ദീപാങ്കുരം നൈതിക നാളം – പി.എന്‍. ദാസ്

web desk

ഗതികെട്ട് നെല്ല് മോഷ്ടിച്ച ഒരു സാധുകൃഷിക്കാരനെ ജന്മി പിടിച്ചുകെട്ടിയ നിലയില്‍ രാജാവിന്റെ മുന്നില്‍ ഹാജരാക്കി. തത്വചിന്തകനായ ലാവോത്സു അപ്പോളവിടെ ഉണ്ടായിരുന്നു. രാജാവിന് അദ്ദേഹത്തോട് വളരെ സ്‌നേഹവും ആദരവുമായിരുന്നു. അതുകൊണ്ട്
ആ കള്ളന് തക്കതായ ശിക്ഷനല്‍കാന്‍ രാജാവ് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. കള്ളനെയും ജന്മിയെയും വിചാരണ ചെയ്തശേഷം ലാവോത്സു വിധി പ്രഖ്യാപിച്ചു : ‘ ഈ സാധുവായ കൃഷിക്കാരനെ ഉടന്‍ വെറുതെ വിടുക. അയാള്‍ക്ക്
ഒരു മാസത്തേക്കു വേണ്ട ധാന്യം ജന്മിയുടെ ധാന്യപ്പുരയില്‍ നിന്ന് എത്തിച്ചുകൊടുക്കുക. ഈ ജന്മിക്ക് ആറു മാസത്തേക്ക് തടവുശിക്ഷയും
വിധിച്ചിരിക്കുന്നു. അദ്ദേഹത്തെ ഉടന്‍ ജയിലിലടയ്ക്കുക. ‘ ഇതു കേട്ടുനിന്നവരെല്ലാം അമ്പരന്നു. ജന്മി കരഞ്ഞുകൊണ്ട്
പറഞ്ഞു: ‘ അയ്യോ, ഞാനല്ല ഇയാളാണ് കട്ടത്. ഇയാളെന്റെ ധാന്യപ്പുരയില്‍ കയറി നാലു തവണ നെല്ലു കട്ടു കൊണ്ടുപോയി. എന്റെ വയലുകളില്‍ പതിവായി ഇയാള്‍ക്ക് പണിയുണ്ട്. എന്നിട്ടും ഇയാള്‍ ഈ തെറ്റു ചെയ്തു. അതിന് എനിക്ക് ശിക്ഷയോ ? ‘

രാജാവിനും കാര്യം മനസ്സിലായില്ല. പക്ഷേ, ആരും കാണാത്തത്, ബുദ്ധികൊണ്ട് മനസ്സിലാക്കാത്തത് കാണാനും പറയാനും കഴിയുന്ന ഗുരുവാണ് ലാവോത്സു. അദ്ദേഹം ശാന്തമായിപറഞ്ഞു : ‘ ഈ ദരിദ്ര കര്‍ഷകന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇയാള്‍ നിങ്ങളുടെ വേല ചെയ്യുന്നവനാണ്. ഇയാള്‍ മഴകൊണ്ട് , വെയിലു കൊണ്ട് വിയര്‍പ്പൊഴുക്കിയാണ്‌നിങ്ങളുടെ പാടത്ത് നല്ല വിളവുണ്ടാക്കുന്നത്. നിങ്ങളുടെ ധാന്യപ്പുരകള്‍ ധാന്യം നിറഞ്ഞ് വീര്‍പ്പുമുട്ടി നില്‍ക്കുമ്പോള്‍ ഇയാളുടെ അടുക്കളയില്‍ ഒരു നേരത്തെ കഞ്ഞി കിട്ടാതെ കുട്ടികള്‍ കരയുകയായിരുന്നു. അതറിഞ്ഞിട്ടും ഇയാളെ സഹായിക്കാത്ത നിങ്ങളാണ് ഇവിടെ ഒന്നാം പ്രതി. നി്ങ്ങള്‍ കടുത്ത കുറ്റം ചെയ്തു. വിശപ്പാണ് ഏറ്റവും വലിയ വേദന. ഇയാളുടെ കുടുംബം പട്ടിണിയുടെ വേദനയില്‍ കരഞ്ഞിരിക്കുമ്പോള്‍ തൊട്ടടുത്തുള്ള ബംഗ്ലാവില്‍നിങ്ങളുടെ കുടുംബം വയറു നിറയെ ഉണ്ട് ഉല്ലസിച്ചുകഴിയുകയായിരുന്നു. നിങ്ങള്‍ നിങ്ങളുടെ വേലക്കാരനായ ഇയാള്‍ക്ക് വേണ്ടത്ര അരി കൊടുത്തിരുന്നെങ്കില്‍ ഇയാള്‍ക്ക് നിങ്ങളുടെ ധാന്യപ്പുരയില്‍ വന്ന് മോഷ്ടിക്കാന്‍ തോന്നുമായിരുന്നോ ? നിങ്ങള്‍ യഥാര്‍ഥത്തില്‍ രണ്ടു കുറ്റങ്ങള്‍ ചെയ്തു. ഒന്ന്, ഇയാളെ പട്ടിണിക്കിട്ടു. രണ്ട്, നല്ലവനായ ഇയാളെ കള്ളനാക്കി.
അതിനൊക്കെക്കൂടി ചെറിയൊരു ശിക്ഷയേ ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്നുള്ളു. ആറു മാസത്തെ ജയില്‍വാസം. ‘

അങ്കുരം: ഹൃദയത്തില്‍ കരുണയുള്ള ഒരാള്‍
നൈതികതയുടെ പ്രകാശത്തില്‍ വിചാരണ ചെയ്യുമ്പോള്‍
യഥാര്‍ഥ നീതി നടപ്പാകുന്നു.

Leave a Reply

Your email address will not be published.