ഗ്രാന്റും ഇന്‍സെന്റീവുമായി കോടികളുടെ കുടിശ്ശിക; കയര്‍ സംഘങ്ങള്‍ പ്രതിസന്ധിയില്‍
യന്ത്രവല്‍ക്കരണവും നവീകരണവും വഴി പ്രവര്‍ത്തനമികവ് പ്രകടിപ്പിച്ചുതുടങ്ങിയ കയര്‍ സഹകരണ സംഘങ്ങള്‍ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട മാര്‍ക്കറ്റിങ് ഇന്‍സെന്റീവും ഗ്രാന്റും കുടിശ്ശികയായതാണ് ഇപ്പോഴത്തെ പ്രശ്നം. കോടികളാണ് ഈ ഇനത്തില്‍ സംഘങ്ങള്‍ക്ക് ലഭിക്കാനുള്ളത്. സംഭരിച്ച കയറുല്‍പന്നങ്ങളുടെ വിലയും കിട്ടാനുണ്ട്. കോവിഡ് വ്യാപനം വിപണിയേയും ബാധിച്ചു. ഇതെല്ലാം കാരണം തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് ചില സംഘങ്ങള്‍ മാറിയിട്ടുണ്ട്.
കയര്‍ സംഘങ്ങള്‍ ഏറെയുള്ള ആലപ്പുഴ ജില്ലയില്‍ മാത്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോടികളാണ് മാര്‍ക്കറ്റിങ് ഇന്‍സെന്റീവായി സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇതിനൊപ്പം ജീവനക്കാരുടെ ശമ്പളമിനത്തില്‍ ഗ്രാന്റായി ലഭിച്ചിരുന്ന മാനേജീരിയല്‍ ഗ്രാന്റും ലഭിച്ചിട്ടില്ല. ആലപ്പുഴ പ്രോജക്ടിന്റെ പരിധിയില്‍ 166 സംഘങ്ങളാണുള്ളത്. ഇതിനൊപ്പം സംഘങ്ങളുടെ ഉന്നതാധികാര സ്ഥാപനമായ കയര്‍ഫെഡ് സംഭരിച്ച കയറിന്റെ വിലയിനത്തില്‍ കോടികള്‍ സംഘങ്ങള്‍ക്കു ലഭിക്കാനുണ്ടെന്നു കയര്‍സംഘം പ്രസിഡന്റുമാരും സെക്രട്ടറിമാരും പറയുന്നു. ഇതുമൂലം സംഘങ്ങളിലെ കൂലിവിതരണവും മുടങ്ങിയിരിക്കുകയാണ്.
ഉല്‍പന്നങ്ങള്‍ കെട്ടിക്കിടക്കുന്നതാണ് മറ്റൊരു പ്രശ്നം. തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ കയര്‍ ഭൂവസ്ത്രം കൂടുതലായി വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ട്. മറ്റ് ഉല്‍പന്നങ്ങളാണ് വിപണിയില്‍ പ്രശ്നം നേരിടുന്നത്. കോവിഡ് വ്യാപനമാണ് ഇതിന് പ്രധാന കാരണം. കേരളത്തിലെ കയറുല്‍പന്നങ്ങള്‍ക്കു കയറ്റുമതി സാധ്യത കൂടുതലായിരുന്നു. എന്നാല്‍, കോവിഡ് കാരണം വിദേശ വിപണിസാധ്യത കുറഞ്ഞു. സംഘങ്ങളില്‍ നിന്ന് സംഭരിച്ച ഉല്‍പന്നങ്ങള്‍ കയര്‍ കോര്‍പ്പറേഷനിലടക്കം കെട്ടിക്കിടക്കുന്നുണ്ട്. ആഭ്യന്തര വിപണി സാധ്യത പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇതൊന്നും വിജയത്തിലെത്തിയിട്ടില്ല.
കയര്‍ഫെഡ് വഴി ഗുണനിലവാരമില്ലാത്ത ചകിരി മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്കു സംഘങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതായ വിമര്‍ശനങ്ങളും സംഘം നേതൃത്വങ്ങളില്‍ നിന്നുയര്‍ന്നിട്ടുണ്ട്. സംഘങ്ങളില്‍ ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകളില്‍ ഉത്പാദിപ്പിക്കുന്ന കയര്‍ കയര്‍ഫെഡ് യഥാസമയം സംഭരിക്കാത്തതിനാല്‍ മെഷീനുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. കുടിശ്ശിക മുഴുവനായി ലഭിക്കുന്നതിനും സഹായങ്ങളുടെ വിതരണം കാര്യക്ഷമമാക്കുന്നതിനും സംഘങ്ങള്‍ നിരന്തരം ശ്രമത്തിലാണ്. പ്രതിസന്ധിക്കു പരിഹാരം കാണാന്‍ മുഖ്യമന്ത്രിയും കയര്‍വകുപ്പു മന്ത്രിയും അടിയന്തരമായി ഇടപെടണമെന്നാണ് സംഘങ്ങളുടെ ആവശ്യം.