ഗ്രാമീണ കുടിവെള്ള വിതരണം; സഹകരണ സംഘങ്ങളെ ഏജന്‍സികളാക്കാന്‍ കേന്ദ്രനിര്‍ദ്ദേശം
ഗ്രാമീണ മേഖലയില്‍ കുടിവെള്ള വിതരണത്തിനുള്ള പൈപ്പ് സംവിധാനം ഒരുക്കുന്നതിന് സഹകരണ സംഘങ്ങളെ ഏജന്‍സികളായി നിശ്ചയിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്കാണ് ഇതിനുള്ള ചുമതല നല്‍കേണ്ടത്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സഹകരണ സംഘങ്ങളെ അംഗീകൃത ഏജന്‍സികളായി അംഗീകരിച്ചാല്‍ കേന്ദ്ര ജലവിഭവ വകുപ്പിന്റെ പദ്ധതികള്‍ ഇവയ്ക്ക് നേരിട്ട് ഏറ്റെടുക്കാനാകുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ജല്‍ജീവന്‍ മിഷന്‍ അടക്കമുള്ള പദ്ധതികളുടെ ഭാഗമായി എല്ലാവീടുകളിലും കുടിവെള്ളം എത്തിക്കാനാണ് കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്. ഇതിനായി ഓരോ സംസ്ഥാനത്തും പ്രത്യേകം പദ്ധതി തയ്യാറാക്കുകയും അതിനുള്ള പണം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഇതിന്റെ പ്രവര്‍ത്തനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. കോവിഡ് വ്യാപനമാണ് ഇതിനുള്ള പ്രധാനകാരണമായത്. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ ഒരു പഞ്ചായത്തിന്റെ മള്‍ട്ടി സര്‍വീസ് സെന്ററുകള്‍ ആക്കുകയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കേന്ദ്രപദ്ധതികളുടെ പ്രാഥമിക തല നിര്‍വഹണ ഏജന്‍സിയായി സഹകരണ സംഘങ്ങളെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍, കുടിവെള്ള പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും നടപ്പാക്കുന്നതിനും സഹകരണ സംഘങ്ങളെ പങ്കാളിയാക്കാനാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം.
പൈപ്പ് വാട്ടര്‍ സപ്ലൈയുടെ ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ചുമതല ഏറ്റെടുക്കാനുള്ള അംഗീകൃത ഏജന്‍സിയായി സംഘങ്ങളെ മാറ്റണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 12 സംസ്ഥാനങ്ങള്‍ ഇതിനകം ഈ തീരുമാനം അനുസരിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്. 1381 പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളാണ് ഇതുവരെ കുടിവെള്ള പദ്ധതി ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. കാര്‍ഷിക വായ്പ സംഘങ്ങളുടെ വരുമാനം ഗണ്യമായി ഉയര്‍ത്താനും ഫലപ്രദമായി രീതിയില്‍ കുടിവെള്ള പദ്ധതി നടപ്പാക്കാനും ഈ നടപടിയിലൂടെ കഴിയുമെന്ന് കേന്ദ്ര സഹകരണ മന്ത്രാലയം വിശദീകരിക്കുന്നു.
കാര്‍ഷിക മേഖലയിലെ ജലസേചന പദ്ധതികള്‍, കൃഷിയിടങ്ങളിലെ ഡ്രിപ്പ് ഇറിഗേഷന്‍ എന്നിവയ്‌ക്കെല്ലാം കോടികളാണ് സബ്‌സിഡിയായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഇവയെല്ലാം സഹകരണ സംഘങ്ങളിലൂടെ ഗുണഭോക്താക്കളില്‍ എത്തിക്കാനുള്ള നടപടിയും കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങളുടെ ബൈലോയില്‍ ഇതിനുള്ള വ്യവസ്ഥ വേണമെന്നുണ്ട്. ഈ വ്യവസ്ഥ കാര്‍ഷിക സംഘങ്ങളുടെ ബൈലോയില്‍ ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ ഇതുവരെ ഇത് നടപ്പാക്കിയിട്ടില്ല. അതിനാല്‍, കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് കേന്ദ്രപദ്ധതികളുടെ നിര്‍വഹണ ഏജന്‍സിയാകാന്‍ കഴിയില്ല.