ജീവകാരുണ്യ പദ്ധതിക്ക് പൊതുനന്മാഫണ്ട് ഉപയോഗിക്കാന്‍ മലപ്പുറത്തെ സംഘങ്ങള്‍ക്ക് അനുമതി

moonamvazhi

സഹകരണ സംഘങ്ങളുടെ സാമ്പത്തിക സഹായത്തോടെ ജീവനകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് സഹകരണ വകുപ്പിന്റെ പ്രത്യേക അനുമതി. മലപ്പുറം ജില്ലയിലെ സിഎച്ച് സെന്ററിന്റെ നിര്‍മ്മാണത്തിനും പ്രവര്‍ത്തനത്തിനും സഹകരണ സംഘങ്ങളുടെ പൊതുനന്മാഫണ്ട് ഉപയോഗിക്കാമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കി.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത മികച്ച സംഭാവന നല്‍കുന്നതും സാധാരണക്കാരായ ജനങ്ങളുടെ സഹായത്തിനായി പ്രവര്‍ത്തിച്ചുവരുന്നതുമായ ഒരുസ്ഥാപനമാണ് സി.എച്ച്. സെന്റര്‍ എന്ന രജിസ്ട്രാര്‍ സര്‍ക്കുലറില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സി.എച്ച്. സെന്ററിന്റെ കെട്ടിടം പൂര്‍ത്തിയാക്കുകയും, അവിടെ കേന്ദ്രമാക്കി സാധാരണക്കാര്‍ക്ക് ജീവകാരുണ്യ സഹായം ലഭ്യമാക്കുകയും ചെയ്യാനുള്ള അവരുടെ പദ്ധതി കെ.പി.എ.മജീദ് എം.എല്‍.എ.യാണ് സഹകരണ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇതിനായി മലപ്പുറം ജില്ലയിലെ സഹകരണ സംഘങ്ങളില്‍നിന്ന് ധനസഹായം ലഭ്യമാക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു എം.എല്‍.എ.യുടെ നിവേദനത്തിലെ ആവശ്യം.

പാലിയേറ്റീവ് ക്ലിനിക്ക്, തെറാപ്പി സെന്റര്‍, ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് ഡൊണേഷന്‍ ഫോറങ്ങള്‍, മൃതദേഹ പരിപാലനത്തിനുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പണി നടന്നുകൊണ്ടിരിക്കുന്ന സിഎച്ച് സെന്ററിന്റെ പുതിയ കെട്ടിടം. ഇതിനുള്ള സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് പണം നല്‍കാമെന്നാണ് രജിസ്ട്രാറുടെ സര്‍ക്കുലറിലുള്ളത്. മലപ്പുറം ജില്ലയില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് സാമ്പത്തിക സഹായം നല്‍കാന്‍ അനുമതിയുള്ളത്. സഹകരണ സംഘങ്ങള്‍ അവയുടെ ലാഭത്തില്‍നിന്ന് സഹകരണ നിയമം വകുപ്പ് 56(2)(ഡി.) അനുസരിച്ച് ഒരുഭാഗം പൊതുനന്മാഫണ്ടായി മാറ്റിവെക്കാറുണ്ട്. ഈ ഫണ്ടില്‍ നിന്നും സി.എച്ച്. സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുന്നതിന്റെ ആവശ്യത്തിലേക്ക് അതത് സംഘങ്ങള്‍ക്ക് താല്പര്യമുള്ള പ്രകാരമുള്ള തുക സംഭാവനയായി നല്‍കാമെന്നാണ് രജിസ്ട്രാറുടെ അനുമതി.

Leave a Reply

Your email address will not be published.