നിയമഭേദഗതി തയ്യാറാക്കിയതിന് 11 സഹകരണ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്റെ സദ്‌സേവന രേഖ
സഹകരണ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഭേദഗതി ബില്‍ തയ്യാറാക്കി സമയബന്ധിതമായി സമര്‍പ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്റെ സദ്‌സേവന രേഖ ലഭിച്ചു. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ഭേദഗതി നിര്‍ദ്ദേശം സമര്‍പ്പിച്ചതിനാണ് അംഗീകാരം. സഹകരണ രംഗത്തും സംസ്ഥാനത്തിന്റെ വികസന രംഗത്തും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ കണക്കിലെടുത്ത് സഹകരണ നിയമത്തില്‍ ഭേദഗതി നിര്‍ദ്ദേശം സമര്‍പ്പിക്കാനായി എന്നാണ് സദ് സേവന രേഖ സമര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ വിലയിരുത്തിയത്.
മൂന്നുതലത്തിലുള്ള ഉദ്യോഗസ്ഥരെയാണ് സദ് സേവന രേഖ നല്‍കുന്നതിനായി പരിഗണിച്ചത്. സഹകരണ വകുപ്പ്, നിയമവകുപ്പ്, സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയാണ് പ്രത്യേകമായി പരിഗണിച്ചത്. രണ്ടുവകുപ്പിലെയും സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെയും ഉദ്യോഗസ്ഥരുടെ നല്ല ഏകോപനം സമയബന്ധിതമായി നിയമഭേദഗതി നിര്‍ദ്ദേശം സമര്‍പ്പിച്ച് നിയമസഭയില്‍ ബില്ലായി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് സര്‍ക്കാര്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു നിയമഭേദഗതി ബില്‍ തയ്യാറാക്കിയതിന്റെ പേരില്‍ ആദ്യമായ സഹകരണ വകുപ്പ് സദ്‌സേവന രേഖ നല്‍കുന്നത്.
സ്‌പെഷല്‍ സെക്രട്ടറി പി.എസ്. രാജേഷ്, അണ്ടര്‍ സെക്രട്ടറി എല്‍.സുനിത, സെക്ഷന്‍ ഓഫീസര്‍ പി.രാധിക, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ ടി.സജില, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എ.എസ്. രഞ്ജു എന്നിവരാണ് സഹകരണ വകുപ്പില്‍ സദ് സേവന രേഖ ലഭിച്ച ഉദ്യോഗസ്ഥര്‍. നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി ആര്‍.സുരേഷ് ബാബു, അണ്ടര്‍ സെക്രട്ടറി വി.ഷിജി, സെക്ഷന്‍ ഓഫീസര്‍ ടി.വി.രാജന്‍, ലീഗല്‍ അസിസ്റ്റന്റ് (ഗ്രേഡ്-1) ബി.ലീല എന്നിവരാണ് നിയമവകുപ്പില്‍നിന്ന് സദ് സേവന രേഖയ്ക്ക് അര്‍ഹത നേടിയത്.
സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാറായ അയ്യപ്പന്‍നായര്‍, ഇന്‍സ്‌പെക്ടറായ രാജാറാം എന്നിവര്‍ക്കും സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. കേരളബാങ്ക് രൂപീകരണത്തിനായ പ്രവര്‍ത്തിച്ചതിനും സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി പി.എസ്. രാജേഷിന് സദ് സേവന രേഖ ലഭിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനവര്‍ഷത്തിലായിരുന്നു ഇത്. രാജേഷിനെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ഭാഗമാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.