കേരളത്തിലെ സഹകരണസംഘങ്ങളെ ഹാക്ക് ചെയ്യുന്നുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നതെന്നു ULCCS ചെയർമാൻ രമേശൻ പാലേരി.

[email protected]

സംസ്ഥാനത്തെ ഒട്ടനവധി സഹകരണസംഘങ്ങളെ ഹാക് ചെയ്യുന്നുണ്ടെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു . ഉത്തരവാദിത്തം ഇല്ലാത്ത രീതിയിലാണ് പല സഹകരണ സംഘങ്ങളും ഇത്തരം കാര്യങ്ങളിൽ പെരുമാറുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. മൂന്നാംവഴി ഓൺലൈന്റെ “സഹകരണ മേഖല സാങ്കേതികരംഗത്ത് പുറകിലോ”എന്ന ക്യാമ്പയിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ രംഗത്ത് മറ്റൊരു അപകടം പതിയിരിക്കുന്നത്,മിക്ക സഹകരണ സംഘങ്ങളിലും കോടിക്കണക്കിന് ഡെപ്പോസിറ്റും ടേണോവറും ആണ് ഉള്ളത്. ഇത് കാലഘട്ടത്തിനനുസരിച്ചു സംഘത്തിന്റെ പുരോഗതിക്ക് ഗുണകരമായ രീതിയിൽ പ്രയോജനപ്പെടുത്താൻ ശേഷിയുള്ളവർ കുറഞ്ഞുവരുന്നു. ഇതും കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. വരുംകാലങ്ങളിൽ സഹകരണമേഖലയിൽ സാങ്കേതികമായി മുന്നേറി, ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നവർക്ക് മാത്രമേ നിലനിൽക്കാനാവൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ടേണോവർ കൂടുന്നതിനനുസരിച്ച് ലോൺ കൊടുക്കൽ മാത്രമല്ല,മറ്റ് ഗുണകരമായ രീതിയിലേക്ക് ബാങ്കിന്റെ പ്രവർത്തനങ്ങളും ഫണ്ടും ഉപയോഗിക്കാൻ പറ്റുന്ന മാനേജ്മെന്റ് വിദഗ്ധർ വേണം. ഇത് ബാങ്കുകളിലും ജോയിന്റ് രജിസ്ട്രാർ ഓഫീസുകളിലും കൊണ്ടുവരണം എന്നാണ് എന്റെ അഭിപ്രായം. സഹകരണ മേഖല ഇന്ന് അതിന്റെ ഉച്ചസ്ഥായിയിലേക്ക് അടുക്കുകയാണ്. അതുകൊണ്ടുതന്നെ സഹകരണ രംഗത്തുള്ളവർക്ക് പരിശീലനം നൽകാൻ സാധിക്കണം. പുതിയ കാലത്തിനനുസരിച്ചുള്ള പരിശീലന കേന്ദ്രങ്ങൾ സംസ്ഥാനത്തില്ല. ഓഡിറ്റിംഗ് ,ഐ.ടി, ടെക്നിക്കൽ, സാമ്പത്തിക രംഗങ്ങളിൽ പ്രഗൽഭരുടെ സേവനം വകുപ്പിനും സൊസൈറ്റികളിലും ലഭ്യമാക്കാൻ സാധിക്കണം.

സഹകരണ സംഘങ്ങളിൽ പണം അധികമുണ്ടെങ്കിലും അത് എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് സംബന്ധിച്ച് ആശയങ്ങൾ പ്രാവർത്തികമാക്കാൻ ശേഷിയുള്ളവർ കുറവാണ്. അതുകൊണ്ടുതന്നെ ഓരോ സംഘത്തിന്റെയും ആവശ്യങ്ങൾക്കനുസരിച്ച് അഡ്വൈസ് നൽകാൻ പറ്റുന്ന രീതിയിലേക്ക് സഹകരണ രംഗം മാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!