ക്ഷീര സംഘങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യം നൽകുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മിൽമ ചെയർമാൻ: എറണാകുളം മേഖലയിൽ ലിറ്ററിന് 10 പൈസവീതം നൽകാൻ തീരുമാനിച്ചതായും ചെയർമാൻ.

adminmoonam

ക്ഷീര സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതിന് വേണ്ടി സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു. കോവിഡ് 19 ന്റെ ഭീതിയിലും വിശ്രമമില്ലാതെ ജോലി ചെയ്ത വിഭാഗമാണ് ക്ഷീരസംഘങ്ങളിലെ ജീവനക്കാർ. സംസ്ഥാനത്തെ പതിനായിരത്തിലധികം വരുന്ന ജീവനക്കാർ ഒരു പരിധിവരെ സുരക്ഷാമാനദണ്ഡങ്ങൾ പോലും പൂർണ്ണമായി പാലിക്കാൻ സാധിച്ചിരുന്നില്ല. അത്തരത്തിലുള്ള ജോലി മേഖലയാണ് അവരുടേത്. എന്നാൽ അവർക്ക് അർഹമായ പരിഗണന സർക്കാർ നൽകിയിട്ടില്ല എന്നാണ് മിൽമയുടെ അഭിപ്രായം. വിഷയത്തിൽ ക്ഷീരകർഷകർക്ക് ഉള്ളതുപോലെ ആനുകൂല്യങ്ങൾ നൽകാൻ മിൽമയ്ക്ക് പരിമിതികളുണ്ട്. എങ്കിലും മിൽമയ്ക്ക് സാധിക്കുന്ന തരത്തിൽ പദ്ധതികൾ ആലോചിച്ചു വരികയണെന്ന് ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ പറഞ്ഞു. എറണാകുളം മേഖലയിൽ മിൽമ യിലേക്ക് അളക്കുന്ന ഒരു ലിറ്റർ പാലിന് പത്ത് പൈസ സഹകരണസംഘങ്ങൾക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഈ തുക ജീവനക്കാർക്ക് നൽകാനാണ് നിർദ്ദേശിക്കുന്നത്. ഇത്തരത്തിൽ മലബാർ, തിരുവനന്തപുരം മേഖലകളിലും ആലോചിക്കുന്നുണ്ട്. തുച്ചമായ വേതനം ലഭിക്കുന്ന ക്ഷീരസംഘം ജീവനക്കാരുടെ പ്രശ്നം സർക്കാരിനു മുന്നിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ അവശ്യസേവനമായി തീർത്തും അരക്ഷിതാവസ്ഥയിൽ പണിയെടുക്കുന്നവരാണ് ക്ഷീരസംഘം ജീവനക്കാർ. വർഷം മുഴുവനും മുടക്കമില്ലാതെ പണിയെടുക്കാൻ വിധിക്കപ്പെട്ട ജീവനക്കാർ. കോവിഡ് ഭീതിയിൽ എല്ലാവരും വീട്ടിലിരിക്കുമ്പോൾ കർഷകർക്കുവേണ്ടി മുടക്കമില്ലാതെ പണിയെടുക്കുന്നവരാണിവർ. കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ അത് അവരിലെത്തിക്കാൻ പണിപ്പെ‌ടുന്നവർ. തുശ്ചമായ വേതനം മാത്രമുള്ള നൂറുകണക്കിന് ജീവനക്കാരാണ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നത്. അവരാണ് ചോദിക്കുന്നത്, ഞങ്ങളേക്കൂടിയൊന്നു പരിഗണിക്കാമോ.പകലന്തിയോളം പണിയെടുക്കുന്ന ക്ഷീരകർഷകരെ സഹായിക്കാനായി രൂപംകൊണ്ടിട്ടുള്ളതാണ് ക്ഷീരസംഘങ്ങൾ.

കേരളത്തിലാകെ പരമ്പരാഗത ക്ഷീരസംഘങ്ങൾ ഉൾപ്പെടെ 3,600 ലധികം സംഘങ്ങളുണ്ട്. കർഷകരിൽനിന്നു പാൽ വാങ്ങി പ്രാദേശികമായി വിൽക്കുകയും അവശേഷിക്കുന്നത് മിൽമയ്ക്കു കൈമാറുകയും ചെയ്യുന്നതാണ് ഓരോ ക്ഷീരസംഘത്തിന്റെയും പ്രവർത്തനരീതി. 100 ലീറ്ററിർ താഴെ പാൽ അളക്കുന്ന സംഘങ്ങൾ മുതൽ 10,000 ലീറ്ററിനു മുകളിൽ പാൽ അളക്കുന്ന സംഘങ്ങൾ വരെ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രവർത്തിക്കുന്നു. എന്നാൽ, കർഷകർക്കു ഒട്ടേറെ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ, അത് കർഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന ക്ഷീരസംഘം ജീവനക്കാർ എപ്പോലും അവഗണിക്കപ്പെടുന്നു. ഒരു ദിവസം 100 രൂപ പോലും വേതനമില്ലാതെ പണിയെടുക്കുന്ന ജീവനക്കാർ മിക്കക്ഷീരസംഘങ്ങളിലുമുണ്ട്.കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ മാർച്ച് ഒന്നു മുതൽ 20 വരെ ക്ഷീരസംഘങ്ങളിൽ പാലളന്ന കർഷകർക്ക് ലീറ്ററിന് ഒരു രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ കർഷകന് പരമാവധി 1000 രൂപ ലഭിക്കും. ക്ഷേമനിധിയിൽനിന്നു ലഭ്യമാക്കുന്ന ഈ തുക ക്ഷീരസംഘങ്ങളിൽനിന്ന് നേരിട്ടാണ് കർഷകർക്ക് ലഭ്യമാക്കുക. പാൽവില ബാങ്കിലടയ്ക്കുന്നതുപോലെ ആശ്വാസധനവും ബാങ്കുവഴിയാക്കിയാൽ തങ്ങളുടെ ജോലിഭാരം കുറയുമെന്ന് ക്ഷീര സംഘം ഭാരവാഹികൾ പറയുന്നു. എന്നാൽ, നേരിട്ട് കർഷകരിൽനിന്ന് ഒപ്പു വാങ്ങി തുക വിതരണം ചെയ്യുമ്പോൾ കോവിഡ്–19 നിയന്ത്രണ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അവർ പറയുന്നു. എന്നാൽ, ബാങ്കിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കർഷകർക്ക് നേരിട്ട് തുക നൽകുന്നതെന്നാണ് അധികൃതരുടെ പക്ഷം.

പുലർച്ചെ അഞ്ചു മുതൽ ആരംഭിക്കുന്ന ക്ഷീരസംഘം പ്രവർത്തനങ്ങൾ അവസാനിക്കുക വൈകുന്നേരമാകും. ബൾക്ക് കൂളിംഗ് സെന്റർ ഉള്ള സഹകരണ സംഘങ്ങളിലെ ജീവനക്കാർ രാത്രി 8:00 വരെയും ജോലി ചെയ്യണം. 1500 ലീറ്ററിനു മുകളിൽ പാൽ സംഭരിക്കുന്ന പല സംഘങ്ങൾക്കും സ്വന്തമായി വിൽപന വിതരണ ശൃംഖലയുമുണ്ട്. മിൽമയിലേക്ക് നൽകുന്ന പാലിന് ക്വാട്ട നിശ്ചയിച്ചപ്പോൾ പ്രാദേശിക വിൽപന ഉയർത്തിയാണ് പല ക്ഷീരസംഘങ്ങളും കർഷകരെ സഹായിച്ചത്. കർഷകരെ മടക്കി അയയ്ക്കാതെ പാൽ സംഭരിക്കുകയും അധികമുള്ള പാൽ കമ്യൂണിറ്റി കിച്ചനുകളിലേക്ക് സൗജന്യമായി നൽകുകയും ചെയ്ത സംഘങ്ങളുണ്ട്. ഇതിലൂടെ കർഷകർക്കു നഷ്ടമുണ്ടാകാതെയും ശ്രദ്ധിച്ചു. പലേടുത്തും കർഷകർക്ക് പാലൊഴുക്കിക്കളയേണ്ട സാഹചര്യമുണ്ടായപ്പോഴും അത്തരം അവസ്ഥ എല്ലായിടത്തുമുണ്ടാകാതെ ശ്രദ്ധിച്ചതും അതാത് സംഘങ്ങളാണ്. പാൽ സംഭരണവും വിതരണവും മാത്രമല്ല കേരളത്തിലെ ക്ഷീരസംഘങ്ങൾ വഴി നൽകുന്നത്. കാലിത്തീറ്റ, വൈക്കോൽ എന്നിവയും മിക്ക സംഘങ്ങൾ വഴി വിതരണം ചെയ്യുന്നുണ്ട്.
ഇതിനൊന്നും മുടക്കം വരാതെ വർഷത്തിൽ 365 ദിവസവും ജോലി ചെയ്യുന്ന ജീവനക്കാരെ സർക്കാർ പരിഗണിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.ക്ഷീരസംഘം ജീവനക്കാരെ ഭീതിയിലാഴ്ത്തുംവിധമുള്ള സമീപനം പൊതുജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുന്നുണ്ട്. ക്വാറന്റൈനിൽ കഴിയുന്ന വ്യക്തി തന്റെ സമീപത്തുള്ള ക്ഷീരസംഘത്തിൽ പോകാതെ മറ്റൊരു സംഘത്തിൽപ്പോയി പാൽ വാങ്ങിയ സംഭവം കേരളത്തിലുണ്ടായിട്ടുണ്ട്. സ്വന്തം വീടിനു പരിധിയിലുള്ള സംഘത്തിൽപ്പോയാൽ ആളുകൾ തിരിച്ചറിയുമല്ലോ എന്നു കരുതിയാണ് മറ്റൊരു സംഘത്തിൽ പോയി അയാൾ പാൽ വാങ്ങിയത്. അതേസമയം, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പാൽ പായ്ക്ക് ചെയ്ത് എത്തിച്ചുനൽകുന്ന ക്ഷീരസംഘങ്ങളും സംസ്ഥാനത്തുണ്ട്. പാലിനൊപ്പം ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളും ഇവർ വിതരണം ചെയ്തിട്ടുണ്ട്.കോവിഡ്–19 സുരക്ഷാ നിർദേശങ്ങളുടെ ഭാഗമായി സുരക്ഷാ നിർദേശങ്ങൾ സർക്കാർ നൽകിയിട്ടുണ്ടെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ പാൽ സംഭരണം, വിതരണം എന്നിവ നടത്തേണ്ടിവരുന്നതിനാൽ പല ജീവനക്കാരും സ്വന്തം സുരക്ഷ മാറ്റിവച്ചാണ് ജോലിചെയ്യുന്നത്. ആരോഗ്യമേഖലയിലും മറ്റ് അവശ്യ സേവനങ്ങളിലും തൊഴിലെടുക്കുന്നവർക്കു പ്രഖ്യാപിച്ച ഇൻഷുറൻസ് പരിരക്ഷ തങ്ങൾക്കും ലഭ്യമാക്കണമെന്ന ആവശ്യം ക്ഷീരസംഘം ജീവനക്കാരിൽനിന്ന് ഉയരുന്നുണ്ട്. ഇൻഷുറൻസ് പരിരക്ഷയോ അതല്ലെങ്കിൽ കോവിഡ് കാലത്ത് സ്വന്തം ആരോഗ്യം പോലും വകവയ്ക്കാതെ ജോലിയെടുത്തതിന് ഒരു ഇൻസെന്റീവോ നൽകിയാൽ കർഷകർക്കെന്നതുപോലെ കർഷകർക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു സമൂഹത്തിന് ഗുണകരമാകും.

Leave a Reply

Your email address will not be published.