കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് -റിസര്‍വ് ബാങ്ക്

Deepthi Vipin lal

കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ സാമ്പത്തികസ്ഥിതി ഗുരുതരാവസ്ഥയിലേക്കു നീങ്ങുകയാണെന്നു റിസര്‍വ് ബാങ്ക് മുന്നറിയിപ്പു നല്‍കി. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണു റിസര്‍വ് ബാങ്കിന്റെ ഈ മുന്നറിയിപ്പ്.

കടബാധ്യതയില്‍ മുന്നിലുള്ള പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, കേരളം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തികനില ഗുരുതരാവസ്ഥയിലേക്കു നീങ്ങുകയാണെന്നും അനാവശ്യച്ചെലവുകള്‍ വെട്ടിക്കുറച്ച് ഈ സംസ്ഥാനങ്ങള്‍ തിരുത്തല്‍ നടപടികള്‍ തുടങ്ങേണ്ടതാണെന്നും റിസര്‍വ് ബാങ്കിന്റെ ജൂണിലെ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ഒരു പാഠമാണെന്നും പൊതുകടം നിശ്ചിതക്രമത്തില്‍ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അപ്രതീക്ഷിതമായുണ്ടാകുന്ന വെല്ലുവിളികള്‍ സംസ്ഥാനങ്ങളുടെ സാമ്പത്തികനിലയെയും ബജറ്റ്പ്രതീക്ഷകളെയും താളം തെറ്റിക്കുകയാണ്. കോവിഡ് പ്രതിസന്ധി സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി മോശമാക്കി. പല സംസ്ഥാനങ്ങളുടെയും പൊതുകടം ഉയര്‍ന്നു. കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ പൊതുകടം അധികരിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കെടുത്താല്‍ ഈ സംസ്ഥാനങ്ങളില്‍ മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയേക്കാള്‍ പൊതുകടത്തിന്റെ വളര്‍ച്ച കൂടുതലാണ്. സ്വന്തം നിലയില്‍ നികുതിവരുമാനം കുറയുന്നു. പെന്‍ഷന്‍, പലിശ, ഭരണച്ചെലവ്, ശമ്പളം എന്നിവയുള്‍പ്പെടെ ഓരോ മാസവും പതിവുചെലവുകള്‍ക്കായി വരുമാനത്തില്‍ വലിയഭാഗം നീക്കിവെക്കേണ്ടിവരുന്നു. സബ്‌സിഡിബാധ്യത ഉയരുന്നു. ഇവയെല്ലാം സംസ്ഥാന സര്‍ക്കാരുകള്‍ക്കു പ്രതിസന്ധിയാണ് – റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്രയുടെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അത്രി മുഖര്‍ജി, സമീര്‍ രഞ്ജന്‍ ബെഹ്‌റ, സോമനാഥ് ശര്‍മ, ബിചിത്രനന്ദ സേത്ത്, രാഹുല്‍ അഗര്‍വാള്‍, രചിത് സോളങ്കി, ആയുഷ് ഖണ്ഡേല്‍വാള്‍ എന്നിവരാണു റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ചില സംസ്ഥാനങ്ങളില്‍ അനാവശ്യ ഉളവുകളും ആനുകൂല്യങ്ങളും നല്‍കുന്നതുമൂലമുള്ള അധികച്ചെലവ് പുതിയ വെല്ലുവിളിയാണ്. കടബാധ്യത കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഇതു കാരണം സാമ്പത്തികസ്ഥിതി കൂടുതല്‍ മോശമാകും. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ റവന്യൂ ചെലവ് കൂടുതലാണ്. മൂലധനച്ചെലവാകട്ടെ കുറവും. ഇതുകാരണം വരുമാനവളര്‍ച്ച കുറയും. പലിശച്ചെലവു കൂടും. കേരളത്തില്‍ പലിശ, പെന്‍ഷന്‍, ഭരണച്ചെലവ് എന്നിങ്ങനെ മാസംതോറുമുള്ള പതിവുചെലവുകള്‍ വരുമാനത്തിന്റെ 38.8 ശതമാനം വരും. എന്നാല്‍, അഞ്ചു വര്‍ഷത്തെ ശരാശരി മൂലധനച്ചെലവ് 12.1 ശതമാനം മാത്രമാണ് – റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ വ്യക്തിപരമായ അഭിപ്രായമാണെന്നും റിസര്‍വ് ബാങ്കിന്റെ നിരീക്ഷണമല്ലെന്നും പറയുന്നുണ്ട്.

Leave a Reply

Your email address will not be published.

Latest News