ദ്രാവകരൂപത്തിലുള്ള നാനോ യൂറിയയുടെ കയറ്റുമതി തുടങ്ങി
ദ്രാവകരൂപത്തിലുള്ള നാനോ യൂറിയ ഇഫ്‌കോ ( ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ) വിദേശരാജ്യങ്ങളിലേക്കു കയറ്റിയയക്കാന്‍ തുടങ്ങി. ആദ്യമായി നേപ്പാളിലേക്കാണു നാനോ യൂറിയ അയച്ചത്. ഗുജറാത്തിലെ കാലോളിലുള്ള നാനോ ഉല്‍പ്പാദന നിലയത്തില്‍ നിന്നാണ് യൂറിയ കയറ്റിയയച്ചത്.
ആഗോള രാസവള വിപണിയില്‍ ഇതൊരു പുതിയ അധ്യായം തുറന്നിരിക്കുകയാണെന്നു ഇഫ്‌കോ മാനേജിങ് ഡയരക്ടര്‍ ഡോ. യു.എസ്. അവസ്തി അഭിപ്രായപ്പെട്ടു. 500 മില്ലി ലിറ്ററിന്റെ കുപ്പിയിലാണു നാനോ യൂറിയ നല്‍കുന്നത്. ഒരു കുപ്പി 50 കിലോഗ്രാമിന്റെ ഒരു ചാക്ക് യൂറിയ തരികള്‍ക്കു തുല്യമാണ്.
ലോകത്തെ ആദ്യത്തെ നാനോ യൂറിയ ഉല്‍പ്പാദന നിലയമാണു കാലോളിലേത്. ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ഈ ഉല്‍പ്പാദന നിലയം ഉദ്ഘാടനം ചെയ്തത്. കൂടുതല്‍ ലാഭം കുറഞ്ഞ ചെലവില്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണു ഇഫ്‌കോ നാനോ യൂറിയ പ്ലാന്റ് സ്ഥാപിച്ചത്. കലോളിലുള്ള പ്ലാന്റില്‍ പ്രതിദിനം ഒന്നര ലക്ഷം കുപ്പി നാനോ യൂറിയ ഉല്‍പ്പാദിപ്പിക്കും. ഇത്തരത്തിലുള്ള എട്ടു പ്ലാന്റുകള്‍കൂടി ഇഫ്‌കോ സ്ഥാപിക്കുന്നുണ്ട്.