കുടിയേറ്റക്കാര്‍ കറന്നെടുത്ത വിജയം
യു.പി. അബ്ദുള്‍ മജീദ്
ആധുനികവല്‍ക്കരണത്തിലും വിവര സാങ്കേതികവിദ്യ ക്ഷീരമേഖലയില്‍ പ്രയോജനപ്പെടുത്തുന്നതിലും കേരളത്തിന് മാതൃകയായി മാറിയ കോഴിക്കോട് മൈക്കാവ് ക്ഷീരോല്‍പ്പാദക സഹകരണസംഘം നിത്യേന 40 യൂണിറ്റ് വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കുന്നു. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് നേടിയ മൈക്കാവ് ക്ഷീരസംഘത്തിന് ഇനിയുമേറെ നേട്ടങ്ങളുടെ കഥ പറയാനുണ്ട്.
കാലി വളര്‍ത്തി കുടുംബം പുലര്‍ത്തുന്നവരുടെ കണക്കുപുസ്തകത്തിലെ നീക്കിയിരിപ്പ് എക്കാലത്തും കണ്ണീരും കഷ്ടപ്പാടുമാണ്. നാഴൂരിപ്പാല് തരുന്ന നാടന്‍പശുക്കള്‍ക്ക് പകരം ഇരുപതും മുപ്പതും ലിറ്റര്‍ കറവയുള്ള സങ്കരയിനം വ്യാപകമായിട്ടും ക്ഷീരകര്‍ഷകര്‍ക്ക് നിവര്‍ന്നു നില്‍ക്കാനാവുന്നില്ല. ക്ഷീരവികസന പദ്ധതികളുടെ പേരില്‍ സര്‍ക്കാര്‍ കോടികള്‍ ഒഴുക്കുമ്പോള്‍ ഗ്രാമങ്ങളിലെ ക്ഷീരോല്‍പ്പാദക സംഘങ്ങളില്‍ ഭൂരിപക്ഷവും പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നവയാണ്. പ്രതിസന്ധിയിലായ ക്ഷീരമേഖലക്ക ്പ്രതീക്ഷ നല്‍കുന്ന ഒരു സ്ഥാപനമിതാ കോഴിക്കോടിന് കിഴക്ക് കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ മൈക്കാവ ്ഗ്രാമത്തില്‍. സഹകരണ മേഖലയിലെ ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നായ, കോഴിക്കോട് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഡോ.വര്‍ഗീസ്്കുര്യന്‍ അവാര്‍ഡ് ഇത്തവണ മൈക്കാവ് ക്ഷീരോല്‍പാദക സഹകരണസംഘത്തെയാണ് തേടിയെത്തിയത്. രാജ്യത്ത് ധവളവിപ്ലവത്തിന് നേതൃത്വം നല്‍കിയ കോഴിക്കോട്ടുകാരനായ ഡോ.വര്‍ഗീസ്‌കുര്യന്‍ കാണിച്ച വഴിയില്‍ വളരെ നേരത്തേ ഓടിയെത്തിയ മൈക്കാവ് ക്ഷീരസംഘം ആധുനികവല്‍ക്കരണത്തിലും വിവര സാങ്കേതികവിദ്യ ക്ഷീരമേഖലയില്‍ പ്രയോജനപ്പെടുത്തുന്നതിലും സംസ്ഥാനത്തിന് മാതൃകയായിക്കഴിഞ്ഞു. നാട്ടുമ്പുറത്തെ ഒരു പാല്‍സൊസൈറ്റി 40 യൂണിറ്റ് വൈദ്യുതി നിത്യേന ഉല്‍പാദിപ്പിക്കുന്നതും ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍, ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക്, ബാങ്കിങ് ഫെസിലിറ്റേറ്റര്‍, ആധുനിക ലബോറട്ടറി, ഹൈജിനിക് മില്‍ക്ക് കളക്ഷന്‍ റൂം തുടങ്ങിയ സൗകര്യങ്ങളൊക്കെ ഒരുക്കുന്നതും വനിതാ ക്ഷേമസംഘം രൂപവല്‍ക്കരിച്ച് ലക്ഷങ്ങളുടെ നിക്ഷേപം സമാഹരിച്ച് സ്ത്രീ ശാക്തീകരണത്തിന്റെ പുതിയവഴി തേടുന്നതും കേരളത്തിലെ ക്ഷീരസംഘങ്ങള്‍ക്ക് അതിജീവനത്തിനുള്ള ചൂണ്ടുപലകയാണ്.
കുടിയേറ്റക്കാരുടെ ക്ഷീരസംഘം
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിര്‍മിച്ച താമരശ്ശേരി അരീക്കോട് റോഡില്‍ കൂടത്തായി ഭാഗത്ത് 1942-ലാണ് തെക്കന്‍ കേരളത്തില്‍നിന്നുള്ള കുടിയേറ്റക്കാര്‍ എത്തിയത്. ഇവിടെ പള്ളിയും സ്‌കൂളുമൊക്കെ തുടങ്ങിയ അവര്‍ നാട്ടിലെ വികസന പ്രവര്‍ത്തനങ്ങളിലും പങ്കാളികളായി. കൂടത്തായി സെന്റ്‌മേരീസ് പള്ളിവികാരിയായിരുന്ന ഫാ.അന്തോണിയോസ് മുന്‍കൈ എടുത്താണ് 1960-ല്‍ ക്ഷീരസംഘം റജിസ്റ്റര്‍ ചെയ്തത്. 25 കര്‍ഷകരില്‍നിന്ന് 100 ലിറ്റര്‍ പാല്‍ സംഭരിച്ച ്തുടക്കം കുറിച്ച സംഘത്തിന്റെ ആദ്യ അംഗവും പ്രസിഡന്റും ഫാ.അന്തോണിയോസ ്തന്നെയായിരുന്നു.സ്വന്തമായി 20 സെന്റ് സ്ഥലം വാങ്ങി ഷെഡ്ഡ് കെട്ടിയതോടെ സംഘത്തിന് ആസ്ഥാനമായി. കര്‍ഷകര്‍ രണ്ട് നേരം പശുക്കളെ ഷഡ്ഡിലെത്തിച്ച് കറന്നെടുക്കുന്ന രീതിയിലായിരുന്നു അന്നത്തെ പാല്‍ സംഭരണം. ഈ പാല്‍ പാത്രത്തില്‍ നിറച്ച് തലച്ചുമടായി കൂടത്തായി പുഴ കടന്ന് താമരശ്ശേരിയിലെത്തിച്ചാണ ്‌കോഴിക്കോട്ടേക്കുള്ള പാല്‍വണ്ടിയില്‍ കയറ്റിയിരുന്നത്. 70-കളില്‍ സംഘത്തിന്റെ പ്രവര്‍ത്തനം മൈക്കാവിലേക്ക് കേന്ദ്രീകരിച്ചു. മൈക്കാവ് അങ്ങാടിയില്‍ ഏഴു സെന്റ് സ്ഥലം വാങ്ങി 1978 ല്‍ ഓഫീസ്‌കെട്ടിടം നിര്‍മിച്ചു. അംഗങ്ങളുടെ എണ്ണം കൂടിയതോടെ പ്രതിദിന സംഭരണം 350 ലിറ്ററായി.
മില്‍മയുമായി സഹകരണം
1988 ല്‍ മില്‍മയുമായി സഹകരിച്ച് ആപ്‌കോസ് സംഘമായി മാറി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മുന്തിയ ഇനം പശുക്കളെ കൊണ്ടുവന്ന് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. 1992-ല്‍ ഉല്‍പാദനം 600 ലിറ്ററായി. നാടന്‍പശുക്കളില്‍ നല്ലയിനം ബീജം കുത്തിവെച്ച് ഗുണമേന്മ വര്‍ദ്ധിപ്പിക്കാനും മൈക്കാവ് സംഘം മുന്നിട്ടിറങ്ങി. കാലിത്തീറ്റയും ധാതു മിശ്രിതവും ചികിത്സയുമൊക്കെ കൃത്യമായി ലഭ്യമാക്കാന്‍ നടപടിയെടുത്തത് കൂടുതല്‍ പേരെ ഈ രംഗത്തേക്ക് ആകര്‍ഷിച്ചു. 2000-ല്‍ 1120 ലിറ്റര്‍ പാല്‍ നിത്യേന സംഭരിക്കാനായി. ജനകീയാസൂത്രണ പദ്ധതി വഴി ക്ഷീരോല്‍പാദന രംഗത്തുണ്ടായ ഉണര്‍വ് സംഘത്തിനു തുണയായി. ക്ഷീര വികസന വകുപ്പും മില്‍മയും നടപ്പാക്കിയ പദ്ധതികള്‍ മൈക്കാവ് പ്രദേശത്ത് ക്ഷീര കര്‍ഷകരിലെത്തിക്കാന്‍ സംഘത്തിന് കഴിഞ്ഞു. 2010-ല്‍ ഉല്‍പാദനം 2100 ലിറ്ററിലേക്ക് ഉയര്‍ത്തി.
ബള്‍ക്ക് മില്‍ക്ക് കൂളര്‍
പ്രാഥമിക ക്ഷീര സംഘങ്ങളുടെ സ്വപ്‌നമായ ബള്‍ക്ക് മില്‍ക്ക് കൂളര്‍ ( ബി.എം.സി) 3000 ലിറ്റര്‍ ശേഷിയോടെ 2010ല്‍ത്തന്നെ സ്ഥാപിക്കാനായതാണ് മൈക്കാവ് സംഘത്തിന്റെ വളര്‍ച്ചക്ക് വേഗം കൂട്ടിയത്. 2019 ല്‍ ബി.എം.സി. യുടെ ശേഷിക്ക് സമാനമായ അളവില്‍ പാല്‍ സംഭരിക്കാനാവുന്നു എന്നത് സംഘത്തിന ്അഭിമാനനേട്ടമായി. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പാല്‍ പാക്കറ്റിലാക്കി പ്രാദേശികമായി വിപണനം നടത്തിയും സംഘം മാതൃക കാണിക്കുന്നു. പാക്കറ്റ് പാലിന്റെ ഗുണമേന്മയെപ്പറ്റി ആശങ്കകള്‍ ഉയരുമ്പോള്‍ നാട്ടിലെ പശുക്കളുടെ പാല്‍ കറന്നെടുത്ത ഉടനെ പാക്കറ്റുകളില്‍ നിറച്ച് വിതരണം ചെയ്ത് ഉപഭോക്താക്കളുടെ വിശ്വാസ്യത നേടാന്‍ സംഘത്തിന് കഴിഞ്ഞു. പാക്കറ്റ് തൈരും സംഘം വിപണിയിലിറക്കിയിട്ടുണ്ട്. ഒരു ലിറ്റര്‍ പാലിന ്അഞ്ചൂ രൂപ വരെ അധിക വില ലഭിക്കാനും അത് കര്‍ഷകര്‍ക്ക് കൈമാറാനും പ്രാദേശിക വിപണി സഹായിക്കുന്നുണ്ട്.
അറിവിന്റെ പുതിയ ലോകം
ക്ഷീരോല്‍പാദന രംഗത്ത് കര്‍ഷകര്‍ക്ക് പുത്തന്‍ അറിവുകള്‍ നേടുന്നതിന് സംഘം ഓഫീസില്‍ സ്ഥാപിച്ച ഫാര്‍മേഴ്‌സ് ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക് ഉപയോഗപ്പെടുത്തുന്നവര്‍ ഏറെയാണ്. കാലികളുടെ ഇനം, വില, സംരക്ഷണം, രോഗങ്ങള്‍, ചികിത്സ, പാലിന്റെ ഗുണമേന്മ, വിപണി, ഉല്‍പ്പന്നങ്ങള്‍ തുടങ്ങി കര്‍ഷകര്‍ക്ക് അറിയേണ്ടതെല്ലാം കിയോസ്‌കില്‍ വിരലമര്‍ത്തിയാല്‍ തെളിഞ്ഞുവരും. ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റും സംഘം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. യോഗങ്ങളും ചര്‍ച്ചകളും സെമിനാറുകളുമൊക്കെ സെന്ററില്‍ നടക്കുന്നു. പാലിന്റെ ഗുണമേന്മ ഉറപ്പു വരുത്താന്‍ ആധുനിക ലബോറട്ടറി സൗകര്യം സംഘം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിവസവും പാല്‍ ലാബില്‍ പരിശോധനക്ക് വിധേയമാക്കുന്നതിനാല്‍ കര്‍ഷകര്‍ ഉല്‍പാദനത്തില്‍ വളരെ ജാഗ്രത പുലര്‍ത്തുന്നു. സാധാരണ പാല്‍ കറന്നെടുത്ത ശേഷം ഒന്നോ രണ്ടോ മണിക്കൂറിനകം കേടാവുമ്പോള്‍ നാലേ മുക്കാല്‍ മണിക്കൂര്‍ വരെ കേടാവാത്ത പാല്‍ മൈക്കാവ് സംഘത്തിന് കീഴിലുള്ള കര്‍ഷകര്‍ ലഭ്യമാക്കുന്നുണ്ട്. പാല്‍ ഉല്‍പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും പരമാവധി ശുചിത്വം ഉറപ്പു വരുത്തിയാല്‍ മാത്രമേ ഗുണമേന്മ ടെസ്റ്റില്‍ നിലവാരം നിലനിര്‍ത്താനാവൂ. കര്‍ഷകര്‍ നേരിട്ട് ലാബില്‍ വന്ന് പാലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സൗകര്യമുണ്ട്. മുന്തിയ പാല്‍ നല്‍കുന്ന 30 പേര്‍ക്ക് വര്‍ഷം തോറും ക്യാഷ് അവാര്‍ഡ് സംഘം നല്‍കുന്നുണ്ട്. ഏഴ ്‌കേന്ദ്രങ്ങളില്‍ നിന്ന് സംഭരിക്കുന്ന പാല്‍ അളന്നെടുക്കാന്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ പരാതികള്‍ ഒഴിവാക്കാന്‍ കഴിയുന്നു. 2017 ല്‍ സംഘത്തിന് ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.
വൈദ്യൂതി ഉല്‍പാദനം
മില്‍ക്ക് കൂളര്‍ പ്രവര്‍ത്തിക്കുന്നതു കാരണം സംഘത്തിന്റെ വൈദ്യൂതിബില്‍ പ്രതിമാസം 35000 രൂപ വരെ എത്തിയപ്പോഴാണ് ബദല്‍ മാര്‍ഗങ്ങളെപ്പറ്റി ചിന്തിച്ചുതുടങ്ങിയത് . 6.75 ലക്ഷം രൂപ ചെലവില്‍ 10 കെ.വി. ശേഷിയില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചാണ് സംഘം വൈദ്യുതിച്ചെലവ് കുറച്ചത്. സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള ചെലവിന്റെ 60 ശതമാനം ക്ഷീര വികസന വകുപ്പിന്റെ സഹായമായിക്കിട്ടി. പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി. ക്ക് നല്‍കുകയും ഉപഭോഗം കഴിച്ചുള്ള വൈദ്യുതിക്ക് സംഘത്തിന് പണം ലഭിക്കുകയും ചെയ്യും.
ബാങ്കിങ് ഫെസിലിറ്റേറ്റര്‍
കോഴിക്കോട് ജില്ല സഹകരണ ബാങ്ക് നടപ്പാക്കിയ ബാങ്കിങ് ഫെസിലിറേറ്റര്‍ പദ്ധതിയില്‍ ക്ഷീര സംഘങ്ങള്‍ക്ക് അനുവദിച്ച മൈക്രോ എ. ടി.എം. ആദ്യമായി ലഭിച്ചത് മൈക്കാവ് സംഘത്തിനാണ്. കെ.ഡി.സി. ബാങ്കില്‍ എക്കൗണ്ട് ആരംഭിക്കല്‍, പണമിടപാട് നടത്തല്‍ തുടങ്ങിയവ മൈക്രോ എ.ടി.എം. മുഖേന ചെയ്യാന്‍ കഴിയുന്നതിനാല്‍ സംഘം അംഗങ്ങള്‍ക്ക് മറ്റു ബാങ്കുകള്‍ തേടിപ്പോവേണ്ടതില്ല.
സംഘത്തിന്റെ വെബ്‌സൈറ്റ് കഴിഞ്ഞ വര്‍ഷമാണ് തുടങ്ങിയത്.
കാലിത്തീറ്റ വിപണനം
സംഘത്തിന്റെ ആരംഭകാലത്ത് കര്‍ഷകര്‍ കാലികള്‍ക്ക് പച്ചപ്പുല്ലും കാടിവെള്ളവുമാണ് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ കാലിത്തീറ്റവിതരണം സംഘത്തിന്റെ പ്രധാന ചുമതലായി മാറിക്കഴിഞ്ഞു. 2018-19 വര്‍ഷത്തില്‍ 1. 31 കോടി രൂപയുടെ കാലിത്തീറ്റയാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. ഇതിന്റെ കമ്മീഷന്‍ ഇനത്തില്‍ എട്ടു ലക്ഷം രൂപയാണ് സംഘത്തിന് ലഭിച്ചത്. ഇതിനു പുറമെ ധാധു ലവണങ്ങളും മിശ്രിതങ്ങളും 10 ശതമാനം വിലക്കുറവില്‍ സംഘം വില്‍പ്പന നടത്തുന്നു. കാലിത്തീറ്റ സൂക്ഷിക്കാന്‍ ഗോഡൗണ്‍ സൗകര്യമുണ്ട്.
വനിതാ കൂട്ടായ്മ
നാഷണല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റേയും മില്‍മയുടേയും സഹകരണത്തോടെ മൈക്കാവ് സംഘം ആരംഭിച്ച ക്ഷീരോല്‍പാദക വനിത ക്ഷേമ സംഘത്തില്‍ 12 ഗ്രൂപ്പുകളിലായി 242 അംഗങ്ങളുണ്ട്. 60 ലക്ഷം രൂപയാണ് ഇവര്‍ നിക്ഷേപമായി സമാഹരിച്ചത്. അംഗങ്ങള്‍ക്ക് കാലികളെ വാങ്ങാനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കും വായ്പ നല്‍കുന്നുണ്ട്. മേഖലാ യൂണിയനില്‍ നിന്ന് ക്ഷേമ സംഘത്തിന്റ റിവോള്‍വിങ് ഫണ്ട് ലഭിക്കുന്നുണ്ട്.
ക്ഷേമപ്രവര്‍ത്തനങ്ങള്‍
ക്ഷീര കര്‍ഷക ക്ഷേമനിധിയില്‍ 714 കര്‍ഷകരെ അംഗങ്ങളാക്കാന്‍ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. സംഘത്തിന്റെ കീഴിലുള്ള 60 വയസ് ്കഴിഞ്ഞ 313 ക്ഷീര കര്‍ഷകര്‍ സര്‍ക്കാറിന്റെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ത്രിതല പഞ്ചായത്തുകള്‍ വികേന്ദ്രീകൃതാസൂത്രണ പദ്ധതിയില്‍പ്പെടുത്തി ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഉല്‍പാദനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സെന്റീവ് നല്‍കുന്നതും മൈക്കാവ് സംഘത്തിന് ആശ്വാസമാണ്. അംഗങ്ങള്‍ക്ക് മെഡിക്ലയിമും അപകട മരണത്തിനുള്ള ഇന്‍ഷൂറന്‍സ് പദ്ധതികളുമുണ്ട്. കന്നുകുട്ടി പരിപാലന പദ്ധതിയും കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നു.
സംഘത്തില്‍ നാല് സ്ഥിരം ജീവനക്കാരും ഏഴ് കരാര്‍ ജീവനക്കാരുമുണ്ട്. സ്വന്തമായി വാഹനമുണ്ട്.
സംഘത്തിന്റെ കീഴിലുള്ള സ്‌കൂള്‍ മാര്‍ക്കറ്റ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും കുറഞ്ഞ വിലക്ക് പഠനോപകരണങ്ങള്‍. വാങ്ങാന്‍ സഹായകരമാണ്. വിദ്യാര്‍ഥികര്‍ക്ക് സ്‌കോളര്‍ഷിപ്പും അംഗങ്ങള്‍ക്ക് പഠന യാത്രയുമൊക്കെ വര്‍ഷം തോറും ഏര്‍പ്പെടുത്തുന്നുണ്ട്. സംഘത്തിന്റെ ലാഭത്തില്‍നിന്ന് 12 .76 ലക്ഷം രൂപ കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ക്ക് അധികവിലയായി വീതിച്ചുനല്‍കിയിട്ടുണ്ട്.
സംഘത്തിന്റെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പൊതുയോഗത്തില്‍ വിശദമായ ചര്‍ച്ചക്ക് വിധേയമാക്കുന്നു. 90 ശതമാനം അംഗങ്ങളും സംഘം പൊതുയോഗത്തില്‍ പങ്കെടുക്കാറുണ്ട്. നഷ്ടങ്ങളുടെ കണക്ക് പറഞ്ഞ് കര്‍ഷകര്‍ ക്ഷീരമേഖല വിടുമ്പോള്‍ അവരെ പിടിച്ചുനിര്‍ത്താനും പ്രോത്സാഹനവും ആനുകൂല്യങ്ങളും നല്‍കി ഉല്‍പാദനരംഗത്ത് സജീവമാവാനും പ്രേരിപ്പിക്കുന്ന മൈക്കാവ് ക്ഷീരസംഘം പുതിയ തലമുറയെ ഈരംഗത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്.ഇതിന്റെ ഭാഗമാണ് ഡെയറിഫാം സപ്പോര്‍ട്ട ്പദ്ധതികള്‍. ഈ ഓണത്തിന് 40,000 രൂപ വരെബോണസ് വാ ങ്ങിയ ക്ഷീരകര്‍ഷകര്‍ മൈക്കാവ ്‌സംഘത്തിന് കീഴിലുണ്ട്. സംഘത്തിന ്കിട്ടുന്ന ലാഭം പൂര്‍ണമായി കര്‍ഷകരിലെത്തിച്ച് അവരെ സംതൃപ്തരാക്കുക എന്നതാണ് സംഘത്തിന്റെ നയം.
അതേസമയം, കാലികളുടെ ഇന്‍ഷൂറന്‍സ് രീതിയില്‍ സര്‍ക്കാര്‍ ഈയിടെ വരുത്തിയ മാറ്റം ഈ മേഖലക്ക് വന്‍ തിരിച്ചടിയാണെന്ന് സംഘം പ്രസിഡന്റ് പറഞ്ഞു. 170 രൂപ ചെലവില്‍ നടത്തിയിരുന്ന ഇന്‍ഷൂറന്‍സിന് ഇപ്പോള്‍ 3000 വരെ മുടക്കണം. അതിനാല്‍ കാലികളെ ഇന്‍ഷൂര്‍ ചെയ്യുന്ന പതിവ് ക്ഷീര കര്‍ഷകര്‍ നിര്‍ത്തലാക്കി. പാലിന്റെ വിലക്കുറവ്, കാലിത്തീറ്റ, പുല്ല് തുടങ്ങിയവയുടെ വിലവര്‍ദ്ധന തുടങ്ങിയ പ്രതിസന്ധികളെ നേരിടുന്നതിനിടയില്‍ ഇന്‍ഷൂറന്‍സ ്‌പോലുള്ള പ്രശ്‌നങ്ങള്‍ സംഘങ്ങളെ പ്രതികൂലമായി ബാധിക്കും. വി.കെ. ജോസ് സംഘത്തിന്റെ പ്രസിഡന്റും സി.ജെ. പൗലോസ് സെക്രട്ടറിയുമാണ്. സി.കെ. ശശികുമാര്‍ , കെ.എം. മാണി, എം.എം. തമ്പി ,വി .എസ്. ഏലിയാസ്, കെ.ടി. ഗോപാലന്‍, റൂബിതമ്പി , ലിസി ഏലിയാസ്, രമ സുരേഷ് എന്നിവര്‍ ഡയരക്ടര്‍മാരാണ്.
അവാര്‍ഡുകളുടെ തിളക്കം
ഒരു ലക്ഷം രൂപയുടെ ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് മൈക്കാവ് ക്ഷീരസംഘത്തിന് നാളിതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ അംഗീകാരമാണെന്നു പ്രസിഡന്റ് വി.കെ.ജോസ് പറഞ്ഞു. ഏറ്റവും ഗുണനിലവാരമുള്ള പാല്‍ സംഭരിച്ചതിന് ക്ഷീര വികസന വകുപ്പിന്റെ അവാര്‍ഡ് 2015-16 ലും 2017-18 ലും സംഘത്തിന് ലഭിക്കുകയുണ്ടായി. മികച്ച ക്ഷീര സംഘത്തിനുള്ള വകുപ്പിന്റെ അവാര്‍ഡ് 2010-11 ലും 2015-16 ലും ലഭിച്ചിട്ടുണ്ട്. മില്‍മയുടെ മികച്ച ആപ്‌കോസ് സംഘത്തിനുള്ള അവാര്‍ഡ് ലഭിച്ച മൈക്കാവ ്‌സംഘം ജില്ലാ സഹകരണ ബാങ്ക്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, കേരളഫീഡ്‌സ് , കാരശ്ശേരി ബാങ്ക് തുടങ്ങിയവ ഏര്‍പ്പെടുത്തിയ അവാര്‍ഡുകളും നേടിയിട്ടുണ്ട്.