കേരളത്തിലെ സഹകരണ മേഖലയുടെ വലുപ്പത്തിൽ ആശ്ചര്യപ്പെട്ട് കേന്ദ്ര സെക്രട്ടറിമാർ.

[email protected]

കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഫണ്ടുകൾ വിനിയോഗിക്കുന്ന രീതിയെ സംബന്ധിച് പഠിക്കാനും എൻ.സി.ഡി.സി. ഉൾപ്പെടെയുള്ള ഏജൻസികളുടെ വായ്പകൾ പ്രയോജനപ്പെടുത്തുന്ന രീതി സംബന്ധിച്ച് അറിയാനുമാണ് നീതി ആയോഗ് സെക്രട്ടറി ഗോപാൽ കൃഷ്ണ യുടെ നേതൃത്വത്തിലുള്ള എട്ടംഗ കേന്ദ്ര സെക്രട്ടറി സംഘം കാസർകോട് ജില്ലയിൽ എത്തിയത്. പ്രധാനപ്പെട്ട മുഴുവൻ വകുപ്പുകളിലെയും പ്രവർത്തന രീതികൾ സംബന്ധിച്ച് ഇവർ പരിശോധിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഒരു ജില്ലയിലാണ് ഇത്തരത്തിൽ പരിശോധനയും പഠനവും നടത്തുന്നത്.


കേന്ദ്ര സെക്രട്ടറിയേറ്റിലെ 8 അണ്ടർ സെക്രട്ടറിമാരാണ് സംഘത്തിലുണ്ടായിരുന്നത്. നീതി ആയോഗ്, വാണിജ്യം, രാജ്യരക്ഷ, ധനകാര്യം, ഉപഭോക്തൃ കാര്യം, ആരോഗ്യം എന്നീ മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാരാണ് സന്ദർശനത്തിനെത്തിയത് .കേരളത്തിലെ സഹകരണ മേഖലയുടെ യും പ്രത്യേകിച്ച് കാസർകോട് ജില്ലയിലെ സഹകരണ ബാങ്കുകളുടെ വ്യാപ്തി ,പ്രവർത്തനങ്ങൾ, തുടങ്ങി എല്ലാം വിശദീകരിച്ചിട്ടും കേന്ദ്ര സംഘത്തിൽ അവിശ്വസനീയത പ്രകടമായപ്പോഴാണ് സഹകരണസംഘങ്ങളിൽ നേരിട്ട് കൊണ്ടുപോയി ബോധ്യപ്പെടുത്താൻ കാസർകോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ വി. മുഹമ്മദ് നൗഷാദ് തീരുമാനിച്ചത്. കാസർകോട് സർവീസ് സഹകരണ ബാങ്കിലേക്ക് മുന്നറിയിപ്പില്ലാതെ എത്തിയ കേന്ദ്രസംഘത്തിന് ഹൃദ്യമായ സ്വീകരണമാണ് ഭരണസമിതിയും ജീവനക്കാരും നൽകിയത്. പ്രസിഡണ്ട് എസ്.ജെ. പ്രസാദ്, സെക്രട്ടറി സുമതി,അസിസ്റ്റന്റ് സെക്രട്ടറി ജാനകി എന്നിവർ ചേർന്നാണ് ബാങ്കിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചത്. ബാങ്കിന്റെ വളർച്ചയും ഉയർച്ചയും നേരിട്ട് ബോധ്യപ്പെട്ട കേന്ദ്രസംഘം, ഹരിതം സഹകരണത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.

വനിതാ സഹകരണ സംഘത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചപ്പോൾ ആശ്ചര്യം തോന്നിയ കേന്ദ്രസംഘം ഉദുമ വനിതാ സഹകരണ സംഘം സന്ദർശിച്ചു. ശീതീകരിച്ച ഓഫീസ് സംവിധാനവും പ്രവർത്തനവും കേന്ദ്ര സംഘത്തിൽ ആശ്ചര്യം ഉണ്ടാക്കി. വനിതാ സംഘത്തിന് കീഴിൽ വിവിധ യൂണിറ്റുകൾ, വനിതകൾ മാത്രം ഭരിക്കുന്ന, വനിതകൾ മാത്രം അംഗങ്ങളായ, വനിതകൾ മാത്രം ജീവനക്കാരായ, സംഘം നേടിയ വളർച്ച കേന്ദ്ര സംഘത്തിൽ അത്ഭുതമുളവാക്കി. സംഘം പ്രസിഡണ്ട് കസ്തൂരി ബാലൻ, സെക്രട്ടറി കൈരളി എന്നിവരുടെ വിശദീകരിക്കലും പെരുമാറ്റവും സ്വീകരണവും കേന്ദ്രസംഘത്തെ ഉദുമ വനിത സഹകരണ സംഘത്തിന് ഫുൾ മാർക്ക് ഇടാൻ പ്രേരിപ്പിച്ചു. .
തുടർന്ന് ജില്ലാ സഹകരണബാങ്കും പനയാൽ സഹകരണ ബാങ്കും ചേർന്ന് കരിച്ചേരി ഗവൺമെന്റ് യു.പി. സ്കൂളിൽ ഒരുക്കിയ കുട്ടികളുടെ പുസ്തകത്തിന്റെ പ്രകാശനചടങ്ങിലും കേന്ദ്രസംഘം പങ്കെടുത്തു. സർക്കാർ സ്കൂളിലെ സൗകര്യങ്ങൾ കണ്ട് അവർ അതിശയിച്ചു.
പിന്നീട് പനയാൽ സഹകരണബാങ്കിലെത്തിയ കേന്ദ്രസംഘം ബാങ്ക് കെട്ടിടം കണ്ടു വിസ്മയിച്ചു. ഇത്തരം ബഹുനിലക്കെട്ടിടങ്ങൾ തങ്ങളുടെ നാട്ടിലെ സെക്രട്ടറിയേറ്റിന് പോലും ഉണ്ടാകില്ലെന്ന് കേന്ദ്ര സംഘത്തിലെ ചിലർ പറഞ്ഞതായി ജോയിന്റ് രജിസ്ട്രാർ മൂന്നാംവഴി യോട് പറഞ്ഞു. ബാങ്ക് പ്രസിഡന്റ് കരുണാകരൻ സെക്രട്ടറി ഭാസ്കരൻ എന്നിവർ ചേർന്ന് കേന്ദ്രസംഘത്തെ സ്വീകരിക്കുകയും സംഘത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും കാണിച്ചു കൊടുക്കുകയും ചെയ്തു. കേരളത്തിലെ സഹകരണ മേഖലയുടെ അഭൂതപൂർവ്വമായ വളർച്ചയിലും ഉയർച്ചയിലും കേന്ദ്രസംഘം ആശ്ചര്യപ്പെട്ടു. കേരളത്തിലെയും പ്രത്യേകിച്ച് കാസർകോട്ടെയും സഹകരണസംഘങ്ങളെ കുറിച്ച് ശരിയായി ബോധ്യപ്പെടുത്താൻ സാധിച്ചതിൽ സഹകരണസംഘങ്ങളോട് ജോയിന്റ് രജിസ്ട്രാർ നന്ദി രേഖപ്പെടുത്തി. കേരളത്തിലെ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും രാജ്യത്തിന് മാതൃകയാണെന്നും പറഞ്ഞാണ് കേന്ദ്രസംഘം മടങ്ങിയത്.

Leave a Reply

Your email address will not be published.