പട്ടികവര്‍ഗ സംഘങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായത്തിനുള്ള മാര്‍ഗരേഖ പുതുക്കി

[mbzauthor]

പട്ടികവര്‍ഗ സഹകരണ സംഘങ്ങളുടെ ചെറുകിട വനവിഭവസംഭരണ പ്രവര്‍ത്തനങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് ലഭ്യമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. 18 നിര്‍ദ്ദേശങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. ധനസഹായത്തിനുള്ള യോഗ്യത, ധനസഹായ പരിധി, പണം വിനിയോഗിക്കുന്നതിനുള്ള നിബന്ധനകള്‍, തിരിച്ചടവ് വ്യവസ്ഥകള്‍, മറ്റ് പൊതുവായ നിബന്ധനകള്‍ എന്നിവയാണ് ഈ മാര്‍ഗനിര്‍ദ്ദേശങ്ങളിലുള്ളത്.

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷനില്‍ അംഗങ്ങളായിട്ടുള്ള പട്ടികവര്‍ഗ സംഘങ്ങള്‍ക്ക് വനവിഭവ ശേഖരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് മൂലധനം ഉറപ്പാക്കാനാണ് ഇതിനുവേണ്ടിമാത്രമായി റിവോള്‍വിങ് ഫണ്ട് സ്‌കീം തയ്യാറാക്കുന്നത്. സര്‍ക്കാരിന്റെ ധനസഹായത്തോടെയായിരിക്കും ഫണ്ട് രൂപീകരിക്കുക. ഈ പദ്ധതി പ്രകാരം സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന ധനസഹായം ഒരു സഞ്ചിത നിധി എന്ന നിലയില്‍ സംഘങ്ങള്‍ കൈകാര്യം ചെയ്യണമെന്നാണ് പ്രധാന നിര്‍ദ്ദേശം. ഈ തുകയുടെ ഒരുഭാഗം ട്രഷറിയില്‍ സ്ഥിരനിക്ഷേപമായി സൂക്ഷിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വനവിഭവശേഖരണം എടുത്തുനടത്തുന്നതിന് വനംവകുപ്പില്‍നിന്നോ, വനാവകാശനിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമോ മറ്റ് അധികാരികളില്‍നിന്നോ ഫെഡറേഷന്‍ മുഖേന അനുമതി ലഭിക്കുന്ന സംഘങ്ങള്‍ക്ക് ഈ ഫണ്ടിന് അര്‍ഹതയുണ്ടാകും. സംഘങ്ങളില്‍ എ-ക്ലാസ് അംഗത്വമുള്ളതും വനവിഭവശേഖരണം നടത്തുന്നതുമായ പട്ടികവര്‍ഗക്കാര്‍ക്ക് സംഭരണ കൂലി നല്‍കുന്നതിന് മാത്രമേ ഈ ഫണ്ടില്‍നിന്നുള്ള തുക വിനിയോഗിക്കാനാകൂ. ഇതിന് പുറമെയുള്ള ഉപയോഗത്തിന് ഫെഡറേഷന്റെ അനുമതി വാങ്ങണം.

ഗോഡൗണ്‍ സൗകര്യമില്ലാത്ത സംഘങ്ങള്‍ക്ക് അവ വാടകയ്ക്ക് എടുക്കുന്നതിന് ഫെഡറേഷന്റെ അനുമതിയോടെ ഈ തുക ഉപയോഗിക്കാനാകും. ശേഖരിക്കുന്ന വനവിഭവങ്ങളുടെ വിലയുടെ അഞ്ച് ശതമാനം തുകയില്‍ ഗോഡൗണ്‍ വാടക കൂടാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. കൂടുതല്‍ വന്നാല്‍ അത് സംഘം സ്വന്തം നിലയില്‍ കണ്ടെത്തേണ്ടിവരും. വനവിഭവങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പട്ടികവര്‍ഗക്കാര്‍ക്ക് കൂലി നല്‍കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കാം.

[mbzshare]

Leave a Reply

Your email address will not be published.