കേരള ബാങ്ക് രൂപീകരണം കൂടുതൽ നിയമപ്രശ്നത്തിലേക്ക് .
സംസ്ഥാന സഹകരണ ബാങ്ക് മായി ലയിപ്പിക്കാനുള്ള തീരുമാനം 9 ജില്ലാ ബാങ്കുകൾ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിച്ചുവെങ്കിലും കേരള ബാങ്ക് രൂപീകരണത്തിന് ഒട്ടേറെ നിയമപ്രശ്നങ്ങൾ ബാക്കി. മലപ്പുറം ജില്ലാ ബാങ്ക് ലയനത്തെ പൂർണമായി എതിർക്കുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ ആർബിഐ വ്യവസ്ഥകളിൽ ഇളവു വരുത്തിയില്ലെങ്കിൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാക്കും. തന്നെയുമല്ല ഇപ്പോഴത്തെ നിയമം അനുസരിച്ച് 5 ജില്ലാ ബാങ്കുകളുടെ പൊതുയോഗ തീരുമാനം കേരള ബാങ്ക് രൂപീകരണത്തിന് തടസ്സവും ആണ്. ഒപ്പം സംസ്ഥാന സഹകരണ ബാങ്കിന്റെ പൊതുയോഗവും ലയന പ്രമേയം അംഗീകരിക്കേണ്ടതുണ്ട്. കേവല ഭൂരിപക്ഷത്തോടെ പാസാക്കിയ പ്രമേയം സാധുവല്ലെങ്കിൽ ഈ 5 ജില്ലാ ബാങ്കുകളുടെയും പ്രതിനിധികൾ സംസ്ഥാന സഹകരണ ബാങ്ക് പൊതുയോഗത്തിൽ ലയനത്തെ എതിർക്കും. ഇതും പുതിയ നിയമ പ്രശ്നം സൃഷ്ടിക്കും.
കേരള ബാങ്കുമായി ബന്ധപ്പെട്ട് നിലവിൽ ഹൈക്കോടതിയിൽ കേസുകളുണ്ട്. ഈ കേസുകളിൽ ഹൈക്കോടതിയുടെ നിലപാടും നിർണായകമാണ്. ആർബിഐ ,നബാർഡ് എന്നിവയുടെ കടുംപിടുത്തം സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു ണ്ടെങ്കിലുംകേരള ബാങ്ക് യാഥാർത്ഥ്യമാക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഈ സാഹചര്യത്തിൽ രാഷ്ട്രീയ സമവാക്യത്തിലേക്കു കാര്യങ്ങൾ നീങ്ങാനും സാധ്യതയുണ്ട്.