പത്തു ശാഖയുമായി കണ്ണൂര്‍ ടൗണ്‍ ബാങ്ക് മുന്നോട്ട്

moonamvazhi

43 വര്‍ഷത്തിനുള്ളില്‍ പത്തു ശാഖകളായി പടര്‍ന്നു പന്തലിച്ച
കണ്ണൂര്‍ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിലിപ്പോള്‍
94,000 അംഗങ്ങളുണ്ട്. ഈ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ്
ബാങ്കിന്റെ നിക്ഷേപം 318 കോടി രൂപയാണ്. സഹകരണ
വനിതാ ഹോട്ടലും ഹോസ്റ്റലും സ്ഥാപിച്ച് സേവനമേഖല
വലുതാക്കാനാണു ബാങ്കിന്റെ പരിപാടി.

 

കണ്ണൂര്‍ തെക്കി ബസാറിലെ ചെറിയ വാടകക്കെട്ടിടത്തില്‍നിന്നു ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡിലേക്കുളള കണ്ണൂര്‍ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വളര്‍ച്ച വിസ്മയകരമാണ്. 43 വര്‍ഷത്തിനുള്ളിലെ അസൂയാവഹമായ ഈ വളര്‍ച്ചക്കു പിന്നില്‍ കഠിനാധ്വാനമുണ്ട്, ജനങ്ങളുടെ അചഞ്ചല വിശ്വാസവും പിന്തുണയുമുണ്ട്. കണ്ണൂര്‍ നഗരഹൃദയത്തിലെ മെയിന്‍ ബ്രാഞ്ചടക്കം പത്തു ശാഖകളായി വളര്‍ന്നു പന്തലിച്ചിരിക്കുന്ന ഈ സഹകരണസ്ഥാപനമിപ്പോള്‍ സഹകരണ മേഖലയില്‍ വനിതാ ഹോട്ടലും ലേഡീസ് ഹോസ്റ്റലും തുടങ്ങാനുളള തയാറെടുപ്പിലാണ്.

അംഗങ്ങള്‍
94,000

1980 ആഗസ്റ്റ് പത്തിനു രജിസ്റ്റര്‍ ചെയ്യുകയും അക്കൊല്ലം ഡിസംബര്‍ പത്തിനു പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്ത കണ്ണൂര്‍ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് വാടകക്കെട്ടിടത്തില്‍ നിന്നു സ്വന്തം കെട്ടിടത്തിലേക്കും പത്തു ശാഖകളിലേക്കും വളര്‍ന്നതു ജനങ്ങളുടെ വിശ്വാസം നേടിയെടുത്തതുകൊണ്ടും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടുമാണ്. 1980 ല്‍ എം. സുകുമാരന്‍ പ്രസിഡന്റായുളള ഭരണ സമിതിയുടെ നേതൃത്വത്തിലാണു ബാങ്ക് പിറവിയെടുത്തത്. തുടര്‍ന്ന് ടി.എം. ജനാര്‍ദ്ദനന്‍ പ്രസിഡന്റായി. തുടക്കത്തില്‍ നാമമാത്രമായിരുന്നു അംഗങ്ങള്‍. 2022 മാര്‍ച്ച് 31 വരെ എ, ബി, സി, ഡി വിഭാഗങ്ങളിലായി 93,408 അംഗങ്ങളാണുളളത്. ബാങ്കിന്റെ ഏ ക്ലാസ് അംഗസംഖ്യ 2978 ആണ്. 2023 ലെത്തിയപ്പോള്‍ 94,000ത്തോളം അംഗങ്ങളുണ്ട്. 3.73 കോടി രൂപ ബാങ്കിനു മൂലധനമായുണ്ട്.

കണ്ണൂര്‍ കണ്ടോണ്‍മെന്റ് പരിധിക്കുളളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലെ പടന്ന, വെറ്റിലപ്പളളി, നീര്‍ച്ചാല്‍, അറക്കല്‍, ചൊവ്വ, താണ, സൗത്ത് ബസാര്‍, ടെംപിള്‍, തായത്തെരു, കസാനക്കോട്ട, ആയിക്കര, കാനത്തൂര്‍, തളിക്കാവ്, പയ്യാമ്പലം എന്നീ ഡിവിഷനുകളിലുമാണു ബാങ്കിന്റെ പ്രവര്‍ത്തനം വ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പ്രമുഖ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് ബാങ്കാണിത്. ബാങ്കിന്റെ ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ ഏ ആണ്. ബാങ്കിന്റെ പ്രവര്‍ത്തനമൂലധനം 320 കോടി രൂപയാണ്. ഓണ്‍ ഫണ്ട് 49.27 കോടി രൂപയാണ്. 318 കോടി രൂപയുടെ നിക്ഷേപവും 199 കോടി രൂപയുടെ ലോണും ബാങ്കിനുണ്ട്.

കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിനു മുന്നില്‍ സ്വന്തമായി നിര്‍മിച്ച കെട്ടിടത്തിലാണു ഹെഡ് ഓഫീസും മെയിന്‍ ബ്രാഞ്ചും പ്രവര്‍ത്തിക്കുന്നത്. ഇതു കൂടാതെ കുഴിക്കുന്ന്, തയ്യില്‍, താണ, സിറ്റി, തെക്കി ബസാര്‍ ഈവനിങ്, ബര്‍ണ്ണശ്ശേരി, തയ്യില്‍ ഈവനിങ്, കാമ്പസാര്‍, കുഴിക്കുന്ന് ഈവനിങ് ബ്രാഞ്ച് എന്നിവിടങ്ങളിലായി ബാങ്കിന്റെ ബ്രാഞ്ചുകളുണ്ട്. ഇരുന്നൂറിലധികം പേര്‍ക്കിരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ച് കെട്ടിടത്തിലും തയ്യില്‍ ബ്രാഞ്ച് കെട്ടിടത്തിലും സജ്ജമാക്കിയിട്ടുണ്ട്. മെയിന്‍ ബ്രാഞ്ച്, സിറ്റി ബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ടി.എം. സൗകര്യമുണ്ട്. രാജ്യത്തിന്റെ എവിടെ നിന്നും ബാങ്കിലേക്കു നേരിട്ട് പണമയക്കാവുന്ന ആര്‍.ടി.ജി.എസ്, നെഫ്റ്റ് സൗകര്യം ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലുമുണ്ട്. തയ്യില്‍, തയ്യില്‍ ഈവനിങ്, കുഴിക്കുന്ന് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതു സ്വന്തം കെട്ടിടത്തിലാണ്. ബാങ്കിനു കീഴില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിദിനം ഏഴുപതിനായിരത്തോളം രൂപയുടെ മരുന്നുവില്‍പ്പന ഇവിടെ നടക്കുന്നുണ്ട്. 12 മുതല്‍ 15 ശതമാനംവരെ വിലക്കുറവിലാണു നീതി സ്റ്റോറില്‍നിന്നു ഔഷധങ്ങള്‍ വിതരണം ചെയ്യുന്നത്. കണ്‍സ്യൂമര്‍ ഫെഡറേഷനില്‍ നിന്നു ലഭിക്കുന്ന ഇന്‍സുലിന്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ക്കു 15 ശതമാനവും മറ്റുള്ളവയ്ക്കു 12 ശതമാനവും വിലക്കിഴിവ് അനുവദിക്കുന്നുണ്ട്. ഈ നീതി സ്റ്റോറില്‍ 2022 മാര്‍ച്ച് 31 വരെയുളള സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം 66.81 ലക്ഷം രൂപയുടെ ഔഷധങ്ങള്‍ വിറ്റിട്ടുണ്ട്. മരുന്നുകള്‍ വീട്ടിലെത്തിച്ചും നല്‍കുന്നു.

കണ്ണൂര്‍ നഗരത്തില്‍ വിവിധയിടങ്ങളിലായി നാല്‍പ്പതോളം സെന്റ് സ്ഥലം ബാങ്ക് വാങ്ങിയിട്ടുണ്ട്. താണയില്‍ വാങ്ങിയ 13 സെന്റ് സ്ഥലത്ത് അഞ്ചു കോടി രൂപ ചെലവില്‍ പുതുതായി മൂന്നുനില കെട്ടിടം നിര്‍മാണഘട്ടത്തിലാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണു നിര്‍മാണച്ചുമതല നല്‍കിയിരിക്കുന്നത്. ഇവിടെ ബാങ്ക് ശാഖ കൂടാതെ സ്ത്രീകളുടെ നേതൃത്വത്തില്‍ ഹോട്ടല്‍ ആരംഭിക്കാനാണു ഉദ്ദേശിക്കുന്നത്. ഇതു കൂടാതെ കണ്ണൂര്‍ നഗരത്തില്‍ ജോലിയാവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്കു താമസിക്കാനായി ഹോസ്റ്റലും സജ്ജമാക്കുന്നുണ്ട്. 30 സ്ത്രീകള്‍ക്കെങ്കിലും ഇവിടെ താമസസൗകര്യമൊരുക്കും.

തയ്യില്‍മേഖലയിലെ കടലോരവാസികള്‍ക്കു മീന്‍പിടിത്ത ഉപകരണങ്ങള്‍ വാങ്ങാന്‍ ബാങ്ക് വായ്പകള്‍ നല്‍കുന്നുണ്ട്. വല, എഞ്ചിന്‍, ബോട്ട് എന്നിവ വാങ്ങാനാണു ലോണ്‍ നല്‍കുന്നത്. പ്ലാന്‍ഫണ്ടില്‍ നിന്നു ചെറിയ പലിശയ്ക്കു മൂന്നു പേര്‍ക്കു പത്തു ലക്ഷം രൂപ വീതം ബോട്ട് വാങ്ങാന്‍ വായ്പ നല്‍കിയിട്ടുണ്ട്. ഉത്സവ സീസണില്‍ മാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കുണ്ടാകുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉത്സവച്ചന്തകള്‍ സംഘടിപ്പിക്കാറുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും സഹായത്തോടെ വിഷു, ഓണം ചന്തകള്‍ ബാങ്കിന്റെ സൗത്ത് ബസാര്‍ ബ്രാഞ്ചിനോടനുബന്ധിച്ച് നടത്താറുണ്ട്.

ക്ഷേമ പെന്‍ഷന്‍
വിതരണം

സര്‍ക്കാര്‍ വിവിധ ജനവിഭാഗങ്ങള്‍ക്കു വിവിധ ഘട്ടങ്ങളില്‍ പ്രഖ്യാപിക്കുന്ന ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിച്ചുനല്‍കുന്ന പ്രവര്‍ത്തനം ബാങ്കിന്റെ ബില്‍ കളക്ടര്‍മാര്‍ മുഖാന്തരം ചെയ്യുന്നുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തനപരിധിയിലുളള 2135 പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുന്നുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ മുന്നൂറോളം വരുന്ന കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരുടെ പെന്‍ഷനും ബാങ്കുവഴിയാണു വിതരണം ചെയ്യുന്നത്.

ബാങ്കിന്റെ പ്രവര്‍ത്തനപരിധിയില്‍ താമസിക്കുന്ന നിര്‍ധനരും രോഗികളുമായവര്‍ക്കു സൗജന്യമായി ചികിത്സ നല്‍കുന്ന ഐ.ആര്‍.പി.സി.യ്ക്കുളള ധനസഹായം, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനു മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കല്‍, വായനശാലകള്‍ക്കു ധനസഹായം, കണ്ണൂര്‍ വെറ്ററിനറി ഹോസ്പിറ്റലില്‍ ഒ.പി.യിലേക്കാവശ്യമായ ലെറ്റര്‍പാഡ് അടിച്ചുനല്‍കല്‍, സ്‌കൂളുകള്‍ക്കു ധനസഹായം എന്നിവ ബാങ്കിന്റെ പൊതുനന്മാ ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്.

ബാങ്കില്‍ നിന്നു കാര്‍ഷിക-കാര്‍ഷികേതര ആവശ്യങ്ങള്‍ക്കു വായ്പയെടുത്ത അംഗങ്ങളില്‍ 70 വയസ്സിനുളളില്‍ പ്രായമുളളവര്‍ വായ്പ കൃത്യമായി അടച്ചുകൊണ്ടിരിക്കെ മരിച്ചാലും മാരക രോഗത്തിനിരയായാലും ബാങ്ക് സഹായിക്കും. മരിച്ചവരുടെ ബാക്കിനില്‍പ്പ് തുകയോ പരമാവധി രണ്ട് ലക്ഷം രൂപയോ (ഏതാണ് കുറവ് അത് ) സഹകരണ റിസ്‌ക് ഫണ്ടില്‍ നിന്നു നല്‍കും. മാരകരോഗം പിടിപെട്ടവര്‍ക്കു ബാക്കിനില്‍പ്പ് തുകയോ പരമാവധി ഒരു ലക്ഷം രൂപയോ റിസ്‌ക് ഫണ്ടില്‍ നിന്നു നല്‍കും. 2022 മാര്‍ച്ച് 31 വരെയുളള സാമ്പത്തികവര്‍ഷം അഞ്ചു പേര്‍ക്ക് 6,11,541 രൂപ റിസ്‌ക് ഫണ്ട് ആനുകൂല്യം നല്‍കിയിട്ടുണ്ട്.

ബാങ്കിന്റെ ഹെഡ് ഓഫീസിലും ബ്രാഞ്ചുകളിലും നീതി മെഡിക്കല്‍ സ്റ്റോറിലുമായി 76 ജീവനക്കാരുണ്ട്. ഇതില്‍ 26 പേര്‍ സ്ത്രീകളാണ്. ജീവനക്കാര്‍ക്കു സ്റ്റാഫ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ നിന്നു പലിശയിളവ് വായ്പകള്‍ അനുവദിക്കും. എന്‍.പി. ശ്രീനാഥാണു ബാങ്ക് പ്രസിഡന്റ്. ഇ. ബീനയാണു സെക്രട്ടറി. കെ.എം. ബാലചന്ദ്രന്‍ (വൈസ്പ്രസിഡന്റ്), ഇ.ജി. ഉണ്ണിക്കൃഷ്ണന്‍, ആര്‍. സുനില്‍കുമാര്‍, പി. ഗംഗാധരന്‍, കെ.വി. ദിനേശന്‍, പി.പി. അഷറഫ്, എം. റാണി, കെ. കാര്‍ത്യായനി, കെ. ഷൈമേഷ്, കെ. അഞ്ജു എന്നിവര്‍ ഡയരക്ടര്‍മാരായ 11 അംഗ ഭരണ സമിതിയാണു ബാങ്കിന്റെ പ്രവര്‍ത്തനത്തിനു 2019 ജനുവരി 30 മുതല്‍ നേതൃത്വം നല്‍കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!