കൊടിയത്തൂര്‍ ബാങ്കിന്റെ നെല്ല് സംഭരണം തുടങ്ങി
കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നെല്ല് സംഭരണം കേരള ബാങ്ക് ഡയരക്ടര്‍ ഇ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. സാമ്പത്തിക നഷ്ടത്തിന്റെ പേരില്‍ കൃഷി ഇറക്കാതെ തരിശായി കിടന്ന കൊടിയത്തൂര്‍ പഞ്ചായത്തിലെ നെല്‍വയലുകള്‍ മുഴുവന്‍ ഗ്രാമ പഞ്ചായത്തും സംസ്ഥാന സര്‍ക്കാരും നല്‍കിയ പ്രോത്സാഹനത്തില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കി കൊടിയത്തൂര്‍ ബാങ്ക് നെല്ല് സംഭരണം തുടങ്ങിയത്.
പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ കര്‍ഷകരില്‍ നിന്നും റൊക്കം പണം നല്‍കിയാണ് നെല്ല് സംഭരിക്കുന്നത്. നെല്‍കൃഷിയില്‍ സജീവമായ പരമ്പരാഗത കര്‍ഷകര്‍ക്കൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, വാട്‌സ്ആപ്പ് കൂട്ടായ്മകള്‍, പ്രവാസികള്‍, ക്ലബുകള്‍ എന്നിവരെല്ലാം കൊടിയത്തൂര്‍ പഞ്ചായത്തില്‍ പല വയലുകളിലായി കൃഷിയിറക്കിയിരുന്നു. ബാങ്ക് നേരിട്ട് സംഭരിച്ച നെല്ല് അരിയാക്കി സ്വന്തം ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കും.
ബാങ്ക് പ്രസിഡന്റ് വി. വസീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റിയന്‍, ബാങ്ക് ഡയരക്ടര്‍മാരായ നാസര്‍ കൊളായി, എ.സി. നിസാര്‍ ബാബു, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് , പാടശേഖരസമിതി പ്രസിഡന്റ് മമ്മദ് കുട്ടി കുറുവാടങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.