നോട്ടുനിരോധനം സുപ്രീംകോടതി ശരിവെച്ചു: ജസ്റ്റിസ് ബി.വി. നാഗരത്‌ന ഭിന്നവിധിയെഴുതി

moonamvazhi

2016 ല്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടിയെ സുപ്രീംകോടതി ഭൂരിപക്ഷവിധിപ്രകാരം ശരിവെച്ചു. അഞ്ചംഗബെഞ്ചിലെ ജസ്റ്റിസ് ബി.വി നാഗരത്‌ന മാത്രം വിയോജിപ്പ് പ്രകടിപ്പിച്ചു. നോട്ടുനിരോധനം റദ്ദാക്കാനാവില്ലെന്ന സര്‍ക്കാരിന്റെ നിലപാടിനു സുപ്രീംകോടതി അംഗീകാരം നല്‍കി.

നോട്ടുനിരോധന നടപടിയെ ചോദ്യം ചെയ്തുകൊണ്ട് 58 ഹര്‍ജികളാണു സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വന്നത്. നോട്ടു നിരോധിച്ചുകൊണ്ടുള്ള തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനു അധികാരമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. കള്ളനോട്ടുകള്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, നികുതിവെട്ടിപ്പ്, കള്ളപ്പണം എന്നിവ തടയുന്നതിന്റെ ഭാഗമായാണു നോട്ടുനിരോധനം നടപ്പാക്കിയത് എന്നായിരുന്നു സര്‍ക്കാര്‍വാദം. 2016 നവംബര്‍ എട്ടിനു ഗസറ്റ് വിജ്ഞാപനത്തിലൂടെ നോട്ടുനിരോധനം പ്രഖ്യാപിച്ചതില്‍ തെറ്റില്ലെന്നു സുപ്രീംകോടതി വിധിയില്‍ പറഞ്ഞു. അഞ്ചംഗബെഞ്ചിലെ ജസ്റ്റിസുമാരായ എസ്. അബ്ദുള്‍ നസീര്‍, ബി.ആര്‍. ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്‌മണ്യന്‍ എന്നിവര്‍ സര്‍ക്കാര്‍നടപടിയെ ശരിവെച്ചു.

നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ 52 ദിവസം അനുവദിച്ചിരുന്നുവെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിപ്പോള്‍ നീട്ടാനാവില്ല. 1978 ല്‍ നോട്ടുനിരോധനമുണ്ടായപ്പോള്‍ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആദ്യം വെറും മൂന്നു ദിവസമാണു അനുവദിച്ചിരുന്നത്. പിന്നീടതു അഞ്ചു ദിവസത്തേക്കുകൂടി നീട്ടി- സുപ്രീംകോടതി പറഞ്ഞു. റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചന നടന്നിട്ടുണ്ട് എന്നതിനാല്‍ നോട്ടുനിരോധനം കേന്ദ്രത്തിന്റെ നയതീരുമാനമാണ്. ഈ നടപടിക്കു ആറു മാസം മുമ്പു റിസര്‍വ് ബാങ്കും കേന്ദ്രവും കൂടിയാലോചന നടത്തിയിട്ടുണ്ട്- സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

നോട്ടുനിരോധന നിര്‍ദേശം യഥാര്‍ഥത്തില്‍ വന്നതു കേന്ദ്രസര്‍ക്കാരില്‍ നിന്നാണ്. കേന്ദ്രം റിസര്‍വ് ബാങ്കിനോട് ഇക്കാര്യത്തില്‍ അഭിപ്രായം തേടി. റിസര്‍വ് ബാങ്ക് നല്‍കിയ അഭിപ്രായത്തെ ആര്‍.ബി.ഐ. നിയമത്തിലെ സെക്ഷന്‍ 26 ( 2 ) അനുസരിച്ച് ശുപാര്‍ശയായി കണക്കാക്കാനാവില്ല. നോട്ടുനിരോധന തീരുമാനത്തിനു പിന്നിലെ ലക്ഷ്യം നിറവേറ്റപ്പെട്ടോ ഇല്ലയോ എന്നതു പ്രസക്തമല്ല – സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

നോട്ടുനിരോധനം നിയമവിരുദ്ധമാണെങ്കിലും ആറു വര്‍ഷം മുമ്പു നടന്ന കാര്യമായതിനാല്‍ റദ്ദാക്കാനാവില്ലെന്നു വിധിയില്‍ വിയോജനക്കുറിപ്പെഴുതിയ ജസ്റ്റിസ് ബി.വി. നാഗരത്‌ന അഭിപ്രായപ്പെട്ടു. പൗരന്മാര്‍ക്ക് ഏറെ കഷ്ടനഷ്ടങ്ങളുണ്ടാക്കിയ ഈ നടപടി പാര്‍ലമെന്റില്‍ നിയമം പാസാക്കിയതിനുശേഷമാണു നടപ്പാക്കേണ്ടിയിരുന്നത്. അല്ലാതെ ഗസറ്റ് വിജ്ഞാപനത്തിലൂടെയല്ല. നോട്ടുനിരോധനപ്രക്രിയക്കു മുന്‍കൈ എടുക്കേണ്ടിയിരുന്നതു റിസര്‍വ് ബാങ്കാണ്. അല്ലാതെ കേന്ദ്രസര്‍ക്കാരല്ല. മറിച്ചായതോടെ ഈ തീരുമാനം നിയമപരമായി ദുര്‍ബലമാക്കപ്പെട്ടു – അവര്‍ അഭിപ്രായപ്പെട്ടു.

സുപ്രീംകോടതിവിധിയിലുള്ള ജസ്റ്റിസ് നാഗരത്‌നയുടെ വിയോജനക്കുറിപ്പ് ക്രമക്കേടിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നു മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം അഭിപ്രായപ്പെട്ടു. വിധി അംഗീകരിക്കാന്‍ നമ്മളെല്ലാം ബാധ്യസ്ഥരാണ്. എന്നാല്‍, നോട്ടുനിരോധനംകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിച്ച ഫലമുണ്ടായെന്നു കോടതി നിഗമനത്തിലെത്തിയിട്ടില്ല- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.