കേന്ദ്രപരിഷ്‌കാരങ്ങളെ ഗൗരവത്തോടെ കാണണം

എഡിറ്റര്‍

സഹകരണമേഖലയില്‍ ഘടനാപരമായ മാറ്റത്തിനടക്കം വഴിയൊരുക്കുന്ന ഗൗരവമുള്ള പരിഷ്‌കാരങ്ങളും പദ്ധതികളുമാണു കേന്ദ്ര സഹകരണ മന്ത്രാലയം തയാറാക്കിയിട്ടുള്ളത്. 41 പദ്ധതികള്‍ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. അതു കേന്ദ്രസര്‍ക്കാരിന്റെ ഭരണനിയന്ത്രണത്തില്‍ മാത്രം ഒതുങ്ങുന്നവയല്ല. സഹകരണം സംസ്ഥാനവിഷയമാണ്. അതിനാല്‍, കേന്ദ്രത്തിന് അതിലൊരു മാറ്റം നിര്‍ദേശിക്കാന്‍ കഴിയില്ല. എന്നാല്‍, കേന്ദ്രത്തിന്റെ അധികാരപരിധിയില്‍ നിന്നുകൊണ്ട് സംസ്ഥാനങ്ങളിലെ സഹകരണമേഖലയില്‍ മാറ്റമുണ്ടാക്കുന്ന പരിഷ്‌കാരങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത് എന്നതാണു പ്രധാനം. സംസ്ഥാനങ്ങളിലെ കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കു പൊതുനിയമാവലി, ഈ സംഘങ്ങളെ ഏകീകൃത സോഫ്റ്റ്‌വെയറിലൂടെ രാജ്യത്താകെ ഒന്നിപ്പിക്കുന്ന പദ്ധതി, സഹകരണസംഘങ്ങളുടെ മുഴുവന്‍ ഡേറ്റയുടെയും അധികാരിയായി കേന്ദ്രസര്‍ക്കാര്‍ മാറുന്ന സഹകരണ ഡേറ്റസെന്റര്‍ എന്നിവയെല്ലാം വെറും കേന്ദ്രപദ്ധതികളായി മാത്രം കാണാവുന്ന ഒന്നല്ല. ഇവ സംസ്ഥാനങ്ങളെയും ബാധിക്കുന്നവയാണ്. ഇതെല്ലാം ഏകപക്ഷീയമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതാണെന്നു കുറ്റപ്പെടുത്താന്‍ കഴിയില്ല. ഈ പദ്ധതിയുടെയെല്ലാം കരടുവ്യവസ്ഥകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സഹകരണ അപക്സ് സ്ഥാപനങ്ങള്‍ക്കും നല്‍കി അഭിപ്രായം ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചാണ് അന്തിമരൂപമുണ്ടാക്കുന്നത്.

കേന്ദ്രപരിഷ്‌കാരങ്ങളെ കേരളം എങ്ങനെയാണു സമീപിക്കുന്നത് എന്നതിന് ഏറെ പ്രാധാന്യമുണ്ട്. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങളെക്കുറിച്ച് കേരളം ഗൗരവമായ ചര്‍ച്ച നടത്തുകയോ തീരുമാനത്തിലെത്തുകയോ ചെയ്തിട്ടില്ല. മാതൃകാ നിയമാവലി സംബന്ധിച്ച് കേരളം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ എന്താണെന്നു സഹകാരികള്‍ക്കുപോലും അറിയില്ല. സഹകരണമേഖലയിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ഒരു സമിതി രൂപവത്കരിച്ചാണു തമിഴ്നാട് ഈ നിയമാവലിയില്‍ അഭിപ്രായം അറിയിച്ചത്. ഗുജറാത്ത്, ആന്ധ്ര സംസ്ഥാനങ്ങളും ഗൗരവത്തോടെ ഭേദഗതി അറിയിച്ച സംസ്ഥാനങ്ങളാണ്. എന്നാല്‍, മാതൃകാ നിയമാവലി പൂര്‍ണരീതിയില്‍ നടപ്പാക്കിയാല്‍ അതു കേരളത്തെയാണു പ്രധാനമായും ബാധിക്കുക. പ്രാഥമിക സഹകരണസംഘങ്ങളുടെ ബാങ്കിങ്പ്രവര്‍ത്തനം കേരള ബാങ്കിന്റെ ബാങ്കിങ് കറസ്പോണ്ടന്റ് എന്ന നിലയില്‍ മാത്രമാകും. ഇതില്‍ കേരള ബാങ്ക് അനുകൂലനിലപാടാണു കേന്ദ്രത്തെ അറിയിച്ചിട്ടുള്ളത്. പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളെ ഒരു പഞ്ചായത്തിന്റെ അടിസ്ഥാന നിര്‍വഹണയൂണിറ്റാക്കി മാറ്റിയാണു കേന്ദ്രത്തിന്റെ എല്ലാ സഹകരണപദ്ധതികളും തയാറാക്കിയിട്ടുള്ളത്. ഡെയറി, ഫിഷറീസ് പദ്ധതികളെല്ലാം കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് അപേക്ഷിക്കുന്ന വിധത്തിലാണ് തയാറാക്കിയിട്ടുള്ളത്. കേരളത്തില്‍ ഡെയറി, ഫിഷറീസ്‌സംഘങ്ങള്‍ പ്രത്യേകമായി പ്രവര്‍ത്തിക്കുന്നതും മറ്റൊരു വകുപ്പിനു കീഴിലുമാണ്. ഈ സാങ്കേതികപ്രശ്നത്തില്‍ കുരുങ്ങി കോടികളുടെ കേന്ദ്രപദ്ധതികള്‍ കേരളത്തിനു നഷ്ടമാകുന്ന സ്ഥിതിയാണ്. ഇതില്‍പ്പോലും കേരളം ഒരഭിപ്രായം കേന്ദ്രത്തെ അറിയിച്ചിട്ടില്ല. ആവശ്യമായ ഘട്ടത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താതെ, ഒടുവില്‍ എല്ലാം നടപ്പാകുമ്പോള്‍ മുദ്രാവാക്യവുമായി രംഗത്തിറങ്ങിയിട്ടു കാര്യമില്ല. ആദായനികുതിനിയമത്തില്‍ 194 (എന്‍) കൊണ്ടുവന്നപ്പോള്‍ അതു പ്രാഥമിക സഹകരണ ബാങ്കുകളെ ബാധിക്കില്ലെന്നു വാദിച്ചവര്‍ ഏറെയുണ്ടായിരുന്നു. ആ വാദമാണ് ഇതില്‍നിന്ന് ഇളവ് ലഭിക്കാനുള്ള സര്‍ക്കാര്‍നടപടി വൈകിപ്പിച്ചത്. അതു കാരണമാണ് ഒടുവില്‍ സംഘങ്ങള്‍ക്കു കോടതി കയറേണ്ടിവന്നത്. അതിനാല്‍, കേന്ദ്രപദ്ധതികളെ ഗൗരവത്തോടെ കാണുകയും ചര്‍ച്ചയുണ്ടാവുകയും അതിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായം രൂപപ്പെടുത്തുകയും വേണം.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News