കൊച്ചി വിമാനത്താവളത്തില്‍ കയറ്റിറക്കുതൊഴിലാളികള്‍ക്കു സഹകരണസംഘം

[mbzauthor]

നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളക്കമ്പനി (സിയാല്‍) യുടെ സഹായത്തോടെ വിമാനത്താവളത്തിലെ ചരക്കുകയറ്റിറക്കു തൊഴിലാളികള്‍ക്കു സഹകരണസംഘം രൂപവത്കരിക്കുന്നു. സംഘത്തില്‍ 10 ലക്ഷം രൂപയുടെ ഓഹരിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ സിയാല്‍ ഡയറക്ടര്‍ബോര്‍ഡ് തീരുമാനിച്ചു.  ബോര്‍ഡംഗമായ മന്ത്രി പി. രാജീവ് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസിനു മുന്നില്‍വച്ച നിര്‍ദേശത്തെത്തുടര്‍ന്നാണ് ഓഹരിയെടുക്കല്‍ അടക്കമുള്ള നടപടികള്‍ ഉണ്ടായത്. കയറ്റിറക്കു തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന പേരില്‍ സംഘത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. കമ്പ്യൂട്ടര്‍വല്‍ക്കരണവും അക്കൗണ്ടിങ് സൗകര്യങ്ങളും ഏര്‍പ്പെടുത്തലും മറ്റും സിയാല്‍ മേല്‍നോട്ടത്തില്‍ നടന്നുവരികയാണ്. ജനുവരിയില്‍ സംഘം ഉദ്ഘാടനം ചെയ്യും. ഭരണസമിതിയില്‍ സിയാല്‍ പ്രതിനിധികളുണ്ടാകും.

വില്ലിങ്ടണ്‍ ഐലന്റില്‍ കൊച്ചി വിമാനത്താവളം പ്രവര്‍ത്തിച്ചിരുന്ന കാലത്തെ 27 പേര്‍ അടക്കം 290 തൊഴിലാളികള്‍ 2004-05 മുതല്‍ എയര്‍കാര്‍ഗോ ഏജന്റുമാര്‍ക്കായി ചരക്കുകള്‍ കയറ്റിയിറക്കാന്‍ ഉണ്ടായിരുന്നു. നിലവില്‍ 120 പേരാണുള്ളത്. വിമാനത്താവളത്തിനു വീടും സ്ഥലവും വിട്ടുനല്‍കിയതിനു ജോലി ലഭിച്ചവരാണിവര്‍. ഓരോ ദിവസവും വേതനം വിഭജിച്ചെടുക്കുകയാണു പതിവ്. ഇതിനുപകരം സംഘം 15 ദിവസംകൂടുമ്പോള്‍ ഒരുമിച്ചു വേതനം നല്‍കും. മെഡിക്കല്‍ സ്‌കീംപോലുള്ള സാമൂഹികസുരക്ഷാപദ്ധതികളുമുണ്ടാകും.

[mbzshare]

Leave a Reply

Your email address will not be published.