ക്ഷീരസംഘത്തിലെ അംഗത്വത്തിന് നിബന്ധനമാറ്റി; തിരിച്ചടിയെന്ന് കര്‍ഷകര്‍

Deepthi Vipin lal

ക്ഷീരസഹകരണ സംഘത്തില്‍ സ്ഥിരം അംഗത്വത്തിന് വ്യവസ്ഥകള്‍ കര്‍ശനമാക്കി ക്ഷീരവികസന വകുപ്പിന്റെ ഉത്തരവ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 500 ലിറ്ററും 180 ദിവസവും പാല്‍നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ. നേരത്തെ  500 ലിറ്ററോ അല്ലെങ്കില്‍ 180 ദിവസമോ പാല്‍നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇത് രണ്ടും നിര്‍ബന്ധമാക്കിയതോടെ ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് തിരിച്ചടിയായി.

ചെറുകിട ക്ഷീര കര്‍ഷകരാണ് ക്ഷീര സഹകരണ സംഘങ്ങളുടെ അടിത്തറ. കോവിഡ് വ്യാപനത്തോടെ തൊഴില്‍ നഷ്ടമായ പലരും ക്ഷീരമേഖലയിലേക്ക് മാറിയിരുന്നു. സുഭിക്ഷകേരളം, ക്ഷീരവകുപ്പിന്റെ മറ്റ് പദ്ധതികള്‍ എന്നിവയെല്ലാം ഇതിന് പ്രേരണയും സഹായവുമായി. എന്നാല്‍, അവര്‍ക്ക് ക്ഷീരസംഘങ്ങളില്‍ അംഗത്വം കിട്ടാതെ പോകുന്നതാണ് പുതിയ വ്യവസ്ഥ. ഒന്നോ രണ്ടോ പശുവുള്ള ഒരാള്‍ക്ക് എല്ലാവര്‍ഷവും 180 ദിവസം പാല്‍ നല്‍കണമെന്ന വ്യവസ്ഥ പാലിക്കാന്‍ ബുദ്ധിമുട്ടാകുമെന്നതാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ചെറുകിട കര്‍ഷകരാണ് ക്ഷീര സംഘങ്ങളുടെയും ശക്തി.

ഇവര്‍ക്ക് അംഗത്വം കുറയുന്നതോടെ സംഘങ്ങളുടെ നിലനില്‍പ്പും അവതാളത്തിലാകും. പാല്‍വിലയില്‍ ഉണ്ടായിട്ടുള്ള കുറവും കാലത്തീറ്റ വിലയിലെ വര്‍ദ്ധനവും കാരണം കര്‍ഷകര്‍ പിന്നോട്ടു പോകുന്ന അവസ്ഥയാണുള്ളത്. പാല്‍ അളവ് കൂടിയെങ്കിലും നേരിട്ടുള്ള വില്‍പന 30ശതമാനമായി കുറഞ്ഞതോടെ സംഘങ്ങളും പ്രതിസന്ധിയിലാണ്. മില്‍മയിലേക്ക് നല്‍കുന്ന പാലിന്റെ വിലയാണ് കര്‍ഷകര്‍ക്ക് പല സംഘങ്ങളും നല്‍കുന്നത്. ഇത്തരം പ്രതിസന്ധികള്‍ക്കിടയിലാണ് പുതിയ നിബന്ധനകള്‍.

അംഗത്വമുള്ള കര്‍ഷകര്‍ക്ക് നിരവധി സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ട്. സഹകരണ മേഖലയിലെ പ്രതിദിന പാല്‍ സംഭരണം 20.83 ലക്ഷം ലിറ്ററാണ്. ക്ഷീരസംഘം വഴി പാലളക്കുന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് പരമാവധി നാലുരൂപ നിരക്കില്‍ മില്‍ക് ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. ഒരുരൂപ വകുപ്പിന്റെ സഹായവും മൂന്നുരൂപ തദ്ദേശ വകുപ്പുമാണ് നല്‍കുന്നത്. കൂടാതെ ക്ഷീരവികസന വകുപ്പിലൂടെ ക്ഷീരകര്‍ഷകര്‍ക്കായി നടപ്പാക്കുന്ന മില്‍ക് ഷെഡ് വികസന പദ്ധതി, തീറ്റപ്പുല്‍ കൃഷി പദ്ധതി തുടങ്ങിയ സഹായ പദ്ധതികളും ക്ഷീരസംഘത്തില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!