കേരള ബാങ്ക്: ആശങ്കകൾ പങ്കുവെച്ച് കോഴിക്കോട്ട് സെമിനാർ

[email protected]

ആർക്കു വേണ്ടി, എന്തിനു വേണ്ടിയാണ് കേരള ബാങ്ക് രൂപവത്കരിക്കുന്നത്? അധികാര വികേന്ദ്രീകരണത്തിന്റെ ഈ കാലത്ത് അധികാര കേന്ദ്രീകരണം ആശാസ്യമോ? റിസർവ് ബാങ്ക് നിർദേശിച്ചിട്ടുള്ള 20l 9 മാർച്ച് 31നകം സംസ്ഥാന സഹകരണ ബാങ്ക് – ജില്ലാ സഹകരണ ബാങ്ക് ലയനം നടക്കുമോ? റിസർവ് ബാങ്ക് മുന്നോട്ടുവെച്ചിട്ടുള്ള 19 വ്യവസ്ഥകളും പാലിക്കാൻ സംസ്ഥാന സർക്കാറിനു കഴിയുമോ?- ഇത്തരത്തിൽ ഒട്ടേറെ ചോദ്യങ്ങളും ആശങ്കയും പങ്കുവെക്കുന്ന സെമിനാറാണ് ഇന്ന് (നവം.18) കോഴിക്കോട്ടു നടന്നത്. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സഹകാർ ഭാരതിയുടെ കോഴിക്കോട് ജില്ലാ സമിതിയാണ് പ്രമുഖ സഹകാരികളെ പങ്കെടുപ്പിച്ച് സെമിനാർ സംഘടിപ്പിച്ചത്. കേരള ബാങ്ക്: ആശയും ആശങ്കയും എന്നതായിരുന്നു വിഷയം.

വിഷയം അവതരിപ്പിച്ച സഹകാർ ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരനും സെമിനാറിൽ സംസാരിച്ച കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹിമാനും MVR കാൻസർ സെന്റർ ചെയർമാൻ CN വിജയകൃഷ്ണനും ഒരു പോലെ കേരള ബാങ്കിന്റെ കാര്യത്തിൽ സംശയങ്ങളും ആശങ്കകളുമാണ് ഉയർത്തിയത്.

ഇടതുമുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ കേരള ബാങ്ക് രൂപവത്കരണത്തെക്കുറിച്ച് നമ്മളാരും ഗൗരവത്തോടെ ചർച്ച ചെയ്യുന്നില്ല എന്നാണ് കരുണാകരൻ പറഞ്ഞത്. ഗൗരവ ചർച്ച സർക്കാർ ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം. അഞ്ചു വർഷം കൂടി ഭരിച്ചാലും നടപ്പാകാൻ സാധ്യതയില്ലാത്ത ലക്ഷ്യമാണിത്. കേരളത്തിന് ഒരു സ്വന്തം ബാങ്ക് എന്ന അർഥത്തിൽ പുതിയൊരു ബാങ്കായിരുന്നു ഇടതു മുന്നണിയുടെ ലക്ഷ്യം. എന്നാൽ, അതെങ്ങനെ യാഥാർഥ്യമാക്കാം എന്ന കാര്യത്തിൽ സർക്കാറിന് അവ്യക്തധാരണകളേയുള്ളു. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് ഇതിന് ഒരുങ്ങിപ്പുറപ്പെട്ടത്. സഹകരണ മേഖലയിലെ ഘടന ത്രിതലത്തിൽ നിന്ന് ദ്വിതലമാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. സർക്കാറിന്റെ തീരുമാനം ധൃതി പിടിച്ചതായിപ്പോയി. സഹകരണ ബാങ്കകൾ പിടിച്ചെടുക്കാൻ കണ്ടു പിടിച്ചതാണ് കേരള ബാങ്ക്. ജനാധിപത്യത്തിന്റെ കൂട്ടക്കുരുതിയാണ് നടക്കാൻ പോകുന്നത്. ജില്ലാ സഹകരണ ബാങ്കുകളിലെ അഡ്മിനിസ്ട്രേറ്റർ ഭരണം നാലു തവണയാണ് നീട്ടിയത്. സഹകരണ പ്രസ്ഥാനം ഇന്നു വലിയ പ്രതിസന്ധിയിലാണ്, അനിശ്ചിതത്വത്തിലാണ്. വായ്പ, നിക്ഷേപ കാര്യങ്ങളിൽ അലിഖിത നിരോധനം നിലനിൽക്കുന്നു. കേരള ബാങ്ക് എന്നത് സഹകാരികളുടെ തീരുമാനമല്ല, രാഷ്ട്രീയ തീരുമാനമാണ്. 19 സംസ്ഥാനങ്ങളിലും സഹകരണ മേഖലയിൽ ത്രിതല ഘടനയാണുള്ളത്. കേരളം അധികാര കേന്ദ്രീകരണമാണ് കേരള ബാങ്കിലൂടെ നടത്താൻ ശ്രമിക്കുന്നത്. നിലവിലുള്ള ത്രിതല ഘടന നിലനിർത്തി പുതിയൊരു കേരള ബാങ്ക് കൊണ്ടുവരണം -കരുണാകരൻ പറഞ്ഞു.

ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിക്കുന്നതോടെ സഹകരണ സ്ഥാപനങ്ങൾക്ക് ജനങ്ങളുമായുള്ള ബന്ധം കുറയുമെന്ന് എൻ.കെ.അബ്ദുറഹിമാൻ അഭിപ്രായപ്പെട്ടു. ത്രിതല ഘടന എടുത്തു മാറ്റുന്നതോടെ ചെലവൊന്നും കുറയാൻ പോകുന്നില്ല. സർക്കാറിനെ സഹായിക്കുന്ന ഒരു ബാങ്കാണ് ഇടതു മുന്നണി ആഗ്രഹിക്കുന്നത്. അല്ലാതെ കേരള ബാങ്ക് കൊണ്ട് ജനങ്ങൾക്ക് ഗുണമൊന്നും ഉണ്ടാകാൻ പോകുന്നില്ല – അദ്ദേഹം പറഞ്ഞു.

കേരള ബാങ്കിനെക്കുറിച്ച് ഇനി ചർച്ച ചെയ്തതു കൊണ്ട് കാര്യമില്ലെന്ന് സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. അടുത്ത നിയമസഭാ സമ്മേളനത്തോടെ കേരള ബാങ്ക് പ്രാബല്യത്തിൽ വരും. 14 ജില്ലാ സഹകരണ ബാങ്കുകളുടെയും അന്ത്യമായി. ഇനി മ്യൂസിയത്തിലേക്ക് മാറ്റേണ്ട അവസ്ഥയാണ്. കേരള ബാങ്കു കൊണ്ട് ആർക്കാണ് ലാഭമെന്ന് സർക്കാർ ചിന്തിച്ചിട്ടുണ്ടോ? രാഷ്ട്രീയമായി തിരിച്ചടി നേരിടേണ്ടി വരിക സിപിഐ എം തന്നെയായിരിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു

സഹകാർ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.സദാനന്ദ നായിരുന്നു മോഡറേറ്റർ. സഹകാർഭാരതി ജില്ലാ പ്രസിഡന്റ് എം.കുഞ്ഞാപ്പു സ്വാഗതവും സെക്രട്ടറി പി.രമേഷ് ബാബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.