കേരള ബാങ്കിന്റെ ആദ്യ ബാലൻസ്ഷീറ്റ് പ്രസിദ്ധീകരിച്ചു:374.75 കോടി രൂപ ലാഭം.
കേരള സംസ്ഥാന സഹകരണ ബാങ്ക്,13 ജില്ലാ സഹകരണ ബാങ്കുകളുമായി ലയിച്ചതിനു ശേഷമുള്ള കേരള ബാങ്കിന്റെ ആദ്യ ബാലൻസ് ഷീറ്റ് പ്രസിദ്ധീകരിച്ചു. 374.75കോടി രൂപ ലാഭമുണ്ടെന്നു സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.2019 നവംബറിൽ രൂപീകരിച്ചത് മുതൽ 2020 മാർച്ച് വരെയുള്ള കാലഘട്ടത്തിലെ ലാഭം ആണിത്.2019-20 സാമ്പത്തിക വർഷത്തിൽ ആകെ ബിസിനസ് 1,01,194കോടി രൂപയാണ്. ലയന സമയത്ത് സഞ്ചിത നഷ്ടം1150.75 കോടി രൂപയായിരുന്നു. നാലുമാസത്തിനുള്ളിൽ സഞ്ചിത നഷ്ടം776 കോടി രൂപയായി കുറച്ചുകൊണ്ടുവരാൻ ബാങ്കിന് കഴിഞ്ഞതായി മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
17000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 1000 കോടി രൂപയുടെ പുതിയ വായ്പാ പദ്ധതി കേരള ബാങ്കിലൂടെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നബാർഡ് സഹായത്തോടെ 10 മൊബൈൽ വാനുകളും 1500 മൈക്രോ എടിഎമ്മുകളും ഉടൻ പ്രവർത്തനസജ്ജമാകും.കേരളബാങ്ക് ചെയർപേഴ്സൺ മിനി ആന്റണി ഐഎഎസ്,സി ഇ ഒ രാജൻ പി എസ്,ചീഫ് ജനറൽ മാനേജർ കെ സി സഹദേവൻ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.