കൽപ്പറ്റ ബാങ്ക് ബനാന ചിപ്സ് പുറത്തിറക്കി
കൽപ്പറ്റ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭമായ സമോറിൻ ബനാന ചിപ്സിന്റെ വിപണനം ആരംഭിച്ചു. ബാങ്കിന്റെ സ്വാശ്രയസംഘ അംഗങ്ങളിൽ പരിശീലനം ലഭിച്ച ഒൻപത് വനിതകളാണ് ആദ്യഘട്ടത്തിൽ ചിപ്സ് നിർമ്മാണം ഏറ്റെടുക്കുന്നത്. ആദ്യവിൽപ്പന, ബാങ്കിന്റെ മണിയങ്കോട് ശാഖ കെട്ടിടത്തിൽ സഹകരണ ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സി.കെ.ശശീന്ദ്രൻ നിർവഹിച്ചു. സഹകരണ പാതയിലൂടെ സാമ്പത്തിക സ്വാശ്രയത്വം എന്നതിന്റെ ഏറ്റവും മികച്ച മാതൃകയാണിതെന്ന് സി.കെ.ശശീന്ദ്രൻ പറഞ്ഞു.
കൃത്രിമനിറമോ മായമോ ഇല്ലാതെ പൂർണ്ണമായും ഭക്ഷ്യസുരക്ഷാ നിയമം പാലിച്ചാണ് ചിപ്സിന്റെ ഉത്പാദനം. ഉയർന്ന ഗുണനിലവാരമുള്ള പാക്കിങ്ങും മിതമായ വിലയുമാണ് സമോറിൻ ചിപ്സിന്റെ പ്രത്യേകത. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് വി.പ്രസന്നകുമാർ, വ്യാപാരി വ്യവസായി ഏകോപനസമിതി കൽപ്പറ്റ യൂണിറ്റ് പ്രസിഡന്റ് ഇ. ഹൈദ്രു എന്നിവർ ആദ്യവിൽപ്പന ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡണ്ട് ഇ.കെ.ബിജുജൻ അധ്യക്ഷതനായി. . ബാങ്ക് വൈസ് പ്രസിഡണ്ട് എ ഗിരീഷ് ഉൽപ്പന്നം പരിചയപ്പെടുത്തി. സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ അബ്ദുൽ റഷീദ് തിണ്ടുമ്മൽ, കൽപ്പറ്റ അഗ്രികൾച്ചർ ഇമ്പ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡണ്ട് വി.ഹാരിസ്, എൻഎംഡിസി വൈസ് പ്രസിഡണ്ട് ടി.ജി.ബീന, ബാങ്ക് സെക്രട്ടറി എം.പി സജോൺ, മാനേജർ പി.കെ.പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു.