കോഓപ് കേരളയ്ക്ക് പിന്നാലെ സഹകരണ ഇ-കൊമേഴ്‌സ് പദ്ധതിയും താളംതെറ്റുന്നു
കൃഷി-വ്യവസായ വകുപ്പുകളില്‍ക്ക് കീഴില്‍ കാര്‍ഷിക-മൂല്യവര്‍ദ്ധിത-ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് വിപണന ശൃംഖല ഒരുക്കുന്നതോടെ സഹകരണ വകുപ്പിന്റെ ഇ-കൊമേഴ്‌സ് പദ്ധതി താളം തെറ്റുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചെറുകിട ഭക്ഷ്യ സംസ്‌കരണ-മൂല്യവര്‍ദ്ധിത ഉല്‍പാദന സംരംഭങ്ങളുള്ളത് സഹകരണ സംഘങ്ങള്‍ക്ക് കീഴിലാണ്. ഈ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനായാണ് ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫ് കോഓപ്പറേറ്റീവ് പ്രൊഡക്ട് എന്ന പദ്ധതി സഹകരണ വകുപ്പ് പ്രഖ്യാപിച്ചത്. ഈ ഉല്‍പന്നങ്ങള്‍ എഫ്.എസ്.എസ്.ഐ. മാതൃകയില്‍ കോഓപ് കേരള മുദ്ര നല്‍കാനും തീരുമാനിച്ചിരുന്നു.
സംസ്ഥാനത്താകെ കോഓപ് മാര്‍ട്ടുകള്‍ തുറന്ന് വിപണന ശൃംഖല ഒരുക്കാനും അതുവഴി ഓണ്‍ലൈന്‍ വഴിയുള്ള വിപണനം ശക്തിപ്പെടുത്താനായി സഹകരണ ഇ-കൊമേഴ്‌സ് തുടങ്ങാനുമാണ് പദ്ധതി ലക്ഷ്യമിട്ടത്. വ്യവസായ-കൃഷി വകുപ്പുകള്‍ ഇത്തരമൊരു ആലോചന നടത്തുന്നതിന് മുമ്പാണ് സഹകരണ വകുപ്പ് പദ്ധതി പ്രഖ്യാപിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് പ്രഖ്യാപിച്ച പദ്ധതി ഇതുവരെ ട്രാക്കിലാക്കാനായിട്ടില്ല. പേരിന് 14 കോഓപ് മാര്‍ട്ടുകള്‍ തുറന്നുവെന്നത് മാത്രമാണ് ഇതിലുണ്ടായ പുരോഗതി. ഓണ്‍ലൈന്‍ വിപണനത്തിനടക്കം പര്യാപ്തമാകുന്ന സോഫ്റ്റ് വെയറും മൊബൈല്‍ ആപ്പും തയ്യാറാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും പൂര്‍ത്തിയാക്കിയിട്ടില്ല. ഏതാനും ഉല്‍പന്നങ്ങള്‍ ‘കോഓപ് കേരള’ ബ്രാന്‍ഡിലിറക്കാനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇതിനിടയിലാണ് വ്യവസായവകുപ്പ് കേരളത്തിന്റെ തനത് ഉല്‍പന്നങ്ങള്‍ക്ക് ‘കേരളബ്രാന്‍ഡ്’ കൊണ്ടുവരാന്‍ തീരുമാനിച്ചത്. എല്ലാവകുപ്പുകള്‍ക്ക് കീഴിലുള്ള സംരംഭങ്ങളുടെ ഉള്‍പന്നങ്ങളും കേരളബ്രാന്‍ഡിന് കീഴിലാക്കാനും അതിന്റെ പ്രചരണം സര്‍ക്കാര്‍ ഏറ്റെടുക്കാനുമാണ് തീരുമാനിച്ചത്. ഇതോടെ കോഓപ് കേരള ബ്രാന്‍ഡിങ്ങിന്റെ ആവശ്യം ഇല്ലാതായി. ഈ ഉല്‍പന്നങ്ങളെല്ലാം ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമിലെത്തിക്കാന്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സുമായി (ഒ.എന്‍.ഡി.സി) സംസ്ഥാന വ്യവസായ വകുപ്പ് വെള്ളിയാഴ്ച ധാരണാപത്രം ഒപ്പിടുകയും ചെയ്തു.
സംസ്ഥാനത്തെ ഒന്‍പത് പൊതുമേഖലാ സ്ഥാപനങ്ങളുടെ 220 ഉത്പന്നങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനായി വാങ്ങാം. ഓണ്‍ലൈനായി ഇവ ലഭ്യമാകുന്നതോടെ നമ്മുടെ ഉത്പന്നങ്ങള്‍ കൃത്യസമയത്ത് തന്നെ ഉപഭോക്താവിന് ലഭിക്കും. ഹാന്‍വീവ്, ഹാന്‍ടെക്‌സ്, കയര്‍ ഉത്പന്നങ്ങള്‍, കേരള സോപ്‌സിന്റെ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ഓണ്‍ലൈനായി ലഭിക്കും.
കര്‍ഷക കൂട്ടായ്മകള്‍, എഫ്.പി.ഒ എന്നിവയിലൂടെ പ്രാദേശിക വിപണന സംവിധാനം ഒരുക്കാനാണ് കൃഷിവകുപ്പ് നടപടി സ്വീകരിച്ചിട്ടുള്ളത്. കല്ലിയൂര്‍ പഞ്ചായത്തില്‍ ഈ രീതിയില്‍ ഓണ്‍ലൈന്‍ സംവിധാനം തുടങ്ങി കഴിഞ്ഞു. ഇക്കോഷോപ്പില്‍ സംഭരിക്കുന്ന മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്‍ഷിക ഉത്പന്നങ്ങളും കല്ലിയൂര്‍ ഗ്രീന്‍സ് എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്താണ് വിപണിയിലെത്തിക്കുന്നത്. പഞ്ചായത്തില്‍ രൂപീകരിച്ചിട്ടുള്ള 176 കൃഷിക്കൂട്ടങ്ങളെ ഒന്നിപ്പിച്ചാണ് ഇത് നടപ്പാക്കിയിട്ടുള്ളത്. തദ്ദേശീയമായി നിര്‍മിക്കുന്ന മഞ്ഞള്‍പ്പൊടി, നാടന്‍ കുത്തരി, പച്ചരി, വയനാടന്‍ സ്‌റ്റൈലില്‍ ഉത്പാദിപ്പിച്ച നെന്മേനി, ചിറ്റുണ്ടി, കെട്ടിനാട്ടി അരി, വിവിധ അരിയുത്പന്നങ്ങള്‍, ചക്കയില്‍ നിന്നുണ്ടാക്കിയ 10 മൂല്യവര്‍ദ്ധിത ഉത്പ്പനങ്ങള്‍, വിവിധ തരം അച്ചാറുകള്‍, ചമ്മന്തിപ്പൊടി, മുളപ്പിച്ച പച്ചക്കറികള്‍ തുടങ്ങിയ നാല്‍പ്പതോളം സാധനങ്ങളാണ് നിലവില്‍ ലഭ്യമാക്കിയിട്ടുള്ളത്.
അവിയല്‍, തോരന്‍, സാമ്പാര്‍ തുടങ്ങിയവയ്ക്ക് വേണ്ടി തയ്യാറാക്കിയ കട്ട് വെജിറ്റബിളുകള്‍ക്കും ആവശ്യക്കാരേറെയാണ്. പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പ് വഴിയോ ഇക്കോഷോപ്പില്‍ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ഷോപ്പിംഗ് നടത്താം. ഇതിനുപുറമെ ഫോണിലൂടെയും വാട്‌സാപ്പിലൂടെയും ഓര്‍ഡറുകള്‍ നല്‍കാം. നഗരത്തിലെ 25 കിലോമീറ്റര്‍ പരിധിയില്‍ ഹോം ഡെലിവറി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത ഘട്ടമെന്ന നിലയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് കൂടി ഹോം ഡെലിവറി സംവിധാനം വ്യാപിപ്പിക്കും. നിലവില്‍ 23,000 കൃഷിക്കൂട്ടങ്ങള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ച ഗ്രാമപഞ്ചായത്തുകളിലൊന്ന് കല്ലിയൂരാണ്. കൃഷി-വ്യവസായ വകുപ്പിന്റെ ഈ പദ്ധതിയെല്ലാം സഹകരണ പങ്കാളിത്തമില്ലാതെയാണ് നടപ്പാക്കുന്നത്.
[mbzshare]