നെല്ല് സംഭരണത്തിനും അരിയുല്പാദനത്തിനുമായി പുതിയ സഹകരണസംഘം
സംസ്ഥാനത്ത് കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിക്കുന്നതിനും സംസ്‌കരണം, വിപണനും എന്നിവ നടത്തുന്നതിനുമായി ഒരു സഹകരണ സംഘം രൂപീകരിക്കുന്നു. പാലക്കാട് കേന്ദ്രമായാണ് ഇത് തുടങ്ങുന്നത്. സഹകരണ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പുതിയ സംഘത്തിന്റെ രൂപീകരണം നടക്കുന്നത്. ഈ സംഘത്തിന് കീഴില്‍ റൈസ് മില്ലും സംഭരണ ഗോഡൗണുകളും തുടങ്ങാനാണ് തീരുമാനം.
കര്‍ഷകരില്‍നിന്ന് സഹകരണ സ്ഥാപനങ്ങള്‍ വഴി നെല്ല് സംഭരിക്കുന്നതിനുള്ള നടപടി പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാടാണ് നടപ്പാക്കിയത്. നെല്ല് സംഭരിച്ചാല്‍ കര്‍ഷകര്‍ക്ക് സമയത്തിന് പണം കിട്ടുന്നില്ലെന്ന പരാതി പരിഹരിക്കുന്നതിനായിരുന്നു ഈ നടപടി. ഇപ്പോള്‍ കര്‍ഷകര്‍ ജില്ലാസഹകരണ ബാങ്കില്‍ അക്കൗണ്ട് എടുക്കുകയും അതിലേക്ക് നെല്ല് നല്‍കിയതിന്റെ പണം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. ഈ സംഭരണ രീതി ഒരു സഹകരണ സംഘത്തിലൂടെ നടപ്പാക്കാനാണ് പ്രത്യേക സംഘം രൂപീകരിക്കുന്നത്. പാലക്കാട് ജില്ല അടിസ്ഥാനമാക്കിയാണ് ഇത് തുടങ്ങുക. ഇതിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
നിര്‍ദ്ദിഷ്ട സംഘത്തിന്റെ നിയമാവലിയില്‍ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് 30 സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപവത്കരിക്കാനുള്ള നടപടിയും തുടങ്ങി. ഈ കണ്‍സോര്‍ഷ്യം വഴി 30 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുപയോഗിച്ചാണ് റൈസ് മില്ലും ഗോഡൗണുകളും സ്ഥാപിക്കുക. പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കില്‍ ഇതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്.