ഗ്രാറ്റുവിറ്റി വൈകിപ്പിച്ചതിന് വിരമിച്ച സെക്രട്ടറിക്ക് സഹകരണ ബാങ്ക് പലിശ നല്‍കണം

moonamvazhi

സര്‍വീസില്‍നിന്ന് പിരിഞ്ഞതിന് ശേഷം മുന്‍കാല പ്രാബല്യത്തോടെ ശമ്പളം പരിഷ്‌കരണമുണ്ടായാല്‍ അത് ഗ്രാറ്റുവിറ്റി വിഹിതത്തിനും ബാധകമാകുമെന്ന് സര്‍ക്കാര്‍ തീര്‍പ്പ്. അകലക്കുന്നം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന പി.വി.ജോസഫിന്റെ അപ്പീലിലാണ് സര്‍ക്കാര്‍ ഉത്തരവ്. മാത്രവുമല്ല, അധികമായി നല്‍കേണ്ട ഗ്രാറ്റുവിറ്റി തുക വൈകിപ്പിച്ചതിന്, അത്രയും കാലത്തെ പലിശയ്ക്കും ജോസഫിന് അര്‍ഹതയുണ്ടെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഒട്ടേറെ സഹകരണ സ്ഥാപനങ്ങളില്‍ സമാനമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ ഉത്തരവ് ഏറെ പ്രധാനമാണ്.

2015 ജനുവരിയിലാണ് ജോസഫ് വിരമിക്കുന്നത്. എല്‍.ഐ.സി.യുടെ ഗ്രൂപ്പ് ഗ്രാറ്റുവിറ്റി സ്‌കീമില്‍ അംഗമായിരുന്നതിനാല്‍ അതനുസരിച്ചുള്ള 12.69 ലക്ഷം രൂപ ഗ്രാറ്റുവിറ്റിയായി ലഭിക്കുകയും ചെയ്തു. ഇതിന് ശേഷം നടപ്പാക്കിയ ശമ്പളപരിഷ്‌കരണത്തിന് 2014 ഏപ്രില്‍മുതല്‍ മുന്‍കാല പ്രാബല്യം അനുവദിച്ചിരുന്നു. അതിനാല്‍, ജോസഫിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ പുനര്‍നിര്‍ണയം നടത്തേണ്ടിവന്നു.

ശമ്പളം മാറിയപ്പോള്‍ അതിനനുസരിച്ച് ഗ്രാറ്റുവിറ്റിയിലും മാറ്റം വരും. അതിനാല്‍, ഇത് കൂടി അനുവദിക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് നല്‍കാന്‍ ഏഴുവര്‍ഷം കഴിഞ്ഞു. 2022 മെയ് മാസത്തിലാണ് നല്‍കിയത്. അതും രണ്ടുതവണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് നിര്‍ദ്ദേശം നല്‍കിയതിന് ശേഷം. കുടിശ്ശികയായ ഗ്രാറ്റുവിറ്റി തുകയല്ലാതെ അതിന് പലിശ നല്‍കിയതുമില്ല. പലിശ നല്‍കേണ്ടതില്ലെന്നായിരുന്നു ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ്. ഇതനുസരിച്ചാണ് ബാങ്ക് കുടിശ്ശികമാത്രമായി അനുവദിച്ചത്. ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവിനെതിരെയാണ് ജോസഫ് സര്‍ക്കാരില്‍ അപ്പീല്‍ നല്‍കിയത്.

മുന്‍കാല പ്രാബല്യത്തോടെ അനുവദിച്ച ശമ്പളപരിഷ്‌കരണത്തിന് ആനുപാതികമായി ലഭിക്കുന്ന ഗ്രാറ്റുവിറ്റി തുകയ്ക്ക് പലിശ നല്‍കേണ്ടതില്ലെന്നതിനാല്‍ ജോസഫിന്റെ അപ്പീല്‍ നിരസിക്കണമെന്നായിരുന്നു ജോയിന്റ് രജിസ്ട്രാര്‍ സര്‍ക്കാരിനെ അറിയിച്ചത്. ഇതേ നിലപാടാണ് സഹകരണ സംഘം രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നത്. ജോസഫ് ആര്‍ബിട്രേഷന്‍ കോടതിയില്‍ കേസ് ഉന്നയിച്ചതിനാലാണ് കുടിശ്ശികയായ ഗ്രാറ്റുവിറ്റി തുക നല്‍കാന്‍ വൈകിയതെന്ന് ബാങ്ക് വിശദീകരണം നല്‍കി. കോടതിയുടെ തീരുമാനപ്രകാരം തുടര്‍നടപടി സ്വീകരിക്കാമെന്നായിരുന്നു ബാങ്ക് ഭരണസമിതിയുടെ തീരുമാനം. എന്നാല്‍, 15 ദിവസത്തിനുള്ളില്‍ പലിശ കൂടാതെ ഗ്രാറ്റുവിറ്റി കുടിശ്ശിക നല്‍കണമെന്ന ജോയിന്റ് രജിസ്ട്രാറുടെ കര്‍ശന നിര്‍ദ്ദേശം ഉണ്ടായി. അതനുസരിച്ച് പണം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ബാങ്ക് അറിയിച്ചു.

സര്‍വീസില്‍നിന്ന് വിരമിച്ച തീയതിയില്‍തന്നെ എല്‍.ഐ.സി.യില്‍നിന്ന് ലഭിച്ച ഗ്രാറ്റുവിറ്റി തുക നല്‍കിയതിനാല്‍ അധിക തുകയ്ക്ക് പലിശ നല്‍കേണ്ടതില്ലെന്ന ജോയിന്റ് രജിസ്ട്രാറുടെ വാദം അംഗീകരിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. എന്നാല്‍, ശമ്പള പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ ജോസഫിന് ഗ്രാറ്റുവിറ്റി തുക അധികമായി ലഭിക്കേണ്ടതുണ്ട്. ഇത് കൈമാറാതെ ജോയിന്റ് രജിസ്ട്രാറുടെ കര്‍ശന നിര്‍ദ്ദേശം ലഭിക്കുന്നതുവരെ പിടിച്ചുവെച്ച ബാങ്കിന്റെ നടപടി ന്യായീകരിക്കാവുന്നതല്ല. അതിനാല്‍, ശമ്പള പരിഷ്‌കരണം കൊണ്ട് ലഭ്യമാക്കേണ്ട അര്‍ഹമായ ഗ്രാറ്റുവിറ്റി കുടിശ്ശിക എല്‍.ഐ.സി.യില്‍നിന്ന് ബാങ്കിന് ലഭിച്ച തീയതിമുതല്‍ ജോസഫിന് നല്‍കിയ തീയതിവരെ കണക്കാക്കി പലിശ നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഡെപ്യൂട്ടി സെക്രട്ടറി പി.കെ.അനില്‍കുമാറിന്റേതാണ് ഉത്തരവ്.

Leave a Reply

Your email address will not be published.