നമ്മളിപ്പോഴും ഇരുട്ടിലാണ് എലിയെ തപ്പുന്നത്

Deepthi Vipin lal

കേരളത്തിലെ സഹകരണ മേഖലയിലാകെ ആശങ്കയും പ്രതിസന്ധിയും നിറഞ്ഞ ഘട്ടമാണിത്. കേന്ദ്രത്തിന്റെ നിയമപരിഷ്‌കരണം, റിസര്‍വ് ബാങ്കിന്റെ നിയന്ത്രണ നടപടികള്‍, ആധുനിക ബാങ്കിങ് രീതിയില്‍ വന്ന മാറ്റം എന്നിവയെല്ലാം കാരണം കേരളത്തിലെ സഹകരണ രംഗം, പ്രത്യേകിച്ച് ബാങ്കിങ് മേഖല , വലിയ മാറ്റത്തിനാണ് ഒരുങ്ങുന്നത്. ഇതിനൊപ്പം, കോവിഡ് വ്യാപനമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി വേറെയും. ഈ പ്രശ്നങ്ങളെ ശരിയായ രീതിയില്‍ തിരിച്ചറിഞ്ഞുള്ള പരിഹാര നടപടികളാണു നമുക്കുണ്ടാകേണ്ടത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അതിനുള്ള ഒരു ശ്രമവും നമ്മുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇതിനു പുറമെയാണു സഹകരണ മേഖലയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന പ്രചരണം നടക്കുന്നത്. അതിനു വഴിമരുന്നിടാന്‍ പാകത്തില്‍ ചില സംഭവങ്ങളുണ്ടായി എന്നതും ഗൗരവത്തോടെ കാണണം. കേന്ദ്രത്തില്‍ പുതിയ സഹകരണ മന്ത്രാലയവും അതിന്റെ ചുമതലയില്‍ അമിത്ഷാ വരികയും ചെയ്തപ്പോള്‍ കേരളത്തിലെ സഹകരണ മേഖലയിലുള്ളവര്‍ ഒരു രാഷ്ട്രീയ അപകടം തിരിച്ചറിയുന്നുണ്ട്. അതിനു പ്രതിരോധം തീര്‍ക്കാന്‍ കേരളത്തിലെ സഹകാരികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനപ്പുറത്തേക്കു പ്രശ്നങ്ങള്‍ പഠിക്കാന്‍ നമ്മള്‍ തയാറായിട്ടുണ്ടോയെന്നതു പരിശോധിക്കണം.

സഹകരണ ബാങ്കുകള്‍ക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ പുതിയ അപ്പെക്സ് കോ-ഓപ്പ് ഫിനാന്‍സ് ആന്റ് ഡെവലപ്മെന്റ് ലിമിറ്റഡ് രൂപവത്കരിച്ചത് വലിയ വാര്‍ത്തയായതാണ്. ഈ അപ്പെക്സ് കോ-ഓപ്പ് ഫിനാന്‍സ് കമ്പനിയുടെ ലക്ഷ്യത്തില്‍ പറയുന്ന കാര്യങ്ങളിലേറെയും നമുക്കു വേണ്ടതാണ്. സഹകരണ ബാങ്കിങ് മേഖലയില്‍ സാങ്കേതിക സംവിധാനം ഒരുക്കല്‍, ട്രേഡിങ് ഉള്‍പ്പെടെയുള്ളവയിലൂടെ വരുമാനം മെച്ചപ്പെടുത്തല്‍, വിദേശവിനിമയ ഇടപാടുകള്‍ സാധ്യമാകല്‍ എന്നിവയെല്ലാം ഈ ഫിനാന്‍സ് കമ്പനി സഹകരണ ബാങ്കുകള്‍ക്കുവേണ്ടി ചെയ്യും. ആധുനിക ബാങ്കിങ് സംവിധാനങ്ങളൊന്നും നേടാനാകാത്ത ദുരവസ്ഥയിലാണു കേരളത്തിലെ സഹകരണ ബാങ്കുകള്‍. ഈ ഘട്ടത്തില്‍ കേന്ദ്രത്തിന്റെ നടപടി നമുക്ക് അത്യാവശ്യമാകും. പക്ഷേ, അതു കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകുന്നതിന്റെ അപകടം നമുക്ക് അവഗണിക്കാനാവുന്നതല്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച അതേ സംവിധാനം സംസ്ഥാനതലത്തില്‍ത്തന്നെ ഒരുക്കാവുന്നതാണ്. ഇതായിരുന്നു എട്ടു മാസങ്ങള്‍ക്കു മുമ്പ് ‘മൂന്നാംവഴി ‘ ചൂണ്ടിക്കാട്ടിയ ‘സഹകരണ ഫിന്‍ടെക് ്’ എന്ന കമ്പനി. ഈ നിര്‍ദേശം സഹകരണ മേഖലയിലുള്ളവര്‍ ഗൗരവത്തോടെ കണ്ടില്ല എന്നതാണു വസ്തുത. അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ നമ്മള്‍ ആശങ്കപ്പെടുകുയും ചെയ്യുന്നു. കേരള ബാങ്കിലെ എ.ടി.എമ്മുകളില്‍നിന്നു പണം കൊള്ളയടിച്ചതു കണ്ടെത്താന്‍പോലും ബാങ്കിനു കഴിഞ്ഞില്ലെന്ന വാര്‍ത്തകള്‍കൂടി ഇതിനോടു ചേര്‍ത്തുവായിക്കണം. തട്ടിപ്പു നടത്തിയവര്‍ ആ പണം ബിറ്റ്കോയിനാക്കി മാറ്റിയാണ് ഇടപാട് നടത്തിയത്. അതായത്, കൊള്ളക്കാര്‍ക്കുള്ള സാങ്കേതികബോധംപോലും നമ്മള്‍ ആര്‍ജിക്കാന്‍ തയാറായിട്ടില്ലെന്ന പാഠം കൂടി ഇതു നല്‍കുന്നുണ്ട്. പറയാതെ വയ്യ, നമ്മള്‍ ഇപ്പോഴും ഇരുട്ടിലാണ് എലിയെ തപ്പുന്നത്. പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞുള്ള പരിഹാരമാര്‍ഗമാണു തേടേണ്ടത്. അതിനു നമ്മള്‍ ഇനിയും ഒരുപാട് മാറേണ്ടതുണ്ട്.

– എഡിറ്റര്‍

Leave a Reply

Your email address will not be published.

Latest News
error: Content is protected !!