ദേശീയ കൈത്തറി മഹോത്സവം സംഘടിപ്പിക്കാന്‍ കേരളം; ലക്ഷ്യം ആഗോള വിപണി

moonamvazhi

കൈത്തറി സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് സമഗ്രപദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സ്‌കൂള്‍ യൂണിഫോം പദ്ധതി കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് വലിയ ഉണര്‍വാണ് നല്‍കിയത്. എന്നാല്‍, കോവിഡ് വ്യാപനമുണ്ടാക്കിയ ആഘാതം ഈ മുന്നേറ്റത്തെ തകര്‍ത്തെറിഞ്ഞു. ഇതോടെ, ആഭ്യന്തര -ആഗോള വിപണി ഓരേപോലെ ലക്ഷ്യമിട്ടുള്ള ആസൂത്രണത്തിലേക്ക് കൈത്തറി വകുപ്പ് നീങ്ങിയത്.

ദേശീയ കൈത്തറി മഹോത്സവം സംഘടിപ്പിക്കാനാണ് ഒരുതീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന കൈത്തറി ഉപദേശകസമിതി യോഗത്തിന്റെ തീരുമാനപ്രകാരമാണിത്.രാജ്യത്തിനകത്തും പുറത്തും നിന്നുമായി ഡിസൈനര്‍മാര്‍, വ്യാപാരികള്‍ തുടങ്ങിയവരുള്‍പ്പെടെ പങ്കെടുക്കുന്ന അതിവിപുലമായ മേളയാക്കി കൈത്തറി മഹോത്സവത്തെ മാറ്റും. സ്ഥലവും തീയതിയും പിന്നീട് തീരുമാനിക്കും.

കൈത്തറി ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നവരുടെ യോഗം പ്രത്യേകമായി വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ പ്രോത്സാഹനവും നല്‍കും. ഈ വര്‍ഷം കൈത്തറി മേഖലക്ക് 56.4 കോടി രൂപയാണ് പദ്ധതി വിഹിതമായി അനുവദിച്ചത്. കൈത്തറി സ്‌കൂള്‍ യൂണിഫോമിനായി 60 കോടി രൂപയും നല്‍കി. കഴിഞ്ഞ വര്‍ഷം 43 ലക്ഷം മീറ്റര്‍ കൈത്തറി യൂണിഫോം ആണ് 7 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്തത്.

സ്‌കൂള്‍ തുറക്കുമ്പോള്‍ യൂണിഫോമിന് മാത്രമായി നേരത്തെ നല്‍കിയിരുന്ന റിബേറ്റ് മറ്റ് തുണിത്തരങ്ങള്‍ക്ക് നല്‍കുന്ന കാര്യവും പരിഗണിക്കും. യൂണിഫോം കളര്‍ കോഡ് പരിമിതപ്പെടുത്തുന്നതുസംബന്ധിച്ച തീരുമാനം മന്ത്രി തല യോഗത്തിന്റെ പരിഗണനക്ക് അയക്കും. കൈത്തറി മേഖലയുടെ സാധ്യതകളും പ്രശ്‌നങ്ങളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി വിദഗ്ധ സമിതിയെ നിയോഗിച്ചതായി മന്ത്രി പി.രാജീവ് പറഞ്ഞു. കേരള കൈത്തറി ബ്രാന്റ് രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു.

ha

Leave a Reply

Your email address will not be published.