നേതൃത്വപ്പെരുമയില്‍ പെരുവെമ്പ് ബാങ്ക്
(2021 ജനുവരി ലക്കം)
കേരളത്തിലെ 20 പൈതൃക ഗ്രാമങ്ങളില്‍ ഒന്നാണ് പാലക്കാട്ടെ പെരുവെമ്പ്. ഇവിടെ പതിനേഴായിരത്തോളം അംഗങ്ങളുമായി ഏഴരപ്പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന പെരുവെമ്പ് സഹകരണ ബാങ്കില്‍ സി.വി. രാമചന്ദ്രന്റെ സേവനമുദ്ര മായാതെ കിടക്കുന്നുണ്ട്. കാര്‍ഷിക ഉന്നമനത്തിലും സ്ത്രീ ശാക്തീകരണത്തിലും പെരുവെമ്പ് ബാങ്ക് ശ്രദ്ധയൂന്നുന്നു.
കേരളത്തിലെ സഹകാരികളില്‍ പ്രമുഖനായിരുന്ന സി.വി. രാമചന്ദ്രന്റെ നേതൃത്വമികവില്‍ വളര്‍ന്നു പടര്‍ന്ന സ്ഥാപനമാണ് പാലക്കാട് പെരുവെമ്പിലെ സര്‍വീസ് സഹകരണ ബാങ്ക്. ‘സി.വി.’ എന്ന ചുരുക്കാക്ഷരങ്ങളില്‍ പ്രസിദ്ധനായ ഈ പൊതുപ്രവര്‍ത്തകന്റെ അമ്പത്തഞ്ചു വര്‍ഷത്തോളം തുടര്‍ച്ചയായ സാരഥ്യം അനുഭവിച്ച സ്ഥാപനമെന്ന പെരുമയും പെരുവെമ്പ് ബാങ്കിനു സ്വന്തം. പൂര്‍ണമായും കാര്‍ഷിക ഗ്രാമമാണ് പെരുവെമ്പ്. അതുകൊണ്ടുതന്നെ ഏഴരപ്പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബാങ്കിന്റെ മുഖ്യ ലക്ഷ്യം കാര്‍ഷികോന്നമനമാണ്. എഴുപത്തഞ്ചു വര്‍ഷത്തിനിടയില്‍ മൂന്നു പ്രസിഡന്റുമാര്‍ മാത്രമാണ് ഈ സഹകരണ സ്ഥാപനത്തിന്റെ ഭരണസമിതിയെ നയിച്ചതെന്നത് നേതൃത്വ മികവിന്റെയും ജനവിശ്വാസത്തിന്റെയും തെളിവുകളായി മാറുന്നു.
പേരുയര്‍ന്ന് പെരുവെമ്പ്
നൂറ്റൊന്നു കുളങ്ങളും നൂറ്റൊന്നു അമ്പലങ്ങളുമുള്ള നാട് എന്നാണ് പെരുവെമ്പിനെക്കുറിച്ച് പറയുക. കുളങ്ങള്‍ക്കു പുറമെ ഒരതിരായി മലമ്പുഴ അണക്കെട്ടില്‍ നിന്നുള്ള ജലസേചനക്കനാല്‍ ഒഴുകുന്നു. എല്ലായിടത്തും കിണറുകളും അവിടവിടെയായി തോടുകളും. ഒരു ഭാഗം ചിറ്റൂരും മറുഭാഗം പാലക്കാടും ചേര്‍ന്നു പട്ടണപ്രലോഭനം നടത്തുമ്പോഴും പെരുവെമ്പന്ന ഗ്രാമം പച്ചപ്പിന്റെ പൊലിമ കൈവിടാതെ കാത്തു സൂക്ഷിക്കുന്നത് അളവറ്റ ഈ ജലസമൃദ്ധി കൊണ്ടുതന്നെ. ഒ.വി. വിജയന്റെ ഇതിഹാസ ഭൂമികയായ ‘ഖസാക്ക് ‘ പിറന്നത് പെരുവെമ്പിലെ തസ്രാക്ക് എന്ന ചെറിയ പ്രദേശത്താണ്. തുകല്‍ വാദ്യോപകരണങ്ങളുടെ നിര്‍മാണത്തിനു പേരുകേട്ട പെരുവെമ്പ് ഗ്രാമം കൈത്തറി നെയ്ത്തിന്റെയും കേന്ദ്രമാണ്. വാദ്യോപകരണ നിര്‍മിതിയും കൈത്തറി നെയ്ത്തും കണക്കിലെടുത്ത് സംസ്ഥാന സാംസ്‌കാരിക വകുപ്പ് നടപ്പാക്കിയ പൈതൃക ഗ്രാമപദ്ധതിയില്‍ പെരുവെമ്പിനെയും ഉള്‍പ്പെടുത്തി. കേരളത്തിലെ ഇരുപതു പൈതൃക ഗ്രാമങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ പെരുവെമ്പ്.
കര്‍ഷകരുടെ ബാങ്ക്
1946 ല്‍ പാലക്കാട് ജില്ലയില്‍ രൂപംകൊണ്ട അഞ്ച് പി.സി.സി. സൊസൈറ്റികളില്‍ ഒന്ന് പെരുവെമ്പിലായിരുന്നു. കര്‍ഷകരുടെ നെല്ല് സംഭരിച്ച് അരിയാക്കി സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം. കര്‍ഷകരെ സഹായിക്കാനും അക്കാലത്തെ ഭക്ഷ്യക്ഷാമത്തിനു പരിഹാരം കാണാനും ഇതുവഴി കഴിഞ്ഞു. സി.സി. ശങ്കരനായിരുന്നു സംഘത്തിന്റെ ആദ്യത്തെ പ്രസിഡന്റ്. തുടക്കം മുതല്‍ ഭരണസമിതി അംഗമായിരുന്ന സി.വി. രാമചന്ദ്രന്‍ 1957 ല്‍ പ്രസിഡന്റായി. അപ്പോഴേക്കും സംഘം കാര്‍ഷിക ബാങ്കായി രൂപാന്തരപ്പെട്ടു. 1961 ല്‍ സഹകരണ ബാങ്കായി മാറുകയും ചെയ്തു.
നെല്‍ക്കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കി ബാങ്കിപ്പോഴും പെരുവെമ്പിന്റെ പച്ചപ്പ് നിലനിര്‍ത്തുന്നു. ആറുമാസത്തെ കാലയളവിലാണ് വായ്പ നല്‍കുക. ബാങ്കിന്റെ നിലവിലെ വായ്പകളില്‍ 6.23 കോടി രൂപ കര്‍ഷകര്‍ക്കു മാത്രമായി നല്‍കിയിട്ടുള്ളതാണ്. നാല് വളം ഡിപ്പോകള്‍ ബാങ്കിന്റേതായുണ്ട്. പെരുവെമ്പിലെ ഹെഡ് ഓഫീസ് കെട്ടിടത്തിനോട് ചേര്‍ന്നും തണ്ണിശ്ശേരി, കടുന്തുരുത്തി, ഓലശ്ശേരി എന്നിവിടങ്ങളിലെ ശാഖാ കെട്ടിടങ്ങളിലുമാണ് വളം ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നത്. 2011 ല്‍ സി.വി. രാമചന്ദ്രന്റെ മരണശേഷം പ്രസിഡന്റായ ആര്‍. വാസുദേവന്‍ ആ സ്ഥാനത്ത് തുടരുന്നു. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറായി വിരമിച്ച വാസുദേവന്‍ കര്‍ഷകമിതി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ജില്ലാ പ്രസിഡന്റ് കൂടിയാണ്.
പുതിയ ചുവടുകള്‍
2015 മുതല്‍ വനിതകള്‍ക്കായി സ്വയം തൊഴിലിനു വായ്പ നല്‍കിവരുന്നുണ്ട്. അഞ്ചു പേരടങ്ങുന്ന സംഘങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ വായ്പ നല്‍കും. ഇതിനകം 1180 സംഘങ്ങള്‍ക്കായി 28 കോടിയിലേറെ രൂപ വായ്പ നല്‍കി. ഇപ്പോള്‍ 567 സംഘങ്ങള്‍ക്കായി 14 കോടി രൂപയുടെ വായ്പ നിലനില്‍ക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് ശമ്പളജാമ്യത്തില്‍ വായ്പ നല്‍കുന്ന ബാങ്ക് കച്ചവടക്കാര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ദിവസേന പണം നിക്ഷേപിക്കാവുന്ന പദ്ധതിയും തുടങ്ങിയിട്ടുണ്ട്. വനിതാ സംഘങ്ങളുടെ വായ്പാ തിരിച്ചടവും നിക്ഷേപ പദ്ധതിയുടെ തുകയും പിരിച്ചെടുക്കുന്നത് ബാങ്ക് നിയോഗിച്ച ഏജന്റുമാരാണ്. പ്രതിമാസ ചിട്ടികളും ബാങ്ക് നടത്തുന്നുണ്ട്.
പെരുവെമ്പ് പഞ്ചായത്ത് പൂര്‍ണമായും കണ്ണാടി, കൊടുമ്പ് പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളും ചേര്‍ന്ന വിസ്തൃതമായ പ്രവര്‍ത്തന മേഖലയാണ് ബാങ്കിനുള്ളത്. യാക്കര ശ്രവണ സംസാര സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വര്‍ഷവും ബാങ്ക് സ്‌കോളര്‍ഷിപ് നല്‍കിവരുന്നു. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നുണ്ട്. ‘മംഗല്യ’ എന്ന പേരില്‍ ബാങ്കിനു കല്യാണമണ്ഡപമുണ്ട്. എല്ലാ വിശേഷ സമയങ്ങളിലും ബാങ്ക് ചന്ത നടത്തും. മുഴുവന്‍ സമയ പച്ചക്കറി സംഭരണവും വിതരണവും ഏറ്റെടുത്തു നടത്താന്‍ ബാങ്ക് ആലോചിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ആര്‍. വാസുദേവന്‍ പറഞ്ഞു.
പതിനേഴായിരത്തോളം അംഗങ്ങളുള്ള ബാങ്കിനു 148 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. നൂറു കോടിയോളം രൂപ വായ്പയായി നല്‍കിയിട്ടുണ്ട്. കുറെ വര്‍ഷങ്ങളായി തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ബാങ്ക് ലാഭവിഹിതം അംഗങ്ങള്‍ക്ക് നല്‍കാറുമുണ്ട്. 21 ജീവനക്കാരാണ് ബാങ്കിനുള്ളത്. കോര്‍ബാങ്കിങ് ഉള്‍പ്പടെയുള്ള ആധുനിക സംവിധാനങ്ങള്‍ പണമിടപാടുകളില്‍ നടപ്പാക്കിയിട്ടുണ്ട്. ബാങ്കിന്റെ ഹെഡ് ഓഫീസ് 80 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്ന പ്രവര്‍ത്തനം പ്രാരംഭ ഘട്ടത്തിലാണെന്നു പ്രസിഡന്റ് പറഞ്ഞു.
യു. വിപിന്‍രാജാണ് ബാങ്കിന്റെ സെക്രട്ടറി. പി. ഗോവിന്ദന്‍ വൈസ് പ്രസിഡന്റായ ഭരണസമിതിയില്‍ കെ. മോഹനന്‍, പി.ബി. രാമപ്രസാദ്, സി. മോഹന്‍ദാസ്, കെ. സുകുമാരന്‍, വിനോദ് കൃഷ്ണന്‍, മുരുകന്‍, പി. കൃഷ്ണന്‍ കുട്ടി, നാഗരാജന്‍, കെ.എസ്.ഗീത, വനജ, കലാവതി എന്നിവര്‍ അംഗങ്ങളാണ്.
ഓര്‍മയില്‍ മായാതെ സി.വി.
പാലക്കാട്ടുകാര്‍ക്കു സി.വി. രാമചന്ദ്രനെ മറക്കാനാവില്ല; പ്രത്യേകിച്ച് സേവന , സഹകരണ രംഗത്തുള്ളവര്‍ക്ക്. ഇരുപതാം വയസ്സില്‍ സഹകാരിയായി. മരിക്കുന്ന 85 -ാം വയസ്സിലും സഹകരണ സ്ഥാപനത്തിന്റെ സാരഥി. ഒത്ത ആകാരവും നീളന്‍ മീശയുള്ള മുഖത്തെ തെളിഞ്ഞ ചിരിയും എളിമയുള്ള പെരുമാറ്റവും സി.വി.യെ എല്ലാവരില്‍നിന്നും വ്യത്യസ്തനാക്കി.
ഹൈസ്‌കൂള്‍ പഠനകാലത്ത് ദേശീയ സമരത്തിന്റെ വഴികളില്‍ സഞ്ചരിച്ചാണ് പൊതുരംഗത്തേക്കുള്ള പ്രവേശം. ക്വിറ്റിന്ത്യാ സമരത്തില്‍ ഗാന്ധിജിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ക്ലാസുകള്‍ ബഹിഷ്‌കരിച്ച് മൗനജാഥ നടത്തിയതിനു അറസ്റ്റ് ചെയ്യപ്പെട്ടു. പഴനിയില്‍ ചെന്ന് മഹാത്മജിയെ നേരില്‍ക്കണ്ടത് സി.വി. യുടെ ജീവിതത്തിലെ വഴിത്തിരിവായി. തുടര്‍ന്ന് തൊട്ടുകൂടായ്മക്കും അയിത്താചരണം തുടങ്ങിയ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായ നിരവധി സമരങ്ങളില്‍ പങ്കെടുത്തു.
സഹകാരിയായി തുടങ്ങിയ പെരുവെമ്പ് ബാങ്കില്‍ ഒതുങ്ങി നിന്നില്ല സി.വി.യുടെ സേവനപ്രവര്‍ത്തനം. 1964 ല്‍ ജില്ലാ ബാങ്കിന്റെ ആദ്യ തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റായി. 1967 മുതല്‍ 1987 വരെ ജില്ലാ ബാങ്കിന്റെ പ്രസിഡന്റുമായി. പെരുവെമ്പ് ഖാദി സൊസൈറ്റി, ചിറ്റൂര്‍ ഷുഗേഴ്‌സ്, ജില്ലാ സഹകരണ ആശുപത്രി, ഉപ്പുംപാടം ക്ഷീരോത്പാദക സഹകരണ സംഘം എന്നിവിടങ്ങളിലെല്ലാം സേവന മുദ്രകള്‍ പതിപ്പിച്ചു. കോണ്‍ഗ്രസ്സിന്റെ വിവിധ ജില്ലാ കമ്മിറ്റികളില്‍ ഭാരവാഹിയായി പ്രവര്‍ത്തിച്ചു. കെ.പി.സി.സി, എ.ഐ.സി.സി. അംഗവുമായിരുന്നു. ക്യാറ്റില്‍ റേസ് ക്ലബ് ഓഫ് ഇന്ത്യ, പ്രകൃതി ജീവന സമിതി, മഹാത്മാ സ്റ്റഡി സെന്റര്‍, യാക്കര ശ്രവണ സംസാര സ്‌കൂള്‍ തുടങ്ങിയവക്ക് നേതൃത്വം നല്‍കി.
അക്കാലത്തെ രാഷ്ട്രീയ സമ്മേളനങ്ങളുടെയെല്ലാം മികച്ച സംഘാടകന്‍ കൂടിയായിരുന്ന ഈ സഹകാരിയുടെ ഓര്‍മക്കായി അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളും കുടുംബാംഗങ്ങളും ചേര്‍ന്നു പെരുവെമ്പില്‍ സി.വി. സ്മാരക മന്ദിരം നിര്‍മിച്ചിട്ടുണ്ട്. മുകളില്‍ ഹാളും താഴെ ജനസേവന കേന്ദ്രവും അടങ്ങുന്നതാണ് മന്ദിരം.