ക്ഷീര സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് ഇനി സര്‍ക്കാര്‍ സബ്‌സിഡി

[email protected]

ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ നല്‍കുന്ന ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി പദ്ധതിയുമായി സര്‍ക്കാര്‍. തദ്ദേശ സ്ഥാപനങ്ങളിലൂടെ പ്രത്യേക ഇന്‍സെന്റീവും നല്‍കും. ഇത് രണ്ടും ചേര്‍ന്ന് ഒരുലിറ്റര്‍ പാലിന് നാലു രൂപ കര്‍ഷകര്‍ക്ക് ലഭിക്കുന്നതാണ് സര്‍ക്കാര്‍ പദ്ധതി. ജനകീയ ആസൂത്രണ പദ്ധതിയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതിനുള്ള ഫണ്ട് നീക്കിവെക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ക്ഷീരകര്‍ഷകര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായും പശുപരിപാലനം ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടയാണ് പാലിന് സബ്‌സിഡി എന്ന പദ്ധതി ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്നത്. ജൂലൈ മാസം മുതല്‍ ക്ഷീരസംഘങ്ങളില്‍ അളന്നിട്ടുള്ള പാലിന് എലാ ക്ഷീരകര്‍ഷകര്‍ക്കും ലിറ്റര്‍ ഒന്നിന് ഒരുരൂപ നിരക്കില്‍ 8 മാസക്കാലം നല്‍കും. ഇതിനായി 28.57 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് ഈ തുക കൈമാറുക. ഇതിനായി ക്ഷീരവികസന വകുപ്പിന്റെ ‘ക്ഷീരശ്രീ’ പോര്‍ട്ടലില്‍ കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണം. സംഘങ്ങളില്‍ നല്‍കുന്ന പാലിന്റെ അളവ് അടിസ്ഥാനമാക്കി ഇന്‍സെന്റീവ് തുക കണക്കാക്കി കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള നടപടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ ഇന്‍സെന്റീവ് അനുവദിക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതിനുള്ള സോഫ്റ്റവെയര്‍ ക്രമീകരിക്കുന്നതിന് കാലതാമസമുണ്ടാകും. അതിനാല്‍, ക്ഷീരവികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചുതന്നെ തല്‍ക്കാലം മൂന്നുരുപ ഇന്‍സെന്റീവ് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഓണത്തിന് മുമ്പായി ഇത് നല്‍കുന്നതിന് 25.35 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. കര്‍ഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് നേരിട്ടായിരിക്കും ഈ തുകയും നല്‍കുക.

സംസ്ഥാനത്ത് ക്ഷീരമേഖലയില്‍ നിലവില്‍ 8 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ ഉള്ളതായാണ് കണക്കുകള്‍. ഇതില്‍ മിക്കവരും തന്നെ ക്ഷീരസഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്നവരാണ്. അതിനാല്‍, സര്‍ക്കാര്‍ സബ്‌സിഡി-ഇന്‍സെന്റീവ് പദ്ധതി ഈ കുടുംബങ്ങള്‍ക്ക് താങ്ങാവും. സഹകരണ മേഖലയിലെ ജനകീയ സഹായ പദ്ധതിയായി ഇത് മാറുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ക്ഷീരകര്‍ഷകര്‍ക്ക് സഹായം നല്‍കുന്ന പദ്ധതികളുടെ മൊത്തം ചെലവ് ഏകദേശം 190 കോടി രൂപ ഇതിനായി വിനിയോഗിക്കും എന്നാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News