ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹരജിയില്‍ സര്‍ക്കാരിനും ആര്‍.ബി.ഐ.ക്കും നോട്ടീസ്

[email protected]

ചിങ്ങം ഒന്നിന് കേരള ബാങ്ക് പ്രഖ്യാപനത്തിനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നതിനിടെ ജില്ലാബാങ്കുകളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹരജി ഹൈക്കോടതി പരിഗണിക്കുന്നു. മലപ്പുറം ജില്ലാ സഹകരണബാങ്കില്‍ ജനറല്‍ബോഡി വിളിക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ട് പുല്‍പറ്റ, കടന്നമണ്ണ സര്‍വീസ് സഹകരണ ബാങ്കുകളാണ് ഹരജി നല്‍കിയത്. ഈ രണ്ടുബാങ്കുകളും മലപ്പുറം ജില്ലാബാങ്കിലെ എ-ക്ലാസ് അംഗങ്ങളാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നിലപാട് വ്യക്തമാക്കണമെന്ന് കാണിച്ച് കോടതി നോട്ടീസ് നല്‍കി. കേരള ബാങ്ക് രൂപീകരണത്തിന്റെ പേരില്‍ ജില്ലാ ബാങ്കില്‍ പി.എസ്.സി നിയമനം തടഞ്ഞ സര്‍ക്കാര്‍ നടപടിക്കെതിരെ പതിനെട്ടോളം ഹര്‍ജികള്‍ വേറെയുമുണ്ട്.

017 ഏപ്രില്‍ മാസം മുതലാണ് ജില്ലാ സഹകരണ ബാങ്കുകളില്‍ ഭരണസമിതിക്ക് പകരം അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചത്. ഇത് രണ്ടുതവണ പുതുക്കി. ഈ വര്‍ഷം ഒക്ടോബര്‍വരെയാണ് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് കാലാവധിയുള്ളത്. സഹകരണ നിയമപ്രകാരം ഒരു വര്‍ഷത്തിലധികം സഹകണ സ്ഥാപനങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്താന്‍ പാടില്ല. ഇത് ലംഘിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എ-ക്ലാസ് അംഗങ്ങളായ ബാങ്കുകള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രഫ. എസ്. ശ്രീറാം ചെയര്‍മാനായ അഞ്ചംഗ സമിതി 2017 ഏപ്രില്‍ 28ന് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേരള ബാങ്ക് രൂപീകരണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജരായി വിരമിച്ച വി.ആര്‍ രവീന്ദ്രനാഥ് ചെയര്‍മാനായി ഒരു ടാസ്‌ക് ഫോഴ്‌സിനാണ് കേരള ബാങ്ക് രൂപീകരണത്തിന്റെ ചുമതല. ഇതിനെ തുടക്കം മുതലെ മലപ്പുറം ജില്ലാബാങ്ക് എതിര്‍ത്തിരുന്നു. ഇതിനുപിന്നാലെയാണ് എല്ലാ ജില്ലാബാങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്.

ലയനത്തിന് അംഗങ്ങളുടെ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തിലുള്ള തീരുമാനം വേണമെന്ന വ്യവസ്ഥയുണ്ട്. എല്ലാ പ്രാഥമിക സംഘങ്ങളും ജില്ലാ സഹകരണ ബാങ്കില്‍ നേരത്തെ എ-ക്ലാസ് അംഗങ്ങളായിരുന്നു. ഓര്‍ഡിനന്‍സിലെ ഇത് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും മാത്രമായി സര്‍ക്കാര്‍ പരിമിതപ്പെടുത്തി. ഇതനുസരിച്ചാണെങ്കിലും മലപ്പുറത്ത് യു.ഡി.എഫ്. നിയന്ത്രണത്തിലുള്ള സംഘങ്ങളാണ് എ-ക്ലാസ് അംഗങ്ങളില്‍ ഭൂരിഭാഗവും. അതിനാല്‍, ഹരജിയില്‍ ഹൈക്കോടതി നിലപാട് കേരളബാങ്കിന്റെ കാര്യത്തില്‍ നിര്‍ണായകമാണ്.

Leave a Reply

Your email address will not be published.