പദ്ധതി വിനിയോഗം- സഹകരണവകുപ്പ് മുന്നിൽ.
സാമ്പത്തികവർഷം അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ വാർഷിക പദ്ധതിയിൽ ഏറ്റവും കൂടുതൽ ചെലവിട്ട് സഹകരണവകുപ്പ് മുന്നിലെത്തി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ട്രഷറി നിയന്ത്രണം തുടരവേ 20 ശതമാനം പല വകുപ്പുകളിലും വെട്ടിക്കുറവ് വരുത്തിയിട്ടും ഇക്കുറി പദ്ധതി വിനിയോഗം ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാൻ ഇടയില്ല. ഇനി ബാക്കിയുള്ള ആറു ദിവസം കൊണ്ട് 11510 കോടി ചെലവിടാൻ ഉണ്ട്. ഈ ആറു ദിവസം കൊണ്ട് ഇത് നടക്കാൻ സാധ്യത കുറവാണ്.
ഇക്കൊല്ലത്തെ 29150 കോടി രൂപയുടെ പദ്ധതിയിൽ മാർച്ച് 24 വരെ ചെലവിട്ടത് 17640.66 കോടിയാണ്. ഇത് 60.52 ശതമാനമാണ്. ബാക്കി 40 ശതമാനം തുക ഒരാഴ്ചകൊണ്ട് പൂർത്തീകരിക്കാൻ കഴിയില്ല. സഹകരണ വകുപ്പിന് 160.36 കോടിയായിരുന്നു ബജറ്റ് വിഹിതം. 374.34 കോടി വിനിയോഗിച്ചു. അതായത് 233.44 ശതമാനം. പൊതുമരാമത്ത് വിഭാഗം രണ്ടും തുറമുഖവകുപ്പ് മൂന്നാംസ്ഥാനത്തും ആണ് ഇപ്പോഴുള്ളത്. ഭവന വകുപ്പാണ് ഇപ്പോൾ ഏറ്റവും പിന്നിൽ. പദ്ധതി വിഹിതം കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയതിൽ സഹകരണ വകുപ്പിനു അഭിമാനിക്കാം.