഫുള്‍ടൈം തസ്തികയിലേക്കു ബൈ ട്രാന്‍സ്ഫര്‍ / ബൈ പ്രമോഷന്‍ മുഖേന നിയമിതരായിട്ടുള്ള ജീവനക്കാരെയും കെ.എസ്.ആര്‍. ഭാഗം III പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ 2018 നവംബര്‍ 16 നു ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published.