‘കേരഗ്രാമ’മാകാന്‍ കണ്ണൂരില്‍ അഞ്ചുപഞ്ചായത്തുകള്‍കൂടി; 4 കോടി സഹായം

[email protected]

നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ ആരംഭിച്ച കേരഗ്രാമം പദ്ധതി കണ്ണൂര്‍ ജില്ലയിലെ നാലു പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലെ എളയാവൂര്‍ കൃഷിഭവനു കീഴിലും നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ നാലുകോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ. പീതാംബര ബാബു പറഞ്ഞു. വേങ്ങാട്, തൃപ്പങ്ങോട്ടൂര്‍, പായം, കാങ്കോല്‍ ആലപടമ്പ എന്നിവയാണ് പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട നാലു പഞ്ചായത്തുകള്‍.

ഒരു പഞ്ചായത്തിന് 75.17 ലക്ഷം രൂപയാണ് കേരഗ്രാമം പദ്ധതിയുടെ ഭാഗമായി അനുവദിച്ചത്. ഇതില്‍ 50.17 ലക്ഷം രൂപ കൃഷി വകുപ്പ് നേരിട്ടും, 25 ലക്ഷം രൂപ സ്‌മോള്‍ ഫാമേഴ്‌സ് അഗ്രിക്കള്‍ച്ചര്‍ ബിസിനസ് കണ്‍സോര്‍ഷ്യം (എസ്.എഫ്.എ.സി) മുഖേനയുമാണ് നല്‍കുക.

പഞ്ചായത്തിലെ കേരസമിതിക്ക് സര്‍വ്വേ നടത്തുന്നതിനും മൂല്യവര്‍ധിത യൂണിറ്റ് സ്ഥാപിക്കുന്നതിനുമായി ഒരു ലക്ഷം രൂപ ലഭിക്കും. ഇടവിള കൃഷിക്കായി ഒരു ഹെക്ടറിന് 6,000 രൂപയും 30 സെന്റ് സ്ഥലം സ്വന്തമായുള്ളവര്‍ക്ക് പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനായി 10,000 രൂപയും ലഭിക്കും. കണിക ജലസേചനത്തിനായി (ഡ്രിപ് ഇറിഗേഷന്‍) ഒരു ഹെക്ടറിന് 25,000 രൂപയും തെങ്ങിന്റെ തടം തുറക്കല്‍, കള നീക്കല്‍, പുതയിടല്‍ എന്നിവയ്ക്കായി ഒരു തെങ്ങിന് 35 രൂപ വീതവും കുമ്മായ പ്രയോഗത്തിനായി ഒമ്പത് രൂപയും, രാസവളത്തിനും ജൈവവളത്തിനുമായി യഥാക്രമം 20, 25 രൂപ വീതവുമാണ് അനുവദിക്കുക.

കീടനാശിനി പ്രയോഗത്തിനായി ഒരു തെങ്ങിന് 10 രൂപയാണ് ലഭിക്കുക. രോഗം വന്നതോ പ്രായാധിക്യമുള്ളതോ ആയ തെങ്ങുകള്‍ മുറിക്കാന്‍ 1,000 രൂപയും പകരം പുതിയ തെങ്ങുകള്‍ വെക്കാന്‍ 60 രൂപയും ലഭിക്കും. തെങ്ങുകയറ്റ യന്ത്രത്തിന് 2,000 രൂപയാണ് അനുവദിക്കുന്നത്. കര്‍ഷകര്‍ 500 രൂപ ഗുണഭോക്തൃ വിഹിതമായി അടക്കണം.

250 ഹെക്ടര്‍ കൃഷി ഭൂമിയുള്ള തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ മൂന്ന് ലക്ഷത്തോളം തെങ്ങുകളുടെ ശാസ്ത്രീയമായ പരിചരണമാണ് കേരഗ്രാമം പദ്ധതിയിലൂടെ നടപ്പാവുകയെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും തെങ്ങുകൃഷിക്ക് പുത്തനുണര്‍വേകാനും പദ്ധതി സഹായകമാകും. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ പദ്ധതിയുടെ ആലോചനയോഗം ചേര്‍ന്നു. സര്‍വ്വേ നടത്തി സ്ഥിതിവിവര കണക്കുകള്‍ ശേഖരിച്ചാണ് പദ്ധതിയുടെ തുടര്‍നടപടികള്‍ കൈക്കൊള്ളുക.

Leave a Reply

Your email address will not be published.