നിയമപരിഷ്‌കരണവും കാലമറിഞ്ഞാവണം

സി.എന്‍. വിജയകൃഷ്ണന്‍

സാമൂഹികസാഹചര്യം, സാങ്കേതികമുന്നേറ്റം, ജീവിതരീതി, നിയമ-ഭരണ വ്യവസ്ഥ എന്നിവയിലൊക്കെ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ക്കനുസരിച്ച് സഹകരണനിയമം പരിഷ്‌കരിക്കപ്പെട്ടിട്ടില്ല. അതിനുള്ള ഒരു ചെറിയ ശ്രമമാണ് ഇപ്പോഴത്തേത് എന്നതിനാല്‍ സ്വാഗതാര്‍ഹമാണ്. പ്രായോഗികമായ പ്രശ്നങ്ങള്‍കൂടി കണക്കിലെടുത്താവണം നിയമങ്ങള്‍ രൂപപ്പെടുത്തേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍സാധ്യതകൂടി മുന്‍കൂട്ടിക്കണ്ടുവേണം നമ്മുടെ സഹകരണനിയമം ഭേദഗതി ചെയ്യാന്‍. ഇല്ലെങ്കില്‍ നിയമത്തര്‍ക്കങ്ങളുണ്ടാവാം. സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിനു തടസ്സങ്ങളുമുണ്ടാവാം.

 

സഹകരണനിയമത്തില്‍ സമൂലമായ പരിഷ്‌കരണത്തിനു കേരളസര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതിനുള്ള കരട് തയാറാക്കിക്കഴിഞ്ഞു. 1969 ലാണു സംസ്ഥാന സഹകരണനിയമം വന്നത്. കേരളം കണ്ട മികച്ച സഹകാരിയായ പി.ആര്‍. കുറുപ്പിന്റെ ദീര്‍ഘവീക്ഷണമുള്ള സമീപനം ആ നിയമനിര്‍മാണത്തില്‍ പ്രകടമാണ്. 1969 ല്‍നിന്നു 2022 ലേക്ക് എത്തുമ്പോള്‍ സാമൂഹികസാഹചര്യം, സാങ്കേതികമുന്നേറ്റം, ജീവിതരീതി, നിയമ-ഭരണ വ്യവസ്ഥ എന്നിവയിലൊക്കെ ഒരുപാട് മാറ്റമുണ്ടായിട്ടുണ്ട്. അതിനനുസരിച്ച് സഹകരണനിയമം പരിഷ്‌കരിക്കപ്പെട്ടിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അതിനുള്ള ഒരു ചെറിയ ശ്രമമാണ് ഇപ്പോഴത്തേത് എന്നതിനാല്‍ അതിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നു. നിയമഭേദഗതിക്കു പ്രത്യേകസമിതിയുണ്ടാക്കി അവര്‍ പലവട്ടം ചര്‍ച്ച നടത്തിയാണു ഭേദഗതിക്കുള്ള കരട് തയാറാക്കിയിട്ടുള്ളത്. പക്ഷേ, നിയമപരിഷ്‌കരണം എന്നത് ഉദ്യോഗസ്ഥതലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഒന്നല്ലെന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതു ഗുണപരമായ മാറ്റമാണ്. കാരണം, പ്രായോഗികമായ പ്രശ്നങ്ങള്‍കൂടി കണക്കിലെടുത്താവണം നിയമങ്ങള്‍ രൂപപ്പെടുത്തേണ്ടത്. വിവിധ തലത്തില്‍ സഹകാരികളുമായും ജീവനക്കാരുമായുമെല്ലാം ചര്‍ച്ചകള്‍ക്കു വിധേയമാക്കിയാണു നിയമഭേദഗതിക്കുള്ള ബില്ല് തയാറാക്കി നിയമസഭയില്‍ അവതരിപ്പിക്കുകയെന്നു സഹകരണ മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതു ശ്ലാഘനീയമായ നിലപാടാണ്.

വരാനിരിക്കുന്ന
പ്രശ്‌നങ്ങളുമറിയണം

നിലവിലെ നിയമവ്യവസ്ഥകള്‍ മാത്രം പരിശോധിച്ചുള്ള പരിഷ്‌കരണമല്ല സഹകരണനിയമത്തില്‍ വേണ്ടത്. നിലവിലുള്ള രാഷ്ട്രീയ-ഭരണ അന്തരീക്ഷവും സഹകരണ മേഖലയില്‍ വരാനിരിക്കുന്ന പ്രശ്നങ്ങളും സാധ്യതകളും ഈ ഘട്ടത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. കാലമറിഞ്ഞുള്ള നിയമപരിഷ്‌കരണമാണു വേണ്ടത് എന്നര്‍ഥം. കേന്ദ്രനിയമത്തിലുണ്ടായ മാറ്റം, കേന്ദ്രത്തില്‍ പുതുതായി സഹകരണമന്ത്രാലയം രൂപവത്കരിച്ച സാഹചര്യം എന്നിവയുടെയൊക്കെ പശ്ചാത്തലത്തില്‍വേണം സംസ്ഥാന സഹകരണനിയമത്തിലെ ഭേദഗതിയേയും കാണാന്‍. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ആദായനികുതി വകുപ്പുമെല്ലാം ഒരുപാട് പ്രശ്നങ്ങള്‍ സംസ്ഥാനത്തെ സഹകരണ മേഖലയിലുണ്ടാക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ കഴിയുന്ന വിധത്തിലാകണം നമ്മുടെ നിയമസംവിധാനം വേണ്ടത്. ഭരണഘടനാ വ്യവസ്ഥയനുസരിച്ച് സഹകരണം ഒരു സംസ്ഥാന വിഷയമാണ് എന്നതു നമുക്കിപ്പോഴും പിടിച്ചുനില്‍ക്കാനുള്ള ശക്തിയാണ്. അതേസമയം, ഭരണഘടനാ വ്യവസ്ഥകള്‍ക്കും കേന്ദ്രനിയമങ്ങള്‍ക്കും എതിരായി ഒരു വ്യവസ്ഥ സംസ്ഥാനനിയമത്തില്‍ കൊണ്ടുവരാനും കഴിയില്ല. അതിനാല്‍, നിലവിലെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍സാധ്യതകൂടി കണക്കിലെടുത്താവണം നമ്മുടെ സഹകരണനിയമം ഭേദഗതി ചെയ്യാന്‍. ഇല്ലെങ്കില്‍ നിയമത്തര്‍ക്കങ്ങളും സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിനു തടസ്സങ്ങളുമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഉരുത്തിരിയും. കരട് നിയമഭേദഗതിയിലെ വ്യവസ്ഥകള്‍ പരിശോധിക്കുമ്പോള്‍ അത്തരമൊരു പരിശോധന നടത്തിയിട്ടുണ്ടോയെന്ന സംശയം തോന്നുന്നുണ്ട്.

പുതിയ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിശ്ചിത ഓഹരിമൂലധനം വേണമെന്നു വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒരു സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യാനുള്ള അവകാശത്തെ മൗലികാവകാശമായാണു ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്. അത് ഒരു സംഘടന രൂപവത്കരിക്കുന്നതുപോലെത്തന്നെ. എന്നാല്‍, ഇത്രയാളുകളുണ്ടെങ്കിലേ ഒരു സംഘടന രൂപീകരിക്കാന്‍ പാടുള്ളൂവെന്ന നിയമവ്യവസ്ഥയില്ല. ഒരു സംഘത്തിന്റെ പ്രവര്‍ത്തന ലക്ഷ്യം എന്താണോ അതിനുള്ള മൂലധനമാണ് അവയ്ക്ക് വേണ്ടത്. അത് ഇത്രവേണമെന്നു നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതു മൗലികാവകാശത്തിന്റെ ലംഘനമായേക്കാം.

കോമണ്‍ സോഫ്റ്റ്‌വെയര്‍
കാലികമല്ല

കരടുനിര്‍ദേശത്തിലെ മറ്റൊരു വ്യവസ്ഥ കോമണ്‍ സോഫ്റ്റ്‌വെയര്‍ സംബന്ധിച്ചുള്ളതാണ്. ഇത് എന്തിനാണു നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത് എന്നു മനസ്സിലാകുന്നില്ല. രാജ്യത്ത് ഒരു സഹകരണനിയമത്തിലും ഇത്തരമൊരു വ്യവസ്ഥയുള്ളതായി അറിവില്ല. ഒരു സഹകരണ സംഘത്തില്‍ സൈബര്‍ സുരക്ഷയും നിലവാരമുള്ള സോഫ്റ്റ്‌വെയറും വേണമെന്നു വ്യവസ്ഥ ചെയ്യുന്നതു നമുക്ക് അംഗീകരിക്കാവുന്നതാണ്. അതിന്റെയും ആവശ്യമില്ല, കാരണം, അതു നിയമത്തില്‍ വ്യവസ്ഥ ചെയ്യാതെതന്നെ നടപ്പാക്കാവുന്നതേയുള്ളൂ. കോമണ്‍ സോഫ്റ്റ്‌വെയര്‍ വേണമെന്നത് അപകടരമായ ഒരു വ്യവസ്ഥയാണ്. ആരാണ് ഈ സോഫ്റ്റ്‌വെയര്‍ തീരുമാനിക്കുന്നത് എന്നതാണ് ഒരു പ്രധാന പ്രശ്നം. സംഘങ്ങളുടെ പ്രവര്‍ത്തനത്തിനു ഗുണകരമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടിവരും. ഡേറ്റ സുരക്ഷ ഒരു പ്രശ്നമാണ്. മാത്രവുമല്ല, കേന്ദ്രസര്‍ക്കാര്‍ ഒരു കോമണ്‍ സോഫ്റ്റ്‌വെയര്‍ കൊണ്ടുവരാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു. നമ്മുടെ നിയമത്തില്‍ അതു നടപ്പാക്കാനുള്ള വ്യവസ്ഥയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അവരുടെ ലക്ഷ്യം നേടാന്‍ എളുപ്പമാകും. ഒരേപോലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്നു പറയുന്നതുതന്നെ കാലികമല്ല. എസ്.ബി.ഐ.യും ഐ.സി.ഐ.സി.ഐ. ബാങ്കും ഇടപാട് നടത്തുന്നത് ഒരേ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചല്ലല്ലോ?

രണ്ടു ടേം വ്യവസ്ഥ
അപ്രായോഗികം

ഭരണസമിതി അംഗങ്ങളുടെ ടേം വ്യവസ്ഥ സംബന്ധിച്ചുള്ളതാണ് മറ്റൊന്ന്. ഒരാള്‍ രണ്ടു ടേമില്‍ക്കൂടുതല്‍ ഒരു സംഘത്തിന്റെ ഭരണസമിതിയില്‍ അംഗമാകാന്‍ പാടില്ല. ഇതില്‍ ഒരുപാട് പ്രശ്നങ്ങളുണ്ട്. എന്തിനാണ് ഈ വ്യവസ്ഥ എന്നതാണ് ആദ്യത്തെ പ്രശ്നം. തുടര്‍ച്ചയായി ഒരാള്‍ സംഘം ഭരണസമിതിയിലിരുന്നാല്‍ അത് അഴിമതിക്കു കാരണമാകും എന്നതാണ് ഇതിനു പുറത്തുപറഞ്ഞുകേട്ട കാരണം. ഇതു സാധൂകരിക്കാനുള്ള അനുഭവം നമ്മുടെ മുമ്പിലുണ്ടോ എന്നതു പരിശോധിക്കണം. സഹകരണ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളെല്ലാം ഒരാള്‍ തുടര്‍ച്ചയായി ഭരണസമിതിയില്‍ ഇരുന്നതുകൊണ്ടാണെന്ന നിലപാടിലേക്ക് എത്താന്‍ പര്യാപ്തമാണോ? അങ്ങനെയാവാന്‍ വഴിയില്ലെന്നാണു തോന്നുന്നത്. മറിച്ചുള്ള അനുഭവം ഏറെയുണ്ട്. ഒരു സഹകരണ സംഘത്തിന്റെ ഭരണസമിതി അംഗമെന്നത് എം.എല്‍.എ., മന്ത്രി, മറ്റ് ജനപ്രതിനിധി എന്നിവപോലെ വരുമാനം ലഭിക്കുന്ന സ്ഥാനമല്ല. അതു തികച്ചും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നതാണ്. ഒരു സംഘത്തിനുവേണ്ടി ഭ്രാന്തമായി ഓടുന്ന ചിലരാണ് ഈ പ്രസ്ഥാനത്തിന്റെ ശക്തി. അവരില്ലെങ്കില്‍ പല സംഘങ്ങളും നശിക്കും. ടേം വ്യവസ്ഥ ഇത്തരം അര്‍പ്പണബോധമുള്ളവരെ നിര്‍ജീവമാക്കുന്ന ഒന്നാണ്. മാത്രമല്ല, ലാഭത്തിലുള്ള വലിയ ബാങ്കുകളെ മുമ്പില്‍ക്കണ്ടായിരിക്കും ഇത്തരം വ്യവസ്ഥ കൊണ്ടുവരിക. ചില സഹകാരികളുടെ ശ്രമംകൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്ന ഒരുപാട് പലവക സംഘങ്ങള്‍കൂടി ഇവിടെയുണ്ട്. ആ സംഘങ്ങളെ കൊലയ്ക്കു കൊടുക്കുന്നതുകൂടിയാകും ഈ വ്യവസ്ഥ.

ഈ വ്യവസ്ഥ മൗലികാവകാശത്തിന്റെ ലംഘനമാണ് എന്നതാണു രണ്ടാമത്തെ പ്രശ്നം. ഒരു സഹകരണ സംഘം അതിലെ അംഗങ്ങളുടെ ക്ഷേമത്തിനായി രൂപം കൊള്ളുന്ന പൂര്‍ണമായ സ്വാശ്രയകൂട്ടായ്മയാണ്. അത്തരമൊരു കൂട്ടായ്മയെ ആരു നയിക്കണമെന്നു നിശ്ചയിക്കാന്‍ അതിലെ അംഗങ്ങള്‍ക്ക് അവകാശമുണ്ട്. ജനാധിപത്യത്തില്‍ വോട്ടവകാശമുള്ള ഒരാള്‍ക്കു മത്സരിക്കാന്‍ അവകാശമുള്ളതുപോലെ. അതു നിഷേധിക്കുന്നതു ജനാധിപത്യാവകാശങ്ങളുടെ നിഷേധമായിത്തന്നെ കണക്കാക്കേണ്ടിവരും.

പ്രായോഗികപ്രശ്നമാണു മൂന്നാമത്തേത്. 25 പേരുണ്ടെങ്കില്‍ ഒരു സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യാം. 15 പേര്‍ക്കു ഭരണസമിതിയംഗമാകാം. രണ്ടു ടേം വ്യവസ്ഥ വന്നാല്‍ അടുത്ത തവണ ഭരണസമിതിയംഗമാകാന്‍ പുറത്തുനിന്നു വാടകയ്ക്ക് ആളെയെടുക്കാമെന്ന വ്യവസ്ഥകൂടി ചേര്‍ക്കേണ്ടിവരും. യുവസഹകരണ സംഘങ്ങള്‍ ഈ സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന പരിഷ്‌കാരമാണ്. കൂടുതല്‍ അംഗങ്ങള്‍ ആവശ്യമുള്ള ജോലികളല്ല അവര്‍ ലക്ഷ്യമിടുന്നത്. അത്തരം സംഘങ്ങള്‍ക്കും രണ്ടു ടേം വ്യവസ്ഥ ബാധകമാകുന്നുണ്ട്.

യുവസംഘങ്ങളിലെ
പ്രായപരിധി

യുവ സംഘങ്ങളിലെ അംഗത്വത്തിലും ഒരു പ്രശ്നമുണ്ടെന്നാണു തോന്നുന്നത്. 45 വയസ്സാണ് അതിലെ അംഗങ്ങളുടെ പ്രായപരിധി. ഈ പ്രായം കഴിയുന്നവരെ ഒഴിവാക്കി പുതിയ അംഗങ്ങളെ ചേര്‍ക്കുന്നത് ആ സംഘത്തിന്റെ ഓരോ വര്‍ഷത്തെയും പ്രധാന പ്രവര്‍ത്തനമായി മാറുന്ന സ്ഥിതിയുണ്ടാകും. പഠനം കഴിഞ്ഞ് സ്വയം ആര്‍ജിത ജോലിയെന്ന നിലയിലേക്ക് ഒരു വ്യക്തി എത്തുന്നത് 28-30 വയസ്സിലാകും. അത്തരക്കാര്‍ ചേര്‍ന്ന് ഒരു സംഘമുണ്ടാക്കിയാല്‍ അതില്‍ 15 വര്‍ഷമേ പ്രവര്‍ത്തിക്കാനാകൂവെന്നതാണ് ഈ വ്യവസ്ഥയുണ്ടാക്കുന്ന പോരായ്മ. അതിലും നല്ലത് ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്താല്‍ പോരേ എന്ന ചിന്ത സ്വാഭാവികമായും അവര്‍ക്കുണ്ടാകും. സഹകരണ സംഘത്തേക്കാള്‍ക്കൂടുതല്‍ പരിഗണനയും സഹായവും സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കു സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതില്‍ പ്രായപരിധിയും ലാഭവിഹിതം പങ്കുവെക്കലുമൊന്നും ഒരു പ്രശ്നമല്ല.

സഹകരണ സംഘങ്ങളുടെ സ്വയംഭരണാധികാരം ഇല്ലാതാകുന്നുവെന്നതാണു മറ്റൊരു പ്രശ്നം. സര്‍ക്കാരിന്റെ നിയന്ത്രണം സഹകരണ സ്ഥാപനങ്ങളില്‍ അനിവാര്യമാണെന്നുമാത്രമല്ല അതു കര്‍ശനവുമാകണം. പക്ഷേ, സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം നിര്‍ദേശിക്കുന്ന അധികാരിയായി സര്‍ക്കാര്‍ മാറുന്നതു സഹകരണമേഖലയില്‍ തെറ്റായ സന്ദേശം നല്‍കും.

പൊതുജനങ്ങള്‍ പരാതി നല്‍കിയാലും പോലീസിനെ വിട്ട് സഹകരണ സംഘത്തില്‍ അന്വേഷണത്തിനും പരിശോധനയ്ക്കും സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥയാണ് നിയമത്തിലുള്ളത്. സഹകരണനിയമം പോലെത്തന്നെയാണു കമ്പനിനിയമവും ചാരിറ്റബിള്‍ ട്രസ്റ്റ് നിയമവുമെല്ലാം. അത്തരം നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സംഘങ്ങളിലൊന്നുമില്ലാത്ത വ്യവസ്ഥയാണിത്. എന്തെങ്കിലും ഒളിപ്പിക്കണമെന്നതുകൊണ്ടല്ല ഇതിനോട് വിയോജിക്കുന്നത്. ഒരു ധനകാര്യ സ്ഥാപനത്തില്‍ ഇടയ്ക്കിടെ പോലീസ് കയറിയിറങ്ങിയാലുണ്ടാകുന്ന അവസ്ഥ ഒന്നാലോചിച്ചാല്‍ മതി. അതു മാധ്യമങ്ങളില്‍ വാര്‍ത്തയായാലുണ്ടാകുന്ന ആഘാതം ഓര്‍ത്താല്‍മതി. അന്വേഷണത്തില്‍ കുറ്റമൊന്നും കണ്ടെത്താനായില്ലെന്ന സത്യം പുറത്തുവരുമ്പോള്‍ സംഘം അതിന്റെ എല്ലാ ആഘാതവും നേരിട്ടുകഴിഞ്ഞിട്ടുണ്ടാകും. അതിനാല്‍, സഹകരണ വകുപ്പിന്റെ ഉദ്യോഗസ്ഥതലത്തില്‍ത്തന്നെ പരിശോധന നിലനിര്‍ത്തുന്നതാണു നല്ലത്. വലിയ കുറ്റങ്ങളുണ്ടെങ്കില്‍ പോലീസിനു കൈമാറുന്ന രീതി തന്നെയാണ് ഉചിതമായ മാര്‍ഗം.

സര്‍ക്കാര്‍നയം
നടപ്പാക്കല്‍

സര്‍ക്കാര്‍നയം നടപ്പാക്കാന്‍ സഹകരണ സംഘങ്ങള്‍ക്കു നിര്‍ദേശം നല്‍കാമെന്ന വ്യവസ്ഥയും ഭേദഗതിയിലുണ്ട്. പ്രത്യക്ഷത്തില്‍ നമുക്ക് അപകടമൊന്നും തോന്നാത്തതാണ് ഈ നിര്‍ദേശം. പക്ഷേ, അപകടകരമായി ഉപയോഗിക്കാവുന്ന കാര്യങ്ങള്‍ ഇതിലുണ്ട്. ആശയക്കുഴപ്പവുമുണ്ടാകും. ഉദാഹരണത്തിന്, അഞ്ചു സെന്റ് ഭൂമിയുള്ളവരെ ജപ്തി ചെയ്യരുതെന്നതാണു സര്‍ക്കാരിന്റെ നയം എന്നാണു സഹകരണ മന്ത്രി പറഞ്ഞിട്ടുള്ളത്. അഞ്ചു സെന്റ് ഭൂമിയുള്ളവര്‍ക്കു വായ്പ നല്‍കരുതെന്നതല്ല, പരമാവധി നല്‍കണമെന്നതാണ് സര്‍ക്കാര്‍നയം. അതുകൊണ്ടാണു പലിശരഹിത വായ്പയെല്ലാം നല്‍കാനുള്ള പദ്ധതി തയാറാക്കിയത്. ഇത്തരം വായ്പ കുടിശ്ശികയായാല്‍ സംഘങ്ങള്‍ എന്തുചെയ്യണം? നഷ്ടം സഹിക്കണമെന്നാണോ? ഇനി കേരള ബാങ്ക് ഈ സര്‍ക്കാര്‍നയം നടപ്പാക്കാന്‍ ബാധ്യസ്തമല്ലേ? അപ്പോള്‍ റിസര്‍വ് ബാങ്കിനെ ചൂണ്ടിക്കാട്ടി നയം ലംഘിക്കാനാകുമോ? അതായത്, നയം നടപ്പാക്കാന്‍ നിര്‍ദേശിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതു പ്രാഥമിക സംഘങ്ങളെയാണു ബാധിക്കുക.

പാര്‍ട് ടൈം സ്വീപ്പര്‍ ഒഴികെയുള്ള തസ്തികകളില്‍ നിയമനം സഹകരണ പരീക്ഷാബോര്‍ഡ് വഴി നടത്തണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നുണ്ട്. ഇതു നിയമനത്തിലെ സുതാര്യതയും ഗുണനിലവാരവും ഉയര്‍ത്തുന്നതാണ്. പക്ഷേ, ഇതു കൊഴിഞ്ഞുപോക്ക് കൂട്ടുമെന്നതില്‍ തര്‍ക്കമില്ല. പ്രത്യേകിച്ച് വായ്പേതര സഹകരണ സംഘങ്ങളിലെ സേവന-വേതന വ്യവസ്ഥകളെല്ലാം ചെറുതാണ്. അവിടേക്ക് ഉയര്‍ന്ന യോഗ്യതയുള്ളവര്‍ നിയമിക്കപ്പെടുമ്പോള്‍ നല്ല ജോലി കിട്ടുന്നതുവരെയുള്ള ഒരു സ്ഥലമായിട്ടായിരിക്കും സംഘങ്ങളെ അവര്‍ കാണുക. വേറൊന്നു കിട്ടുമ്പോള്‍ ഈ ജോലി വിടും. ജീവനക്കാരുടെ അഭാവം സംഘങ്ങളെ എപ്പോഴും അലട്ടും. പ്രാദേശിക പരിഗണന നിയമനത്തില്‍ ലഭിക്കില്ലെന്നതും ഒരു പ്രശ്നമാണ്. ഒരു സംഘത്തിന്റെ ജോലി ഏറ്റെടുക്കാനും സംഘത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാനും കഴിവുള്ള ആളുകളെക്കൂടി ഉള്‍ക്കൊള്ളാനുള്ള ശേഷി സഹകരണ സംഘങ്ങളിലെ നിയമനങ്ങളില്‍ ഉണ്ടാകണം.

 

 

Leave a Reply

Your email address will not be published.