കേരളത്തിലെ സഹകരണ പ്രസ്ഥാനം-ലോക്ക് ഡൗണിനു ശേഷം. എഴുത്ത്‌:-ഡോ.എം.രാമനുണ്ണി.

adminmoonam

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനു ലോക് ഡൗൺനു ശേഷം എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകും എന്നത് സംബന്ധിച്ചും ഏതെല്ലാം രീതിയിലേക്ക് മാറണം എന്നത് സംബന്ധിച്ചും ‘മൂന്നാംവഴി’ വിദഗ്ധരുടെ അഭിപ്രായങ്ങളും ആശയങ്ങളും ആരാഞ്ഞിരുന്നു. കോവിഡ് മൂലമുള്ള പ്രതിസന്ധി മറികടക്കാൻ പൊതുസമൂഹം കൂടുതൽ പ്രതീക്ഷയർപ്പിക്കുന്നത് സഹകരണമേഖലയെയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ പ്രവർത്തന രീതിയിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ചും പ്രവർത്തന മേഖലകളെ സംബന്ധിച്ചും ചർച്ചചെയ്യപ്പെടേണ്ട വർത്തമാനകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.സഹകരണം എന്ന ആശയത്തിനു തുടക്കംകുറിച്ചതും കരുത്ത് പകർന്നതും മുതൽ വികാസപരിണാമങ്ങളും മാറ്റങ്ങളും ചരിത്രവും നിലവിലെ ചിത്രവും കോവിഡാനന്തര സഹകരണമേഖലയും സവിസ്തരം മൂന്നാംവഴി വായനക്കാരുമായി പങ്കുവെക്കുകയാണ് പ്രമുഖ സഹകരണ- സാമ്പത്തിക വിചക്ഷണനുമായ ഡോക്ടർ.എം.രാമനുണ്ണി. നാല്പതിലധികം ലേഖനങ്ങളിലൂടെയാണ് സഹകരണമേഖലയുടെ ചരിത്രവും വളർച്ചയും രൂപാന്തരവും വികാസവും നിലവിലെ അവസ്ഥയും കോവിഡ്നുശേഷമുള്ള മാറ്റങ്ങളെയും പുതിയ പ്രവർത്തന മേഖലകളെയും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളേയും ചുമതലകളേയും കുറിച്ച് ഡോ.രാമനുണ്ണി സഹകരണ മേഖലയിലുള്ളവരുമായി പങ്കുവെക്കുന്നത്. സഹകരണമേഖലയിലുള്ളവർക്കും ജീവനക്കാർക്കും പഠിക്കുന്നവർക്കും വിശകലനം ചെയ്യുന്നവർക്കും ഇത്തരം ലേഖനങ്ങൾ ഗുണംചെയ്യുമെന്ന പ്രതീക്ഷയാണ് മൂന്നാംവഴികുള്ളത്. ഇന്നലെയുടെ സഹകരണവും നാളെയുടെ സഹകരണവും ഇന്ന് മുതൽ മൂന്നാംവഴി യിലൂടെ അടുത്തറിയാം.

ലേഖനം1:-

മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു വെല്ലുവിളി ഉയർത്തിയ അദൃശ്യ ജീവാണുവിന്റെ (കോവിഡ് 19) അലയടികൾ ഇന്നും തീർന്നിട്ടില്ല ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രതിദിനം കോവിഡ് 19 മൂലമുള്ള മരണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിൽ ആരംഭിച്ച് ലോകമാകമാനം താണ്ഡവമാടുന്ന കോവിഡ്19 ഇന്ത്യയിലും അതിൻറെ മാരകമായ പ്രഹരശേഷി പ്രകടിപ്പിക്കുകയാണ്. ദരിദ്രനും, ധനവാനും, വിശ്വാസിയും അവിശ്വാസിയും എല്ലാം ഈ വൈറസിന് മുമ്പിൽ കീഴ്പ്പെടുന്ന സാഹചര്യവും ഏവരിലും ഭീതി ജനിപ്പിക്കുന്നു. ഇതിനു സമാനമായ ഒരു ദുരന്തം അടുത്തകാലത്തൊന്നും ലോകം കണ്ടിട്ടില്ല.

1929ൽ ആരംഭിച്ച് 1933 വരെ 43 മാസക്കാലം നീണ്ടു നിന്ന ഗ്രേറ്റ് ഡിപ്പ്രഷനാണ് നമ്മുടെ അറിവിലുള്ള ഏറ്റവും പ്രധാനമായ സാമ്പത്തിക ദുരന്തങ്ങളിലൊന്ന്. ഇക്കാലയളവിൽ അമേരിക്കയിൽ തൊഴിലില്ലായ്മ 25% വരെ വർധിച്ചതായാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1928ൽ കേവലം 4.2 ശതമാനം ഉണ്ടായിരുന്നു തൊഴിലില്ലായ്മയാണ് 25% ആയി വളർന്നത് വീടുകളുടെ വിലയിൽ 67 ശതമാനം ഇടിവ് ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. അന്താരാഷ്ട്ര വ്യാപാരത്തിൽ 65% ഇടിവ് രേഖപ്പെടുത്തു കയുണ്ടായി പണചുരുക്കം 10 ശതമാനത്തോളം വർദ്ധിക്കുകയുണ്ടായി ഏതാണ്ട് 25 കൊല്ലത്തിനു ശേഷം മാത്രമാണ് ഈ ആഘാതത്തിൽ നിന്നും ലോകത്തിന് ഉയർത്തെഴുന്നേൽക്കാൻ കഴിഞ്ഞത്. ഇക്കാലയളവിൽ അമേരിക്കയിൽ മാത്രം 650 ലേറെ ബാങ്കുകൾ നാമാവശേഷമായി. ജിഡിപി നിരക്ക് 1929 ൽ 103.6 ഡോളർ ഡോളറിന് തുല്യം ആയിരുന്നു എങ്കിൽ 1931 എത്തിയപ്പോൾ അത് 56.40 ഡോളറിന് സമാനമായി ഇടിയുകയുണ്ടായി ചുരുക്കത്തിൽ ലോക സാമ്പത്തിക ക്രമത്തെ ഏതാണ്ട് പൂർണമായും ഗ്രസിച്ച ഈ സാമ്പത്തികമാരി ആരംഭിക്കുന്നത് 1929 ഓഗസ്റ്റ് മാസത്തോടെയാണ്.1929 ഒക്ടോബർ 24 വ്യാഴാഴ്ച ഷെയർ മാർക്കറ്റ് തകർന്നടിഞ്ഞതോടെയാണ് ഇതിൻറെ ആഘാതം സമൂഹം അറിഞ്ഞത്. ഒക്ടോബർ 24 ചരിത്രത്തിൽ ഇപ്പോഴും കറുത്ത വ്യാഴാഴ്ചയാണ് അറിയപ്പെടുന്നത്. ഹെർബർട്ട് ഹ്യുവർ ആയിരുന്നു ഇക്കാലയളവിൽ അമേരിക്കയുടെ പ്രസിഡൻറ്. അദ്ദേഹത്തിൽ നിന്നും 1932ൽ ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ് അമേരിക്കയുടെ പ്രസിഡണ്ടായി ചുമതലയേറ്റു. തുടർന്ന് അദ്ദേഹം ആരംഭിച്ച ന്യൂ ഡിൽ പോളിസി ലോക സമ്പത്ത് വ്യവസ്ഥയെ ഉദ്ധീപിക്കുന്നതിനു സഹായകരമായി.

ഇന്ത്യ കോവിഡിനു ശേഷം വൻതോതിലുള്ള തകർച്ചയെ നേരിടുമെന്നാണ് സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മ, പ്രവാസികളുടെ തിരിച്ചുവരവ്, പട്ടിണി , പട്ടിണി കൊണ്ടുള്ള മരണം, സമൂഹത്തിലെ
ഉച്ചനീചത്വങ്ങളുടെ വളർച്ച എന്നിവയെല്ലാം ഇതിൻറെ തുടർച്ചയായി സംഭവിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ സ്റ്റാൻഡേർഡ് ആൻഡ് പൂവർ ഗ്ലോബൽ 3.50 ശതമാനം ജിഡിപി വളർച്ച നേടുമെന്നാണ് സൂചിപ്പിച്ചിട്ടുള്ളത് എന്നാൽ അന്താരാഷ്ട്ര നാണയ നിധിയുടെ കണക്ക് പ്രകാരം 1.9 ശതമാനമാണ് കെ പി എം ജി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം. ഇത് 1.8നും രണ്ടു ശതമാനത്തിൽ ഇടയിൽ വരും ഈ സാഹചര്യത്തിൽ വിദേശമലയാളിയുടെ വരുമാനത്തെ പ്രധാനമായും ഊന്നി കൊണ്ടുള്ള കേരളത്തിൻറെ സമ്പത്ത് വ്യവസ്ഥയിൽ ഉണ്ടാകാൻ സാധ്യതയുള്ള ചലനങ്ങളും അത് സാധാരണ ജനങ്ങളെയും സഹകരണ ബാങ്കുകളെയും സഹകരണ സ്ഥാപനങ്ങളെയും എങ്ങനെ ബാധിക്കുമെന്നും അതിനു പ്രതിവിധിയായി നാ അവലംബിക്കേണ്ട ഏതാനും നിർദ്ദേശങ്ങളും വരും ദിവസങ്ങളിൽ ഈ പരമ്പരയിലൂടെ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എല്ലാ സഹകാരികളും വായനക്കാരും ഈ നിർദ്ദേശങ്ങളോട് പ്രതികരിക്കണമെന്നും കഴിയാവുന്ന കാര്യങ്ങൾ അവരവരുടെ തലങ്ങളിൽ ഏറ്റെടുക്കുവാൻ സന്നദ്ധമാകണം എന്നും അഭ്യർത്ഥിക്കുന്നു. സഹകരണ പ്രസ്ഥാനത്തിൻറെ കരുത്തിൽ പുതിയൊരു കേരളത്തെ സൃഷ്ടിച്ചെടുക്കാനുള്ള പരിശ്രമത്തിൽ ഏവരുടെയും ക്രിയാത്മകമായ പങ്കാളിത്തം അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published.