ജാക്മയുടെ ഫിന്‍ടെക് വിപ്ലവം

Deepthi Vipin lal

-സിദ്ധാര്‍ഥന്‍

(2020 ഡിസംബര്‍ ലക്കം)

കാലത്തിനപ്പുറം സ്വപ്‌നം കാണുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നയാളാണ് ചൈനീസ് ബിസിനസ്സുകാരന്‍ ജാക്മ. ഇദ്ദേഹത്തില്‍ നിന്നു കേരളത്തിലെ സഹകരണ മേഖലയ്ക്ക് പലതും പഠിക്കാനുണ്ട്.

ലോകത്ത് ഇനി വരാനിരിക്കുന്നത് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി വിപ്ലവമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇ-കൊമേഴ്‌സ് മുന്നേറ്റത്തിനു ശേഷം വമ്പന്‍ കമ്പനികളുടെയെല്ലാം ഫോക്കസ് ഫിന്‍ടെക്കിലാണ്. ഗൂഗിളും ആമസോണും അലി പേയും എന്തിന് റിലയന്‍സ് ജിയോ വരെ ഈ സാധ്യതകളിലേക്കാണ് നോക്കുന്നത്. വെര്‍ച്വല്‍ മണി യാഥാര്‍ഥ്യമാകാന്‍ തുടങ്ങുകയാണ്. ക്രിപ്‌റ്റോ കറന്‍സി, ബിറ്റ് കോയിന്‍ പോലുള്ള സങ്കേതങ്ങള്‍ അംഗീകൃത കൈമാറ്റ സംവിധാനമായി വരാന്‍ പോവുകയാണ്. ഫെയിസ് ബുക്ക് തന്നെ ഇത്തരം സങ്കേതങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയത് വരാനിരിക്കുന്ന സാധ്യതകളെ ചൂണ്ടിക്കാട്ടുന്നു. ‘ വണ്‍ വേള്‍ഡ്, വണ്‍ കറന്‍സി ‘ എന്ന നിലയിലേക്കാണ് ലോകം മാറുന്നത്. ആഗോള ധനകാര്യ വിപണിയുടെ ആധിപത്യത്തിനായി ഇനി മത്സരം മുറുകുമെന്ന് ഉറപ്പ് .

ഒരേസമയം ഇ-കൊമേഴ്‌സ് സാധ്യതയും ഡിജിറ്റല്‍ പണമിടപാടും ഒരുക്കുകയെന്നതാണ് കമ്യൂണിക്കേഷന്‍-ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളെല്ലാം സ്വീകരിക്കുന്ന രീതി. ജനങ്ങളുടെ വാങ്ങല്‍ശേഷി പരമാവധി ഉപയോഗിക്കുന്നത് ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. വാട്‌സാപ്പ്, ഫെയിസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ടെലികമ്യൂണിക്കേഷന്‍ രംഗത്തെ മിക്കവാറും സ്വകാര്യ കമ്പനികളും ഈ സാധ്യത ഉപയോഗപ്പെടുത്താനുള്ള രീതിയിലേക്ക് ചുവടുമാറ്റിക്കഴിഞ്ഞു. വാലറ്റുകള്‍ ഇതിന്റെ തുടക്കമായിരുന്നു. ഇപ്പോള്‍ ഇ-കൊമേഴ്‌സ് സാധ്യതകളും ഉള്‍പ്പെടുത്തിവരികയാണ്. അതില്‍ ഒടുവിലത്തെ രംഗപ്രവേശം വാട്‌സാപ്പിന്റേതാണ്.

യു.പി.ഐ. അധിഷ്ഠിത പണമിടപാട് സംവിധാനമാണ് വാട്‌സാപ്പ് ആദ്യം കൊണ്ടുവരുന്നത്. ഇന്നു ഏറ്റവും ജനപ്രിയമായ കമ്യൂണിക്കേഷന്‍ സംവിധാനമാണ് വാട്‌സാപ്പ്. ഇതുപയോഗിക്കുന്നവരെ യു.പി.ഐ. പണമിടപാട് രീതിയിലേക്ക് എത്തിക്കുക എന്നതാണ് വാട്‌സാപ്പിന്റെ ലക്ഷ്യം. ഇതിനൊപ്പം ഇ-കൊമേഴ്‌സ് മേഖലയിലേക്കും കടക്കുന്നു. കാറ്റലോഗ് കാണാനും വില്‍പ്പനയ്ക്കുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍ അറിയാനുമുള്ള ക്രമീകരണമാണ് ഒരുക്കുന്നത്. കോള്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ വോയിസ് കോളിനും വീഡിയോ കോളിനും അവസരമുണ്ട്. പുതിയ സംവിധാനം ആഗോള തലത്തില്‍ അവതരിപ്പിച്ചതായി വാട്‌സാപ്പ് കമ്പനി അറിയിച്ചിട്ടുണ്ട്. വാട്‌സാപ്പിന്റെ കണക്കനുസരിച്ച് ഓരോ ദിവസവും 17.5 കോടിയാളുകള്‍ ബിസിനസ് അക്കൗണ്ടില്‍ സന്ദേശമയക്കുന്നുണ്ട്. നാലു കോടിയോളം പേര്‍ ഓരോ മാസവും ബിസിനസ് കാറ്റലോഗുകള്‍ കാണുന്നു. ഇന്ത്യയില്‍ ഇത് 30 ലക്ഷത്തിലധികമാണ്.

 

ജാക്മയുടെ അലി പേ

ഫിനാന്‍ഷ്യല്‍ ടെക്‌നോളജിയില്‍ വിപ്ലവം തീര്‍ക്കാനുള്ള പടപ്പുറപ്പാടായിരുന്നു അലിബാബ ഗ്രൂപ്പിന്റെ സാരഥി ജാക്മയുടേത്. സ്വപ്‌നങ്ങള്‍ കാണുകയും അതിനെ യാഥാര്‍ഥ്യമാക്കുകയും ചെയ്യുന്നതില്‍ മിടുക്കനാണ് ജാക്മ. അങ്ങനെ ജാക്മ കണ്ട സ്വപ്‌നമാണ് ഫിന്‍ടെക് വിപ്ലവം. അതിനു രൂപം നല്‍കിയ കമ്പനിയാണ് ‘ആന്റ് ഫിനാന്‍ഷ്യല്‍’. ലക്ഷ്യത്തിലേക്ക് നടക്കാന്‍ ഉറുമ്പിന്റെ ക്ഷമയും സഹിഷ്ണുതയും കഠിനാധ്വാനവും വേണമെന്നാണ് ജാക്മയുടെ തിയറി. അതുകൊണ്ടാണ് പുതിയ വിപ്ലവക്കമ്പനിക്ക് ‘ആന്റ്’ എന്ന് പേരിട്ടത്. ‘അലി പേ’ എന്ന പേരിലാണ് യു.പി.ഐ. സംവിധാനം പ്രഖ്യാപിച്ചത്. വെറും പണമിടപാട് മാത്രമല്ല അലി പേ ലക്ഷ്യമിട്ടത്. വന്‍ ധനസമാഹരണത്തിലൂടെ വ്യപകമായി ചെറു ലോണുകള്‍ കൊടുക്കാനായിരുന്നു ജാക്മയുടെ പദ്ധതി. വലിയ കടമ്പകളില്ലാതെ വായ്പ നല്‍കുന്നതിലൂടെ ഇടപാടുകാരെ വന്‍തോതില്‍ ആകര്‍ഷിക്കാന്‍ അലി പേ ലക്ഷ്യമിട്ടിരുന്നു. സാധാരണക്കാരന്റെ ഏറ്റവും പ്രിയപ്പെട്ട പണമിടപാട് ഉപാധിയായി മാറുകയായിരുന്നു ലക്ഷ്യം. നിലവില്‍ ഗൂഗിള്‍ പേ അടക്കം നൂറുകണക്കിന് പേയ്‌മെന്റ് ഗേറ്റ്‌വേകള്‍ ബാങ്ക് ഇടപാടുകളെ തങ്ങളിലേക്ക് പറിച്ചുനടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഇതുവരെയാരും വായ്പകള്‍ നല്‍കിയിരുന്നില്ല. അത് വിപ്ലകരമായ മാറ്റമാണ്. വാട്‌സാപ്പ് പേ അത് അലോചിക്കുന്നുണ്ടെന്നു കേള്‍ക്കുന്നു. എന്നാല്‍, അലി പേ അതിനുള്ള പദ്ധതി തയാറാക്കി പ്രഖ്യാപിച്ചുകഴിഞ്ഞു.

ലോകത്ത് പ്രാഥമിക വിപണിയിലെ ഏറ്റവും വലിയ ധനസമാഹരണമായിരുന്നു അലി പേയുടെ ലക്ഷ്യം. 35 ബില്യണ്‍ ഡോളറായിരുന്നു ടാര്‍ജറ്റ്. ജാക്മയുടെ പദ്ധതി ചൈനീസ് ബാങ്കിങ് മേഖലയെ തകര്‍ക്കുമെന്ന് കടുത്ത വിമര്‍ശനമുയര്‍ന്നു. കെട്ടുപാടുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ എന്നാണ് ബാങ്കുകള്‍ക്കെതിരെ ജാക്മ നടത്തിയ പരിഹാസം. ചെറുവായ്പകള്‍ കൊടുക്കാന്‍ ബാങ്കുകള്‍ മടിക്കുകയാണെന്നും അതിനുള്ള ബദലാണ് അലി പേ എന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഇതിനെ അത്ര നിസ്സാരമായി കാണാന്‍ ചൈനീസ് ഭരണകൂടം തയാറായില്ല. ബാങ്കിങ് നയങ്ങളില്‍ പൊടുന്നനെ ചൈന മാറ്റം വരുത്തി. പുതിയ ഐ.പി.ഒ. ( ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ ) കള്‍ക്ക് അനുമതി നല്‍കുന്നത് മരവിപ്പിച്ചു. അലി പേയുടെ വരവ് തല്‍ക്കാലം അങ്ങനെ ചൈനീസ് ഭരണകൂടം തടഞ്ഞിരിക്കുകയാണ്. റഗുലേഷനുകള്‍ ക്രമീകരിച്ച ശേഷമേ ഇനി അനുവദിക്കൂവെന്നാണ് വിവരം. ഐ.പി.ഒ. നടന്നാലും ജാക്മയുടെ പദ്ധതി അതേരീതിയില്‍ നടക്കുമോയെന്നു ഉറപ്പില്ല. സമാഹരിക്കുന്ന പണത്തിന്റെ 30 ശതമാനം കരുതലായി മാറ്റിവെച്ച് ബാക്കി മാത്രമേ വായ്പയായി നല്‍കാവൂവെന്നതാണ് ചൈനീസ് സര്‍ക്കാര്‍ വെച്ച ആദ്യത്തെ ഉപാധി. സമാഹരിക്കുന്ന പണത്തില്‍നിന്ന് പരമാവധി വായ്പ എന്ന ജാക്മയുടെ പദ്ധതിക്ക് ഇത് തിരിച്ചടിയാകും.

ജാക്മയുടെ സഹകരണ പാഠം

വീഴുന്നത് തോല്‍വിയല്ല, എഴുന്നേറ്റ് നടക്കാതിരിക്കുന്നതാണ് പരാജയം- ആഗോള ഇ-കൊമേഴ്‌സ് കമ്പനിയായ അലിബാബയുടെ സ്ഥാപകനായ ജാക്മ എന്ന ചൈനക്കാരന്റെ വാക്കുകളാണിത്. കമ്പ്യൂട്ടിങ്ങില്‍ ഒരു കോഡുപോലുമറിയാത്ത ജാക്മ ടെക്‌നോളജി സാധ്യത ഉപയോഗപ്പെടുത്തി വരാനിരിക്കുന്ന അവസരങ്ങള്‍ കീഴടക്കാമെന്നാണ് സ്വപ്‌നം കണ്ടത്. ടൈം മാഗസിന്‍ ക്രേസി ജാക്ക് എന്ന വിശേഷിപ്പിച്ച ‘കിറുക്ക ‘നാണ് അദ്ദേഹം. സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമായപ്പോള്‍ അലിബാബ എന്ന ഇ-കൊമേഴ്‌സും കടന്ന് ഓണ്‍ലൈന്‍ ബാങ്കിങ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ഡിജിറ്റല്‍ മീഡിയ, എന്റര്‍ടെയിന്‍മെന്റ് മീഡിയ, കോര്‍പ്പറേറ്റ് മെസേജിങ് സര്‍വീസ് എന്നിവയിലെത്തിനില്‍ക്കുന്നു ജാക്മയുടെ ബിസിനസ് സാമ്രാജ്യം. അടുത്ത ലക്ഷ്യമായ അലി പേയിലേക്ക് കടന്നുകഴിഞ്ഞു. ചൈനയിലെ മാധ്യമ മേഖലയുടെ രണ്ടു ശതമാനത്തിന്റെ പങ്കാളി ജാക്മയാണ്. ഇന്റര്‍നെറ്റ് അത്ര പരിചയമല്ലാത്ത കാലത്താണ് ഇ-കൊമേഴ്‌സ് എന്ന ആശയം അദ്ദേഹം മുന്നോട്ടുവെച്ചത്. മൂന്നു സംരംഭങ്ങള്‍ പരാജയപ്പെട്ട ശേഷമാണ് അലിബാബയുടെ പിറവി. അത് ലോകം കീഴടക്കുന്ന ഇ-കൊമേഴ്‌സ് സംരംഭമായി മാറിക്കഴിഞ്ഞു. ടൂറിസ്റ്റ് ഗൈഡായും ഇംഗ്ലീഷ് അധ്യാപകനായും ജീവിതം പച്ചപിടിപ്പിക്കാനിറങ്ങിയ ജാക്മയുടെ ഇന്നത്തെ ആസ്തി ഇന്ത്യയിലെ ഒന്നാം നമ്പര്‍ കോടീശ്വരനായ മുകേഷ് അംബാനിയേക്കാളും വരും.

ജാക്മയില്‍ നിന്ന് ഒരുപാട് പാഠം കേരളത്തിലെ സഹകരണ മേഖല പഠിക്കേണ്ടതുണ്ട്. കാലത്തിനപ്പുറം സ്വപ്‌നം കാണുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് അതില്‍ പ്രധാനം. ഡിജിറ്റല്‍ ഇക്കോണമി എന്നത് ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യമായിട്ടും അതിലേക്ക് നടന്നടുക്കാന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടില്ല. ഫിനാന്‍ഷ്യല്‍ ടെക്‌നോളജി എന്നത് ഭാവി ബാങ്കിങ്-വിപണന മേഖലയില്‍ പ്രധാനമാകുമെന്ന് ആഗോള കമ്പനികള്‍ തിരിച്ചറിയുകയും അതിലേക്ക് നടന്നടുക്കുകയും ചെയ്യുമ്പോള്‍ സഹകരണ മേഖല കാഴ്ചക്കാരന്റെ റോളിലാണ്. അലി പേ മുന്നോട്ടുവെച്ച ആശയം കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും ശക്തമായ അടിത്തറയുള്ള സഹകരണ ക്രെഡിറ്റ് സമ്പ്രദായം കേരളത്തിലാണ്. 1625 പ്രാഥമിക സഹകരണ ബാങ്കുകളും അവയുടെ 4500 -ലേറെ വരുന്ന ശാഖകളുമാണ് കേരളത്തിലുള്ളത്. ഒരു കോടിയിലേറെ ഇടപാടുകാര്‍ സഹകരണ മേഖലയിലുണ്ട്. ഇവരെ പുതിയ സാധ്യതകളുടെ ഭാഗമാക്കുകയും പുതുതലമുറയെ സഹകരണ ബാങ്കിങ് മേഖലയിലേക്ക് കൊണ്ടുവരികയും ചെയ്യാനുള്ള നടപടികളാണ് വേണ്ടത്.

സഹകരണ ഫിനാന്‍ഷ്യല്‍ ടെക്‌നോളജിയെന്നത് കേരളത്തിന്റെ ഒരു മാതൃകയായി അവതരിപ്പിക്കാനാകും. ചെക്കും ഡ്രാഫ്റ്റും ഉപയോഗിക്കാനാവാത്തതിന്റെ സങ്കടം ഒരു തമാശയായി മാറേണ്ട ഘട്ടമാണിത്. പണമിടപാട് ഡിജിറ്റലായാല്‍ ചെക്കിന്റെയോ ഡ്രാഫ്റ്റിന്റെയോ ആവശ്യംതന്നെ പരിമിതപ്പെടും. ചെറുകിട വായ്പകള്‍ ഓണ്‍ലൈനായി നല്‍കാനുള്ള സാധ്യതയാണ് അലി പേ മുന്നോട്ടുവെച്ചത്. പ്രാഥമിക സഹകരണ ബാങ്കുകളെ സോഫ്റ്റ്‌വെയറിലൂടെ ഒന്നിപ്പിക്കാനായാല്‍ വായ്പാ മേഖലയില്‍ അത് വലിയ മുന്നേറ്റത്തിനു വഴിവെക്കും. ചെറുകിട വായ്പയ്ക്ക് ഏകീകൃതമായ ഒരു സ്‌കീം അവതരിപ്പിച്ചാല്‍ ഓണ്‍ലൈന്‍ വായ്പ എന്ന സംവിധാനം സഹകരണ മേഖലയില്‍ കൊണ്ടുവരാനാകും. കേരളത്തിലെ ഏതു പഞ്ചായത്തിലുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷിച്ചാലും അതത് മേഖലയിലെ സഹകരണ ബാങ്കുകളില്‍നിന്ന് ആ വായ്പ അനുവദിക്കുന്ന രീതിയിലേക്ക് കൊണ്ടുവരാനാകും. ഈ സ്വപ്‌നമാണ് സഹകാരികള്‍ കാണേണ്ടത്. അത് വലിയ വിപ്ലവം സൃഷ്ടിക്കും. ജാക്മയ്ക്ക് ആഗോള മാര്‍ക്കറ്റാണ് ലക്ഷ്യമെങ്കില്‍ കേരളത്തെ സഹകരണ നെറ്റ്‌വര്‍ക്കില്‍ കൊണ്ടുവരാനുള്ള ലക്ഷ്യമാണ് നമുക്കുണ്ടാവേണ്ടത്.

ഇന്ത്യ എന്ന ടെക്‌നോളജി ഹബ്ബ്

ഇ-കൊമേഴ്‌സ്, ഡിജിറ്റല്‍ ബാങ്കിങ് രംഗത്തെ ആഗോള കുത്തകകളെല്ലാം ഇന്ത്യയെയാണ് പ്രധാന മാര്‍ക്കറ്റായി കണക്കാക്കിയിട്ടുള്ളത്. ഇന്ത്യ ഡിജിറ്റല്‍ ഹബ്ബാകുന്നുവെന്നതാണ് അതിനു കാരണം. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള രാജ്യമായി ഇന്ത്യ ഇപ്പോള്‍ മാറിക്കഴിഞ്ഞു. 2020 ആഗസ്റ്റ് 31 ന് രാജ്യത്ത് ഇന്റര്‍നെറ്റ് കണക്ഷനുകളുടെ എണ്ണം 76 കോടിയിലെത്തി. 1995 ആഗസ്റ്റ് 15നാണ് രാജ്യത്ത് ആദ്യമായി പൊതുജനത്തിന് ഇന്റര്‍നെറ്റ് കിട്ടിയത്. ലോകത്തുതന്നെ ഇത്രയേറെ നെറ്റ് കണക്ഷനുള്ള മറ്റൊരു രാജ്യമില്ലെന്നത് ഇന്ത്യയുടെ ഭാവിവളര്‍ച്ചയുടെ കൂടി സൂചകമാണ്.

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളിലാണ് ഇന്റര്‍നെറ്റ് കണക്ഷനുകളുടെ എണ്ണം ഇന്ത്യയില്‍ കുത്തനെ കൂടിത്തുടങ്ങിയത്. 2016 മാര്‍ച്ചിനു ശേഷം 34 കോടി ഇന്റര്‍നെറ്റ് കണക്ഷനാണ് പുതുതായി വന്നത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി 2015 ല്‍ അവതരിപ്പിച്ച ശേഷമാണ് ഈ നേട്ടം സാധ്യമായത്. നഗര മേഖലയിലാണ് കണക്ഷനുകളിലേറെയും. മൊബൈല്‍, ഡോങ്കിള്‍ എന്നിവ ഉപയോഗിച്ചുള്ള കണക്ഷനുകളാണ് ഏറെയും. ട്രായിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2020 ജൂണ്‍ വരെ 75.9 കോടി ഇന്റര്‍നെറ്റ് കണക്ഷനാണ് രാജ്യത്തുള്ളത്. ഇതില്‍ 5.08 കോടി കണക്ഷന്‍ നാരോ ബാന്‍ഡും 69.2 കോടി ബ്രോഡ് ബാന്‍ഡുമാണ്.

2018 സെപ്റ്റംബറിലാണ് ഇന്ത്യ 50 കോടി ഇന്റര്‍നെറ്റ് കണക്ഷനിലെത്തിയത്. പിന്നീടുള്ള ഓരോ മാസവും രാജ്യത്ത് ശരാശരി 86 ലക്ഷം പുതിയ കണക്ഷനുണ്ടായി. ഇതില്‍ 61 ശതമാനവും നഗരങ്ങളിലാണ്. അതില്‍ത്തന്നെ 97 ശതമാനവും വയര്‍ലെസ് കണക്ഷനാണ്. മൊത്തം കണക്ഷനുകളുടെ എണ്ണം 75 കോടി കവിഞ്ഞിട്ടുണ്ടെങ്കിലും അത്രയും പേര്‍ക്കും യഥാര്‍ഥത്തില്‍ ഇന്‍ര്‍നെറ്റ് സൗകര്യമുണ്ടെന്നു കണക്കാക്കാനാവില്ല. ആ കണക്ടിവിറ്റി പരമാവധി പ്രയോജനപ്പെടുത്താനുള്ള തന്ത്രങ്ങളും സേവനങ്ങളുടെ സാങ്കേതികവല്‍ക്കരണവുമാണ് ഗൂഗിള്‍, ആമസോണ്‍, ഫെയിസ് ബുക്ക് പോലുള്ള സമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. ഇന്നു ഏറ്റവും കൂടുതല്‍ പേര്‍ പണം കൈമാറ്റത്തിനുള്ള ഉപാധിയായി ഗുഗിള്‍ പേ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്റര്‍നെറ്റ് വ്യാപനം കൂടുതല്‍ പേരിലേക്ക് ഓണ്‍ലൈന്‍ ബാങ്കിങ്, ഇ-കൊമേഴ്‌സ് സേവനങ്ങള്‍ എത്തിക്കാന്‍ സഹായകമാവുമെന്നാണ് വാലറ്റ് കമ്പനികളുടെ കണക്കുകൂട്ടല്‍.

ബാങ്ക് അക്കൗണ്ട് ക്രെഡിബിലിറ്റി കൂട്ടുന്നു

ബാങ്ക് അക്കൗണ്ടുകളുടെ ക്രെഡിബിലിറ്റി കൂട്ടാനുള്ള നടപടിയിലേക്കും കേന്ദ്ര സര്‍ക്കാര്‍ കടന്നിട്ടുണ്ട്. എല്ലാ ബാങ്ക് അക്കൗണ്ടുകളും 2021 മാര്‍ച്ച് 31 നകം ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനൊപ്പം ഇന്ത്യയുടെ സ്വന്തം ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡായ റുപേ കാര്‍ഡിന്റെ പ്രചാരം കൂട്ടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മാസ്റ്റര്‍ കാര്‍ഡ്, വിസ തുടങ്ങിയവയുടെ മാതൃകയില്‍ 2012 ലാണ് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ റുപേ കാര്‍ഡ് പുറത്തിറക്കിയത്. ഇന്ത്യയ്ക്ക് പുറമെ സിങ്കപ്പൂര്‍, ഭൂട്ടാന്‍, ബഹ്‌റൈന്‍, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിലും റുപേ കാര്‍ഡിന്റെ സേവനം കിട്ടും. 2020 ജനുവരിയിലെ കണക്കനുസരിച്ച് 60 കോടിയിലേറെ റുപേ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്തെ പൊതു-സ്വകാര്യ ബാങ്കുകളിലും സഹകരണ ബാങ്കുകളിലും റുപേ കാര്‍ഡ് നല്‍കുന്നുണ്ട്. അതിനാല്‍, ഇതിന്റെ പ്രചാരവും സ്വീകാര്യതയും വര്‍ധിപ്പിക്കണമെന്നാണ് കേന്ദ്ര ധനമന്ത്രി ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുള്ളത്. 2014 ല്‍ തുടങ്ങിയ പ്രൈംമിനിസ്്റ്റര്‍ ജന്‍ധന്‍ യോജനയ്ക്കു കീഴില്‍ തുടങ്ങിയ അക്കൗണ്ടുകള്‍ക്ക് റുപേ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. 42 കോടി ജന്‍ധന്‍ അക്കൗണ്ടുകളാണ് രാജ്യത്തുള്ളത്.

 

Leave a Reply

Your email address will not be published.