നടപ്പു സാമ്പത്തിക വര്‍ഷാവസാനത്തോടെ ദേശീയ സഹകരണ നയം രൂപം കൊള്ളും
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കേന്ദ്ര സഹകരണ വകുപ്പ് ദേശീയ സഹകരണ നയത്തിനു രൂപം നല്‍കും. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹികാവശ്യങ്ങള്ക്കനുസൃതമായി
സഹകരണാശയങ്ങളെ ഏറ്റവും താഴെത്തട്ടില്‍ എത്തിക്കുന്നതിനും വിപുലമാക്കുന്നതിനുമുള്ള 54 നിര്‍ദേശങ്ങള്‍ ഇതുവരെയായി കിട്ടിയിട്ടുണ്ട്. നിര്‍ദിഷ്ട സഹകരണ നയത്തെക്കുറിച്ച് 26 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായും കേന്ദ്രമന്ത്രിമാരുമായും സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും. ഇതിന്റെ രണ്ടാംഘട്ട ചര്‍ച്ചകള്‍ സഹകരണ ഫെഡറേഷനുകളുമായും യൂണിയനുകളുമായും നടക്കുമെന്നു കേന്ദ്ര സഹകരണ മന്ത്രാലയ വക്താവ് അറിയിച്ചു. ‘ സഹകരണത്തിലൂടെ അഭിവൃദ്ധിയിലേക്ക് ‘ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണം യാഥാര്‍ഥ്യമാക്കുന്നതിനു സഹകരണാധിഷ്ഠിത സാമ്പത്തിക മാതൃക ശക്തിപ്പെടുത്തുക എന്ന ആശയത്തിലൂന്നിയായിരിക്കും സഹകരണ സാമ്പത്തികനയം രൂപപ്പെടുത്തുക.