കേരള ബാങ്ക് – മലപ്പുറം യുഡിഎഫ് നേതൃത്വം തീരുമാനത്തിൽ ഉറച്ചുതന്നെ: ജീവനക്കാരുടെ സമരത്തെ നേരിടാൻ തീരുമാനം.

adminmoonam

കേരള ബാങ്കിനെതിരെ ഉറച്ച തീരുമാനവുമായി മുന്നോട്ടു പോകാനും സംസ്ഥാന തലത്തിൽ യുഡിഎഫ് നേതൃത്വം എടുക്കുന്ന തീരുമാനത്തിനൊപ്പം ഉറച്ചു നിൽക്കാനും യുഡിഎഫിനൊപ്പം നിൽക്കുന്ന മലപ്പുറത്തെ സഹകാരികളുടെ നേതൃയോഗം തീരുമാനിച്ചു. കേരള ബാങ്കിലേക്ക് മാറണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ നാളെ നടത്തുന്ന സൂചനാ പണിമുടക്കിനെയും ജനുവരിയിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു യോഗം.

യോഗത്തിൽ മലപ്പുറം ജില്ലയിലെ യുഡിഎഫ് ഭരണത്തിലുള്ള സഹകരണ സംഘങ്ങളിലെ പ്രസിഡണ്ടുമാരും സെക്രട്ടറിമാരും പ്രധാന സഹകാരികളും പങ്കെടുത്തു. കേരള ബാങ്കിനെതിരെ സമരം നടത്തുകയും യുഡിഎഫിനൊപ്പം നിൽക്കുകയും ചെയ്തവർ ഉൾപ്പെടെയുള്ള ബാങ്ക് ജീവനക്കാർ നാളെ മുതൽ മൂന്നുദിവസം സമരം നടത്തുന്ന സാഹചര്യത്തിലാണ് അതിനെ പ്രതിരോധിക്കാനും കേരള ബാങ്കിന്റെ ഗുണദോഷങ്ങൾ ബോധ്യപ്പെടുത്താനുമായാണ് യോഗം വിളിച്ചത്. കേരള ബാങ്കിൽ ലയച്ചില്ലെങ്കിൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള പല കാര്യങ്ങളിലും തടസ്സം നേരിടും എന്ന തരത്തിൽ ഭീഷണിയും വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്ന് പറയപ്പെടുന്നു. ഇതാണ് ജീവനക്കാർ സമ്മർദ്ദതലത്തിലേക്ക് മാറാൻ കാരണം എന്ന് യുഡിഎഫ് നേതാക്കൾ പറയുന്നു.

ബാങ്കുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് യോഗ തീരുമാനം. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ വി.വി.പ്രകാശ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ യുഡിഎഫ് ചെയർമാൻ പി.ടി.അജയ് മോഹൻ അധ്യക്ഷത വഹിച്ചു. നാളെ മുതലുള്ള സമരത്തിൽ യുഡിഎഫ് അനുകൂല സംഘടനയിൽ പെട്ട ജീവനക്കാർ ആരുംതന്നെ പങ്കെടുക്കരുതെന്നും ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മുസ്ലിംലീഗ് അനുഭാവ സംഘടനയിൽ പെട്ടവർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുസ്ലിംലീഗ് നേതാക്കളും പറഞ്ഞു. സമരത്തെ നേരിടാൻ യുഡിഎഫും ഒരുങ്ങിക്കഴിഞ്ഞു. യുഡിഎഫ് അനുകൂല ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ അഭ്യർത്ഥനപ്രകാരം വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെടാമെന്ന് പറഞ്ഞെങ്കിലും ഒന്നും ഇതുവരെ ആയിട്ടില്ല.

അതിനിടെ യോഗത്തിൽ അപൂർവ്വം ചില നേതാക്കളും സെക്രട്ടറിമാരും കേരള ബാങ്കിൽ നിന്നും മാറി നിൽക്കുന്നതിനെ വിമർശിചെങ്കിലും യുഡിഎഫ് തീരുമാനത്തിനൊപ്പം നിൽക്കാനും നേതാക്കൾ കർശന നിർദ്ദേശം നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ കേസ് ഒരുപക്ഷേ പരാജയപ്പെടുമെങ്കിലും സുപ്രീം കോടതിയിൽ പ്രശ്നം ചോദ്യം ചെയ്യപ്പെടുമ്പോൾ അനുകൂല നിലപാട് ഉണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. അതിനിടെ ജില്ലാ ബാങ്കുകൾക്കെതിരെ ആർബിഐ എടുക്കുന്ന നിലപാടുകൾ യോഗത്തിലും സഹകാരി സമൂഹത്തിലും വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇത് ആയുധമാക്കാനും യുഡിഎഫ് നേതാക്കൾ മറന്നില്ല. മലപ്പുറത്തിന്റെ തീരുമാനമായിരുന്നു ശരിയെന്ന് കാലം തെളിയിക്കുമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. എന്തായാലും വരുംദിവസങ്ങളിലും മലപ്പുറം ജില്ലാ ബാങ്ക് വാർത്തകളിലും സഹകര മേഖലകളിലും വീണ്ടും ഇടം പിടിക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!