നിക്ഷേപ പരിരക്ഷഅഞ്ചു ലക്ഷമാക്കിയതില്‍ ആഹ്ലാദിക്കാം: സി.എന്‍.വിജയകൃഷ്ണന്‍

Deepthi Vipin lal

കേരളത്തിലെ സഹകരണ മേഖല ആഹ്ലാദിക്കേണ്ട ദിവസമാണിന്ന്. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചു ലക്ഷം രൂപയാക്കാന്‍ പോകുന്നു. സഹകരണ മന്ത്രി വി.എന്‍. വാസവന്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. കേരള സഹകരണ ഫെഡറേഷന്റെ ആറാം സംസ്ഥാന സമ്മേളനം മന്ത്രിയുടെ പ്രഖ്യാപനത്തിനു വേദിയായി എന്നതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്ന് സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍.

തിരുവനന്തപുരത്തു നടന്ന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുമ്പോഴാണ് അദ്ദേഹം സഹകരണ മേഖലയുടെ ഈയാവശ്യം ഉന്നയിച്ചത്. നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷ ഇപ്പോഴത്തെ രണ്ടു ലക്ഷം രൂപയില്‍ നിന്നു പത്തു ലക്ഷം രൂപയാക്കണം എന്നായിരുന്നു ആവശ്യം. എന്തായാലും പകുതിയെങ്കിലും ആശ്വാസമായല്ലോ. ക്രമേണ ഈ പരിരക്ഷ പത്തു ലക്ഷമാക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം.

അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ആശങ്കയാണു പ്രധാനമായും പങ്കു വെച്ചത്. സഹകരണ പ്രസ്ഥാനം വല്ലാത്ത ഒരു പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നത്. 2016 ലെ നോട്ടുനിരോധനത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി ഒറ്റക്കെട്ടായി കേരളത്തിലെ സഹകാരികള്‍ മുറിച്ചു കടന്നതാണ്. പക്ഷേ, ഇപ്പോള്‍ പല തരത്തിലാണ് ആദായനികുതി വകുപ്പും റിസര്‍വ് ബാങ്കും നമുക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. അതിനെ മറികടക്കാന്‍ കഴിയും എന്ന ഉറച്ച വിശ്വാസമുണ്ട്. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ സഹകരണ മന്ത്രി പറഞ്ഞത് നമ്മള്‍ കേസുമായി മുന്നോട്ടു പോകും എന്നു തന്നെയാണ്. അത്ര വലിയ ആത്മവിശ്വാസമുണ്ടോ എന്നു ചോദിച്ചപ്പോള്‍ പൂര്‍ണമായ ആത്മവിശ്വാസമുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ആ ആത്മവിശ്വാസം നമ്മള്‍, കേരളത്തിലെ മുഴുവന്‍ സഹകാരികളും, ഉള്‍ക്കൊള്ളുകയാണ്. കാര്യങ്ങള്‍ നമുക്ക് അനുകൂലമാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം. ഒരു കാര്യം ഉറപ്പുണ്ട്. ഏതെങ്കിലും സംഘത്തിന്റെ പേരില്‍ നിന്നു ബാങ്ക് എന്നത് ഒഴിവാക്കിയാല്‍പ്പോലും കേരളത്തിലെ സഹകരണ പ്രസ്ഥാനം തകരില്ല. സര്‍വീസ് സഹകരണ ബാങ്കിനെക്കാള്‍ വലിയ വനിതാ സര്‍വീസ് സഹകരണ ബാങ്കുകള്‍ കേരളത്തിലുണ്ട്. കോടിക്കണക്കിനു രൂപയുടെ നിക്ഷേപവും ഇടപാടും അവിടെ നടക്കുന്നുണ്ട്. ബി.ജെ.പി.ക്കാരും ഇക്കാര്യം ശ്രദ്ധിക്കണം. അവര്‍ക്കുമുണ്ട് ഈ നാട്ടില്‍ സഹകരണ സംഘങ്ങള്‍. അതുകൊണ്ട് നമ്മള്‍ ഒരുമിച്ചു നീങ്ങണം. ഇപ്പോഴാണ് ആര്‍.ബി.ഐ. പറഞ്ഞത് അഞ്ചു ലക്ഷം വരെയുള്ള പണത്തിനു ഗ്യാരണ്ടിയുണ്ട് എന്ന്. എം.വി. രാഘവന്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് ആദ്യമായി ഇന്ത്യയില്‍ ഈ നിക്ഷേപ ഗാരണ്ടി സ്‌കീം കൊണ്ടുവന്നത്. അതു കണ്ടിട്ടാണ് ആര്‍.ബി.ഐ. പിന്നീട് ഈ സ്‌കീം കൊണ്ടുവന്നത്. സഹകാരികള്‍ ജനങ്ങളില്‍ ആത്മവിശ്വാസമുണ്ടാക്കണം. പത്തു ലക്ഷം രൂപ വരെ ഗാരണ്ടി കൊടുക്കാന്‍ നമ്മള്‍ തയ്യാറാണ് എന്നു ആര്‍.ബി.ഐ.യെ ബോധ്യപ്പെടുത്താന്‍ നമ്മള്‍ തയ്യാറാവണം. നമ്മളും അത്ര മോശമല്ല എന്ന് ആര്‍.ബി.ഐ. അറിയട്ടെ. അതുമാത്രമാണ് ഞങ്ങള്‍ക്കു പറയാനുള്ളത്.

 

കേരള സഹകരണ ഫെഡറേഷന്‍ സി.എന്‍ വിജയകൃഷ്ണന്‍ ചെയര്‍മാന്‍

കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാനായി സി.എന്‍ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിയായി അഡ്വക്കേറ്റ് എം.പി സാജു എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!