ജനമനസ് അറിഞ്ഞ് മടിക്കൈമാതൃക

moonamvazhi


– യു.പി. അബ്ദുള്‍ മജീദ്

കൃഷിക്കാരുടെ അഭിവൃദ്ധിക്കായി 1935 ല്‍ തുടങ്ങിയ സംഘം ഇന്നു മടിക്കൈ
സഹകരണ ബാങ്കാണ്. പണമിടപാടു മാത്രമല്ലബാങ്ക് നടത്തുന്നത്. സേവന,
വ്യാപാര രംഗങ്ങളിലും ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുന്നു. പ്രാഥമിക
സഹകരണ സംഘങ്ങളില്‍സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം നേടിയതു
മടിക്കൈ ബാങ്കാണ്.

 

സര്‍വ്വീസ് സഹകരണ ബാങ്ക് എന്നു കേള്‍ക്കുമ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ പ്രദേശത്തുകാരുടെ മനസ്സില്‍ തെളിയുന്ന ചിത്രങ്ങള്‍ വ്യത്യസ്തമാണ്. റേഷന്‍ ഷോപ്പ്, സൂപ്പര്‍ മാര്‍ക്കറ്റ്, നീതി സ്റ്റോര്‍, സിമന്റ് ഡിപ്പോ, ഫര്‍ണിച്ചര്‍ ഷോറൂം, ഇലക്ട്രിക്കല്‍ ഷോപ്പ്, ഹാര്‍ഡ് വെയര്‍ ഷോപ്പ്, മെഡിക്കല്‍ സ്റ്റോര്‍, ഫ്‌ളോര്‍ മില്‍, വളം ഡിപ്പോ തുടങ്ങി ജനസേവന കേന്ദ്രം വരെ ഇവിടുത്തെ സഹകരണ ബാങ്കിന്റെ വിവിധ മുഖങ്ങളാണ്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ പ്രവര്‍ത്തന മികവില്‍ സംസ്ഥാനത്തു രണ്ടാം സ്ഥാനത്തെത്തി സഹകരണ വകുപ്പിന്റെ ഇത്തവണത്തെ അവാര്‍ഡ് നേടിയ മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്ക് പൊതുവിതരണ രംഗത്തും നിര്‍മാണ മേഖലയിലും ആരോഗ്യം, കൃഷി തുടങ്ങിയവയിലും നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. മികച്ച ബാങ്കിങ് സേവനത്തോടൊപ്പം സഹകാരികള്‍ക്കു വേണ്ടി നടപ്പാക്കിയ ക്ഷേമപദ്ധതികളും മടിക്കൈ സഹകരണ ബാങ്കിനു സംസ്ഥാന അവാര്‍ഡിന് അര്‍ഹത നേടിക്കൊടുത്തു.

കൃഷിക്കാരുടെ അഭിവൃദ്ധിക്കായി 1935 ല്‍ തുടങ്ങിയ സംഘമാണു 1961 ല്‍ മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്കായി മാറിയത്. അമ്പലത്തുകരയിലെ ഹെഡ്ഓഫീസും ഏഴ് ശാഖകളുമുള്ള മടിക്കൈ സഹകരണ ബാങ്ക് പണമിടപാടുകളില്‍ മാത്രമൊതുങ്ങാതെ സേവന രംഗത്തേക്കും വ്യാപാര രംഗത്തേക്കും ചുവടുവെച്ച വടക്കന്‍ കേരളത്തിലെ പ്രധാന ബാങ്കുകളിലൊന്നാണ്. ജനങ്ങളുടെ പ്രയാസങ്ങളും ആവശ്യങ്ങളും കണ്ടറിഞ്ഞ് ഇടപെടുക എന്ന രീതിയാണു ബാങ്കിന്റേത്. ജനങ്ങളില്‍ നിന്നു സ്വീകരിക്കുന്ന നിക്ഷേപം അവരുടെ മനസ്സറിഞ്ഞു ക്ഷേമത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയാല്‍ സംഘങ്ങള്‍ക്കു നാടിന്റെ വികസനത്തില്‍ പങ്കാളിയാവാന്‍ കഴിയുമെന്നും മടിക്കൈ സഹകരണ ബാങ്ക് തെളിയിക്കുന്നു.

പൊതുവിതരണ രംഗത്ത്

രണ്ടാം ലോകയുദ്ധത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച ഗ്രാമങ്ങളില്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമാവുകയും വിലക്കയറ്റവും ക്ഷാമവും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്തപ്പോള്‍ ന്യായവിലഷാപ്പുകള്‍ ആരംഭിക്കാന്‍ വടക്കേ മലബാറിലും ശ്രമം തുടങ്ങി. കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ കീഴിലായിരുന്നു ന്യായവില ഷാപ്പുകള്‍ ആരംഭിച്ചത്. അരി, ഗോതമ്പ്, മണ്ണെണ്ണ എന്നിവയാണു ന്യായവില ഷാപ്പുകള്‍ വഴി വിതരണം ചെയ്തിരുന്നത്. കോട്ടച്ചേരി സ്റ്റോറിന്റെ കീഴിലുള്ള ന്യായവില ഷാപ്പുകള്‍ ഏറ്റെടുത്ത മടിക്കൈ സഹകരണ സംഘം ബങ്കളം, ചാളക്കടവ്, എരിക്കുളം, പൂത്തക്കാല്‍, കളത്തുകാല്‍, കാലിച്ചാംപൊതി, കാഞ്ഞിരപ്പൊയില്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ റേഷന്‍ഡിപ്പോകള്‍ നടത്തുന്നത്. നഷ്ടം മൂലം സ്വകാര്യ വ്യക്തികള്‍ പിന്മാറുന്ന പൊതുവിതരണ രംഗത്തു സേവന മനോഭാവത്തോടെ സഹകരണ ബാങ്ക് പിടിച്ചുനില്‍ക്കുന്നതു ഗ്രാമീണര്‍ക്ക് ആശ്വാസമാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ 11 മിനി സൂപ്പര്‍ മാര്‍ക്കറ്റുകളാണു ബാങ്ക് നടത്തുന്നത്. കൂടാതെ, ചാളക്കടവില്‍ നീതി സ്റ്റോറുമുണ്ട്. അമ്പലത്തുകര, ചാളക്കടവ്, ചതുരക്കിണര്‍, മൂന്നു റോഡ്, കാഞ്ഞിരപ്പൊയില്‍, കളത്തുങ്കാല്‍, കാലിച്ചാംപൊതി, ബങ്കളം, എരിക്കുളം, പൂത്തക്കാല്‍, കോതോട്ട് പാറ എന്നീ സ്ഥലങ്ങളിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതില്‍ ഗ്രാമപ്രദേശങ്ങളില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. മംഗലാപുരം മാര്‍ക്കറ്റില്‍നിന്നു ഗുണമേന്മ ഉറപ്പുവരുത്തി സംഭരിക്കുന്ന സാധനങ്ങള്‍ പാക്ക് ചെയ്യാന്‍ വിപുലമായ സൗകര്യങ്ങളുണ്ട്. ബാങ്കിന്റെ കീഴിലുള്ള ഫ്‌ളോര്‍ മില്ലില്‍ പൊടിച്ച ധാന്യങ്ങളും മല്ലി, മുളക്, മഞ്ഞള്‍ പോലുള്ളവയും പാക്ക്‌ചെയ്തു സൂപ്പര്‍ മാര്‍ക്കറ്റിലെത്തിക്കുന്നതു കുറെപ്പേര്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കലര്‍പ്പില്ലാത്ത ഭക്ഷ്യസാധനങ്ങള്‍ വിപണനം നടത്താനും സഹായകരമാവുന്നു.

നിര്‍മാണ മേഖലയില്‍

നിര്‍മാണ രംഗത്താണു മടിക്കൈ സഹകരണ ബാങ്ക് വലിയ ശ്രദ്ധപതിപ്പിക്കുന്നതും വൈവിധ്യവല്‍ക്കരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തുന്നതും. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിര്‍മാണ സാധനങ്ങളിലുള്ള വിലക്കുറവ് വടക്കന്‍ കേരളത്തില്‍ക്കൂടി ലഭ്യമാക്കാന്‍ മടിക്കൈ ബാങ്കിനു കഴിയുന്നുണ്ട്. മാത്രമല്ല, കെട്ടിട നിര്‍മാണ സാധനങ്ങളുടെ വില വലിയ ലാഭം മാത്രം ലക്ഷ്യമിടുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന രീതിയും അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിര്‍മാണ സാധനങ്ങളുടെ വിലക്കയറ്റംമൂലം വീടു നിര്‍മിക്കാന്‍ പ്രയാസപ്പെടുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുകയാണു മടിക്കൈ ബാങ്ക്. അമ്പലത്തുകര, കാലിച്ചാംപൊതി, ചാളക്കടവ്, ചതുരക്കിണര്‍, ബങ്കളം, എരിക്കുളം, കാഞ്ഞിരപ്പൊയില്‍, പൂത്തക്കാല്‍, കോതോട്ട്പാറ എന്നിവിടങ്ങളിലായി പത്തു സിമന്റ് ഡിപ്പോകളാണു ബാങ്കിനു കീഴിലുള്ളത്. കമ്പി, ഇഷ്ടിക, മണല്‍ തുടങ്ങിയവ വില്‍പ്പന നടത്താന്‍ പൂത്തക്കാല്‍, കോതോട്ട്പാറ, ബങ്കളം അങ്ങാടികളില്‍ ബാങ്ക് കടകള്‍ തുറന്നിട്ടുണ്ട്.പെയിന്റ് ആന്റ് ഹാര്‍ഡ്വേര്‍ ഷോറൂം കുലോംറോഡിലും ഇലക്ട്രിക്കല്‍, പ്ലംബിങ് ഹാര്‍ഡ്‌വെയര്‍, ടൈല്‍സ് ആന്റ് സാനിട്ടറി ഷോറൂം ബങ്കളത്തും പ്രവര്‍ത്തിക്കുന്നു. റബ്‌കോ ഉല്‍പ്പന്നങ്ങളുടെ വലിയ ശേഖരവുമായി അമ്പലത്തുകരയില്‍ ഫര്‍ണിച്ചര്‍ ഷോപ്പുണ്ട്. ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളുടെ നിര്‍മാണ പ്രവൃത്തികള്‍ക്കു സാധനങ്ങള്‍ സപ്ലൈ ചെയ്യാനുള്ള ഓര്‍ഡറുകള്‍ കിട്ടിത്തുടങ്ങിയതു ബാങ്കിനു കീഴിലുള്ള സ്ഥാപനങ്ങളുടെ വരുമാനം ഗണ്യമായി വര്‍ധിക്കാന്‍ ഇടയായിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലാണു ബാങ്ക് നിര്‍മാണ രംഗത്തേക്കു വന്നതെങ്കിലും വാര്‍ഷിക വിറ്റുവരവ് 21 കോടിയോളമെത്തി. കാഞ്ഞങ്ങാട്ട് ജില്ലാ ആശുപത്രിക്കു മുന്‍വശത്തായി ബാങ്കിന്റെ കീഴില്‍ നീതി മെഡിക്കല്‍ സ്റ്റോറുണ്ട്. മരുന്നുകള്‍ക്കു 15 ശതമാനം വരെ വിലക്കുറവ ്‌നല്‍കുന്നതിനാല്‍ രോഗികള്‍ക്ക് ആശ്വാസമാണ്. ഇവിടെ മെഡിക്കല്‍ ലാബ്കൂടി തുറക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രണ്ട് മിനി ലോറിയും ഒരു ഗുഡ്‌സ് ഓട്ടോയും ബാങ്കിന്റെ ഉടമസ്ഥതയിലുണ്ട്.

കാര്‍ഷിക സേവനങ്ങള്‍

കാര്‍ഷിക മേഖലയിലും ബാങ്കിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. ഏഴു വളം ഡിപ്പോകളാണു ബാങ്ക് നേരിട്ട് നടത്തുന്നത്. കര്‍ഷക ഗ്രൂപ്പുകള്‍ക്കു പലിശരഹിത വായ്പ നല്‍കി ഉല്‍പാദന വര്‍ധന ഉറപ്പു വരുത്തുന്നു. കൊളങ്ങാട് വയലില്‍ ഒന്നര ഏക്കര്‍ സ്ഥലത്തു ബാങ്ക് നെല്‍ക്കൃഷി നടത്തുന്നുണ്ട്. ഹരിതം റൈസ് എന്ന ബ്രാന്‍ഡില്‍ ഇതു വിപണിയിലിറക്കിയിട്ടുണ്ട്. 60 സെന്റ് സ്ഥലത്തു മധുരക്കിഴങ്ങ് കൃഷിയുമുണ്ട്. നബാര്‍ഡ് പദ്ധതി പ്രകാരം വാഴക്കൃഷി പ്രോത്സാഹനത്തിനു വായ്പ നല്‍കുന്നുണ്ട്. പശുവളര്‍ത്തലിനും പ്രത്യേക ധനസഹായമുണ്ട്.
കുടുംബശ്രീ ലിങ്കേജ് വായ്പ വന്‍തുക അനുവദിച്ചതിനു പുറമെ അയല്‍ക്കൂട്ടങ്ങളുമായി സഹകരിച്ച് പച്ചക്കറിക്കൃഷി പദ്ധതി നടപ്പാക്കുന്നു.

സാമൂഹിക സുരക്ഷ

ബാങ്ക് അംഗങ്ങള്‍ക്കു വേണ്ടി ആകര്‍ഷകമായ സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കിയും മടിക്കൈ ബാങ്ക് മാതൃകയാവുകയാണ്. 30 വര്‍ഷം ബാങ്കില്‍ അംഗത്വവും 10 വര്‍ഷം സാമ്പത്തിക ഇടപാടും നടത്തിയ 65 വയസ് തികഞ്ഞവര്‍ക്കു പ്രതിമാസം 300 രൂപ ബാങ്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. മെമ്പര്‍മാര്‍ക്ക് ഒരു ലക്ഷം രൂപ അപകട ഇന്‍ഷൂറന്‍സും ഉറപ്പു വരുത്തിയിട്ടുണ്ട്. തിരിച്ചടവ ്കാലാവധിക്കു മുമ്പ് മരിക്കുന്നവരുടെ വായ്പ ഒന്നര ലക്ഷം രൂപയും പലിശയും എഴുതിത്തള്ളുന്ന പദ്ധതിയുമുണ്ട്. സ്‌കോളര്‍ഷിപ്പുകളും കാഷ് അവാര്‍ഡുകളും നല്‍കി വിദ്യാര്‍ഥികള്‍ക്കു ബാങ്ക് പ്രോല്‍സാഹനം നല്‍കുന്നുണ്ട്.

സൂപ്പര്‍ ഗ്രേഡ് പദവിയിലുള്ള ബാങ്ക് ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ പൂര്‍ണമായും ഇടപാടുകാര്‍ക്കു ലഭ്യമാക്കുന്നുണ്ട്. കോര്‍ ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങള്‍ക്കു പുറമെ ജന സേവനകേന്ദ്രം വഴിയും പൊതു ജനങ്ങള്‍ക്കു മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്നു. ബാങ്കിന് ഓഡിറ്റോറിയവുമുണ്ട്. ഒമ്പതിനായിരത്തിലധികം എ ക്ലാസ് അംഗങ്ങളുള്ള ബാങ്കില്‍ 68 സ്ഥിരം ജീവനക്കാരും 20 കമ്മീഷന്‍ ഏജന്റുമാരും 20 താല്‍ക്കാലിക ജീവനക്കാരും ജോലി ചെയ്യുന്നു. മൂന്നു റോഡ് ബ്രാഞ്ച്ര് രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ പ്രവര്‍ത്തിക്കുന്നു. ചതുരക്കിണറിലാണു സായാഹ്ന ശാഖ. 125 കോടി രൂപ നിക്ഷേപവും 106 കോടി വായ്പയുമുള്ള ബാങ്ക് തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. വായ്പാ കുടിശ്ശിക പിരിച്ചെടുക്കാന്‍ ഭരണസമിതിയും ഒന്നിച്ചു രംഗത്തിറങ്ങുകയും തുടര്‍ച്ചയായി അദാലത്തുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ബാങ്കിന്റെ മെയിന്‍ ഓഫീസും ഏഴ് ബ്രാഞ്ചുകളും കേന്ദ്രീകരിച്ച് നിക്ഷേപ സമാഹരണവും കുടിശ്ശികപ്പിരിവ് അവലോകനവും കൃത്യമായി നടത്തുന്നുണ്ട്. ബാങ്കിന്റെ കീഴിലുള്ള ഓരോ വ്യാപാര സ്ഥാപനത്തിന്റെയും പ്രവര്‍ത്തനം ഓരോ മാസവും അവലോകനം ചെയ്തു പോരായ്മകള്‍ പരിഹരിക്കുന്നു. പ്രൊഫഷണല്‍ രീതിയില്‍ സ്ഥാപനങ്ങള്‍ നടത്താന്‍ ജീവനക്കാര്‍ക്കു ചുമതല നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്കു കൃത്യമായി പരിശീലനം നല്‍കുന്നുണ്ട്. പ്രളയം, കോവിഡ് ദുരിതാശ്വാസത്തിനു ജില്ലയില്‍ നിന്നു വലിയ തുക നല്‍കിയ ബാങ്കുകളിലൊന്നാണു മടിക്കൈ ബാങ്ക്.

എട്ട് വര്‍ഷമായി പി. ബേബി ബാലകൃഷ്ണനാണു ബാങ്ക് പ്രസിഡന്റ്. ഇപ്പോള്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത ്പ്രസിഡന്റായ ബേബി രണ്ടു തവണ മടിക്കൈ ഗ്രാമപ്പഞ്ചായത്തു ്പ്രസിഡന്റായിരുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റു സ്ഥാനവും വഹിച്ചു. ഒ. കുഞ്ഞിക്കൃഷ്ണന്‍ വൈസ് പ്രസിഡന്റും എന്‍. ബാലകൃഷ്ണന്‍, കെ. കമലാക്ഷി, ഇ. ദാമോദരന്‍, എം. ചന്ദ്രന്‍ , പി. കുഞ്ഞമ്പു, ഒ.വി. നാരായണന്‍, കെ. കുഞ്ഞിരാമന്‍, എം. പ്രശാന്ത്, വി.വി. വിജയന്‍ എന്നിവര്‍ ഡയരക്ടര്‍മാരുമാണ്. പി. രമേശനാണു ബാങ്ക് സെക്രട്ടറി.

Leave a Reply

Your email address will not be published.