കേരള ബാങ്കിന്റെ കോർപ്പറേറ്റ് ഓഫീസും മേഖലാ ഓഫീസുകളും പ്രവർത്തനം തുടങ്ങി.

adminmoonam

കേരള ബാങ്കിന്റെ കോർപ്പറേറ്റ് ബിസിനസ് ഓഫീസും മേഖലാ ഓഫീസുകളും പ്രവർത്തനം തുടങ്ങി. നാടിന്റെ അതിജീവന പോരാട്ടത്തിന് കരുത്തേകുന്നതാണ് കോർപ്പറേറ്റ് ഓഫീസും മേഖലാ ഓഫീസുകളെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോർപ്പറേറ്റ് ഓഫീസ് എറണാകുളത്തും മേഖല ഓഫീസുകൾ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലുമാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. രണ്ട് ജില്ലകൾക്കായാണ് ഒരു മേഖല ഓഫീസ് പ്രവർത്തിക്കുക.

ഓരോ ഓഫീസിലും ആവശ്യമായ തസ്തികകൾ, വകുപ്പുകൾ, ഉദ്യോഗസ്ഥരുടെ ചുമതലകൾ എന്നിവയെല്ലാം തീരുമാനമായി‌. ബാങ്കിന്റെ ഡയറക്ടർ ബോർഡിനു കീഴിൽ മാനേജിങ്‌ ഡയറക്ടർ/ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസർ തസ്തികയും തൊട്ടുതാഴെ ചീഫ്‌ ജനറൽ മാനേജരുമുണ്ട്‌. തിരുവനന്തപുരത്തെ ആസ്ഥാനഓഫീസിൽ വിവിധ വിഭാഗങ്ങളിലായി ആറ്‌ ജനറൽ മാനേജർമാരുണ്ടാകും. ഇതിനുപുറമേ മേഖലാ ഓഫീസുകളിലും കോർപറേറ്റ്‌ ഓഫീസിലും ജനറൽ മാനേജർമാരാണ്‌ തലപ്പത്ത്‌.

ബാങ്കിന് എല്ലാ ജില്ലകളിലും ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുകളുമുണ്ട്. 1557 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെയും 51 അർബൻ സഹകരണ ബാങ്കുകളുടെയും കരുത്തുറ്റ ജനകീയ അടിത്തറയുള്ള കേരള ബാങ്കിന് ആകെ 769 ശാഖകളുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.